Saturday, 24 December 2011

നന്മയുടെ സന്ദേശം

                     
                    ലോകത്തിനു സ്നേഹത്തിന്റെയും സഹോദര്യത്തിന്റെയും വലിയ സന്ദേശം നല്‍ക്കി ഒന്നാം നൂറ്റാണ്ടില്‍ ജീവിച്ച മഹാനായ മനുഷ്യസ്നേഹി. ഒരു സാധാരണ ജൂദകുടുംബത്തെ പിറവിക്കു തിരഞ്ഞെടുത്തു കൊണ്ട്, വെറുമൊരു കാലിതൊഴുത്തില്‍ പിറക്കുകയും സാധാരണക്കാരില്‍ സാധാരക്കാരന്‍ ആയി വളര്‍ന്നവന്‍...., ദൈവമേ എന്നോട് കരുണ ചെയ്യണമേ എന്ന് പറയാന്‍ മാത്രം ശീലിച്ച മനുഷ്യനെ പരസ്പരം കരുണ കാണിക്കാന്‍ പഠിപ്പിച്ചവന്‍.., ദൈവമേ എന്നോട് ക്ഷെമിക്കണേ എന്ന് പറഞ്ഞു പഠിച്ച മനുഷ്യനെ പരസ്പരം ക്ഷെമിക്കാന്‍ പഠിപ്പിച്ചവന്‍., അങ്ങനെ ദൈവീകമെന്നു മനുഷ്യന്‍ കരുതിയ പലതും നമുക്കും സാധ്യമെന്ന് ലോകത്തെ പഠിപ്പിച്ചവന്‍..
             
                        അവന്‍ ഒരു സാധാരണക്കാരന്‍ ആയിരുന്നു.ആശാരിയായ ജോസെഫിന്റെ മകന്‍ മുക്കുവരെയും ചുങ്കകാരെയും ശിഷ്യന്മാരായി തിരഞ്ഞെടുത്തവന്‍, സമൂഹം പ്രഷ്ടു കല്‍പ്പിച്ച വേശ്യസ്ത്രീയെ കല്ലേറ്കൊണ്ടുള്ള പീഡാമരണത്തില്‍ നിന്നും രക്ഷിച്ചവന്‍ അങ്ങനെ ശെരിക്കൊപ്പം നെഞ്ചുവിരിച്ചു നിന്ന് പോരുതിയവന്‍ ...ഇന്ന് നമ്മള്‍ മതമെന്നും വിശ്വാസമെന്നും  പറഞ്ഞു കൊട്ടിഘോഴിക്കുന്ന, പണക്കൊഴുപ്പില്‍ തിമിര്‍പ്പ് കാണിക്കുന്ന ഒരു വിശ്വാസ പ്രമാണങ്ങളുടെയും പിന്തുണയില്ലാതെ  അവയിലെ കൊള്ളരുതായിമക്കെതിരെ ചാട്ടവാര്‍ എടുത്ത ആദ്യവിപ്ലവകാരി...നമുക്കും അതിനു കഴിയുമെന്ന സന്ദേശം പറയാതെ പറഞ്ഞ മനുഷ്യപുത്രന്‍...........
       
                കുരുടന് കാഴ്ച കൊടുക്കുവാനോ മുടന്തനെ നടത്താനോ കുഷ്ഠ രോഗിയെ സുഖപ്പെടുത്തുവാനോ  മുടന്തനെ നടത്തുവനോ നമുക്ക് കഴിയില്ലായിരിക്കാം, ലാസറിന്റെ മരണം കൊണ്ട് അനാഥമായ കുടുംബത്തിനു അവന്റെ മരണത്തില്‍ നിന്നുള്ള തിരിച്ചു വരവ് കൊണ്ട് ആശ്വാസം കൊടുത്തത് പോലെ ചെയ്യുവാനും നമുക്ക് കഴിയില്ല...എന്നാല്‍ ഇവരോടെല്ലാം കരുണയും സ്നേഹവും കാണിക്കുക എന്നാ ഒരു വലിയ കാര്യം ചെയ്യാന്‍ നമുക്ക് കഴിയും...അത്ഭുത പ്രവര്‍ത്തികളെ മാറ്റി നിര്‍ത്തിയാല്‍ ജീവിതം കൊണ്ട് ക്രിസ്തു നല്‍കുന്ന സന്ദേശവും അത് തന്നെയാണ്.                                                       


                                                 ~എല്ലാവര്‍ക്കും നന്മ വരട്ടെ~
             

Wednesday, 7 December 2011

ബെന്‍സ് കാറില്‍ വരുന്ന ദൈവം!!!                 ഒരു വര്‍ഷത്തോളം അമൃത ആശുപത്രിയില്‍ ജോലി ചെയ്ത ആളാണ് ഞാന്‍. കഴിഞ്ഞ രണ്ടു ദിവസമായ അമൃതയില്‍ നടക്കുന്ന സമരം ഉള്ളത് പറഞ്ഞാല്‍ ഞാന്‍ ഏറ്റവും സ്വപനം കണ്ട ഒന്നാണ്... ഈ സമരവുമായി മുന്നോട്ടു വന്ന പ്രിയ സുഹൃത്തുക്കള്‍ക്ക് അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുന്നു. കേവലം ശമ്പളവര്‍ധനയില്‍ ഉപരി അവിടെന്നിന്നും ഉയരുന്നത് കാലങ്ങളായി അവിടെ ജോലി ചെയ്യുന്ന നഴ്സുമാര്‍ നേരിടുന്ന മാനസിക പീഡനങ്ങല്‍ക്കെതിരെയുള്ള ഒരു പ്രതിഷേധമാണ്... മനസ്സില്‍ ആണ്ടു കൂടിയ പ്രതിഷേധത്തിന്റെ പ്രതിഫലനം. ഞങ്ങളും മനുഷ്യരാണെന്നും ഞങ്ങള്‍ക്കും ജീവിക്കാനുള്ള അവകാശമുണ്ടെന്നുമുള്ള ഒരു ഓര്‍മപ്പെടുത്തല്‍.    
               
             അമൃത ആശുപത്രി അധികൃതരുടെ ഭാഗത്ത്‌ നിന്നും ഉണ്ടായ പ്രകോപനപരമായ ഒരു നടപടിയാണ് ഇപ്പോള്‍ പ്രത്യക്ഷ സമരത്തിലേക്ക് നയിച്ചത്. കഴിഞ്ഞ മാസം U.N.A എന്നൊരു സംഘടന അമൃതയില്‍ അവരുടെ യൂനിറ്റ് തുടങ്ങി ശമ്പള വര്‍ധനയും അനുബന്ധ ആവശ്യങ്ങളും ഉന്നയിച്ചു കഴിഞ്ഞ ദിവസം ഭാരവാഹികള്‍ സമരത്തിനു നോട്ടിസ് കൊടുത്തു, എന്നാല്‍ നോട്ടിസ് കൊടുത്തവരെ ജോലിയില്‍ നിന്നും പിരിച്ചു വിട്ടുകൊണ്ടാണ് മാനേജുമെന്റ്റ് അതിനോട് പ്രതികരിച്ചത്. ഈ തിരുമാനം പിന്‍വലിക്കണം എന്ന് ആവശ്യപ്പെട്ട U.N.A സംസ്ഥാന നേതാക്കളെ ചര്‍ച്ചക്ക് വിളിച്ചു വരുത്തിയിട്ട് കാണിച്ച  പോക്രിത്തരത്തിനുള്ള പ്രതിഫലമാണ് ഇപ്പോള്‍ അമൃത ആശുപത്രി അനുഭിക്കുന്നത്. ഇരുപതോളം ആളുകള്‍ ആ ചെറുപ്പക്കാരെ തല്ലിചതച്ചു,  തലക്കും കാലിനും ദേഹമാസകലവും പരിക്ക് പറ്റി അവര്‍ ഇപ്പോള്‍ ചികിത്സയിലാണ്. ഇത്തരം ക്രിമിനലുകളെ ഒരു ആശുപത്രിക്കുള്ളില്‍ എന്തിനാണ് വച്ചുപോറിപ്പിക്കുന്നത് എന്ന് മാനേ ജുമെന്റ്റ് വ്യക്തമാക്കണം, അതോടൊപ്പം ഈ ആക്രമണത്തിനു നേതൃത്വം കൊടുത്തവരെയും അതിനു നിര്‍ദേശം കൊടുതവരെയും, അത് ഏതു കൊമ്പത്തെ സ്വാമി ആയാലും നിയമത്തിനു മുന്നില്‍ കൊണ്ട് വരാന്‍ സര്‍ക്കാര്‍ ഇടപെടണം. വിളിച്ചു വരുത്തി ആക്രമിക്കുന്ന മൂന്നാം തരം തെരുവ് ഗുണ്ടകളുടെ സ്ഥിതിയിലേക്ക് അമൃത മാനേജുമെന്റ്റ് തരംതാഴാന്‍ പാടില്ലായിരുന്നു. പിന്നെ 'ചാണകകുഴിയില്‍ നിന്നും ശര്‍ക്കരപാനി പ്രതിഷിക്കാന്‍ കഴിയില്ലലോ..!' അത് കൊണ്ട് അതിനെ കുറിച്ച് ഞാന്‍ കൂടുതല്‍ ഒന്നും പറയുന്നില്ല.
     
                  മൂന്നര മുതല്‍ നാലു ലക്ഷം രൂപ വരെ ചിലവാക്കി മൂന്ന് നാലു വര്‍ഷം കുത്തിയിരുന്നു പഠിച്ചുഒരു ഡിഗ്രിയോ ഡിപ്ലോമയോ നേടി ജോലിയില്‍ പ്രവേശിക്കുമ്പോള്‍ ലഭിക്കുന്നത് 3000 അല്ലെങ്കില്‍ 4000 രൂപ. പലരും ലോണ്‍ എടുത്താണ് പഠിക്കുന്നത് അത് തിരിച്ചടക്കാന്‍ ഉള്ളത് പോലും ജോലിയില്‍ നിന്നും ലഭിക്കുന്നില്ലെങ്കില്‍ ആ ജോലികൊണ്ട് എന്ത് കാര്യം? അതിലെല്ലാം ഉപരിയായി ഒരു ജോലി ചെയ്യുമ്പോള്‍ നമുക്ക് ഒരു ജോബ്‌ സാറ്റിസ്ഫാക്ഷന്‍ ഉണ്ടാകണം, എന്‍റെ അനുഭവത്തില്‍ ഒരു വര്‍ഷത്തെ എന്‍റെ ജോലിക്കിടയില്‍ അങ്ങനെ ഒന്ന് ഞാന്‍ അനുഭവിച്ചിട്ടില്ല. ഓരോ ദിവസവും ജോലിക്ക് കയറുന്നതിനു മുന്‍പ് ഉള്ളില്‍ തീയാണ് കാരണം അത്രയ്ക്കാണ് അവിടെയുള്ള ജോബ്‌ സ്‌ട്രെസ്. നമ്മുടെ കുറ്റം കണ്ടു പിടിക്കാന്‍ മാത്രം നിയോഗിക്കപ്പെട്ട  സൂപ്പര്‍വൈസര്‍മാര്‍ എന്നൊരു വിഭാഗമുണ്ട്, എല്ലാരേം അല്ല ഞാന്‍ ഉദ്ദേശിച്ചത് പക്ഷെ ചിലര്‍, അവരുടെ ചിലപ്പോഴത്തെ സംസാരവും പ്രവര്‍ത്തിയും കാണുമ്പോള്‍ ഇവര്‍ക്ക് നഴ്സിങ്ങില്‍ ആണോ അതോ ആളുകളെ വെറുപ്പികുന്നത്തിലാണോ വിദ്യാഭ്യാസം ലഭിച്ചത് എന്ന് തോന്നി പോകും.
       
                      അമൃതയിലെ മറ്റു ജോലിക്കാരുടെ കാര്യം പറയുകയും വേണ്ട.. സെക്യൂരിറ്റി  ജീവനക്കാരുടെ നിപ്പും ഭാവവും ഒക്കെ കണ്ടാല്‍ അവര് വല്ല അതിര്‍ത്തിയിലും കാവല് നില്‍ക്കുവാണോ എന്ന് തോന്നും. അവിടത്തെ സ്റ്റാഫ്‌ ആണെങ്കില്‍ പോലും എന്തെങ്കിലും ആവശ്യത്തിനു അകത്തു പോകാന്‍ വാതിലില്‍ ചെല്ലുമ്പോള്‍ നമ്മളോടുള്ള പെരുമാറ്റവും കണ്ടാല്‍ ഇന്ത്യയിലേക്ക്‌ നുഴഞ്ഞു കയറാന്‍ ശ്രമിക്കുന്ന വല്ല പാക്കിസ്ഥാന്‍  തീവ്രവാദിയും ആണോ നമ്മള്‍ എന്ന് പോലും സംശയിച്ചു പോകും. രാത്രി 8 മണി മുതല്‍ രാവിലെ 8 മണി വരെയാണ് നൈറ്റ്‌ ഡ്യൂട്ടി, അതും ഒരു പോളകണ്ണടക്കാന്‍ പറ്റില്ല ഡ്യൂട്ടി കഴിഞ്ഞു ഇറങ്ങുമ്പോ ഒരു 9 മണി കഴിയും അതും കഴിഞ്ഞു വല്ലതും കഴിക്കാന്‍ കാന്റീനില്‍ ചെന്നാല്‍ ചിലപ്പോ ദേക്ഷ്യം വരും കാന്റീന്‍ ജീവനക്കാരുടെ പെരുമാറ്റം അതുപോലെയാണ്. കൂടുതല്‍ ഒന്നും ഞാന്‍ പറയുന്നില്ല അവിടെ ജോലി ചെയ്തവര്‍ക്കും ചെയ്യുന്നവര്‍ക്കും അതിനെ കുറിച്ചെല്ലാം വളരെ വ്യക്തമായ ധാരണയുണ്ട്.
           
              1200 കിടക്കകള്‍ ഉള്ള ഒരു ആശുപത്രി,  400 രൂപയാണ് ഏറ്റവും കുറവ് ദിവസ വാടക പിന്നെ ഭക്ഷണത്തിനും മരുന്നിനും 'സേവന'ത്തിനും തുടങ്ങി മുക്കുന്നതിനും മൂളുന്നതിനും വരെ കാശ്, പക്ഷെ നഴ്സുമാര്‍ക്ക് ശമ്പളം കൊടുക്കാന്‍ മാത്രം പൈസ ഇല്ല. പിന്നെ മെഡിസിനും മറ്റു അനുബന്ധ കോഴ്സുകള്‍ക്കും വാങ്ങുന്ന കൊഴക്ക്‌ കൈയും കണക്കുമില്ല.. M.D (Radiology) കോഴ്സിനു 'ഒരു കോടി' രൂപ ഡോണേഷന്‍ കൊടുത്ത ആളെ എനിക്കറിയാം. ഇത്രേം ഒക്കെ പിഴിഞ്ഞുണ്ടാക്കിട്ടു ആതുര സേവനമാണ് പോലും...so called charity in Amrita Hospital is a stupidity....
         
             എവിടെനിന്നാണ് ഈ മഹത്തായ വ്യവസായ സംരഭത്തിന്റെ തുടക്കം, എന്താണ് ഇതിനെല്ലാം ഉള്ള മൂലധനം...ഉത്തരം വളരെ ലളിതമാണ് മനുഷ്യന്റെ വിശ്വാസങ്ങളെ അതി വിധക്തമായി ചൂഷണം ചെയ്താണ് ഇതെല്ലം ഉണ്ടാക്കിയത്. ഇത്തരം കപട സന്യാസിമാരെ സമൂഹം തിരിച്ചറിയണം ഇത്തരം ചൂഷണങ്ങല്‍ക്കെതിരെ പ്രതികരിക്കാന്‍ നമുക്ക് കഴിയണം. "Men or women at or beyond the age of fifty years old or by young monks who wish to renounce worldly and materialistic pursuits and instead dedicate their entire life towards spiritual pursuits" എന്നാണ് സന്യാസത്തിനു വിക്കിപീടിയ നല്‍ക്കുന്ന അര്‍ഥം. ആദിശങ്കരനും, സ്വാമി വിവേകാനന്ദനും ശ്രീ നാരായണ ഗുരുവും തുടങ്ങി ജീവിതം സമൂഹനന്മ എന്ന മഹത്തായ ഒരു ലക്ഷ്യത്തിനു മാറ്റി വച്ച അനേകം സന്യാസിമാര്‍ നമുക്കുണ്ട്. അവരുടെയെല്ലാം മഹത്തായ ജീവിതവുമായി തുലനം ചെയ്യുമ്പോള്‍ സാമ്പത്തിക ലാഭം മാത്രം ലക്‌ഷ്യം വച്ചു പ്രവര്‍ത്തിക്കുന്ന മനുഷ്യനെ കച്ചവട കണ്ണോടെ മാത്രം നോക്കുന്ന സന്യാസ മഠങ്ങള്‍ക്കും , ബെന്‍സ് കാറില്‍ വരുന്ന ഇത്തരം പുതിയ കാല ദൈവങ്ങള്‍ക്കും  എന്ത് പ്രസക്തിയാണ് ഉള്ളത്.

       സമരത്തിനു എല്ലാവിധ ആശംസകളും നേരുന്നു  "നമ: ശിവായ" 


(ചിത്രത്തിനു കടപ്പാട്: മാതൃഭൂമി പത്രം, പത്രത്തോടൊപ്പം സംസ്ക്കാരവും വളര്‍ത്തുന്ന കൂട്ടരാണ് എന്നത് ശ്രദ്ധേയം)

Tuesday, 29 November 2011

"മുല്ലപെരിയാര്‍ ചരിതം: തമിഴ് പതിപ്പ്"


       മുല്ലപെരിയാര്‍ വിഷയത്തില്‍  തമിഴ്നാടിന്‍റെ നിലപാടുകളെ ന്യയികരിച്ചും കേരളത്തിന്‍റെ നിലപാടുകളെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചും ഒരു വീഡിയോ. നവംബര്‍ 26 നാണ് ഇത് യൂ-ടുബില്‍ വന്നത്. 
        
       ഈ വീഡിയോ കാണാന്‍ ഇരിക്കും മുന്‍പ്  ഒരു വാക്ക്:  അച്ഛന്‍, അമ്മ, ഭാര്യ, സഹോദരങ്ങള്‍ തുടങ്ങി വേണ്ടപ്പെട്ടവരുടെ കൂടെയിരുന്നു കാണരുത്, വേറെ ഒന്നും കൊണ്ടല്ല തെറിപറയുന്നത് വെറുതെ അവര് കേള്‍ക്കണ്ടല്ലോ, താടിക്കു തട്ടിയാല്‍ മിണ്ടാത്ത ആളുപോലും എഴുന്നേറ്റു നിന്ന് തെറി വിളിക്കും. ആ ടൈപ്പു സംഗതിയാണിത്.  

ചെറിയ ഒന്ന് രണ്ടു സൂചന തരാം 
1. ഇടുക്കി അണക്കെട്ടില്‍ ആവശ്യത്തിനു വെള്ളം ഇല്ലാത്തത്ത് കൊണ്ടാണ് ഇത്തരം ഒരു നീക്കം.
 2. ഡാം തകര്‍ന്നാലും ഇരുകരയിലും താമസിക്കുന്ന ആളുകള്‍ക്ക് ഒരു ആപത്തും ഉണ്ടാകാതെ വെള്ളം മുഴുവന്‍ ഇടുക്കിയില്‍ എത്തും 
(ആകാശത്തൂടെ   ആയിരിക്കും.!!) 
3. മുല്ലപെരിയാര്‍ അണക്കെട്ടില്‍ നിന്നും മീന്‍ പിടിക്കുന്ന വകയില്‍ കേരളത്തിനു വര്‍ഷത്തില്‍ 300 കൂടി രൂപ ലഭിക്കുന്നു (മുല്ലപ്പെരിയറിന്നു അറബി കടലിലേക്ക്‌ വല്ല തുരങ്കവും ഉണ്ടോ..!!)  
ഇങ്ങനെ പോകുന്നു വീഡിയോ, പതിവ് പോലെ ഭീഷണിയില്‍ അവസാനിപ്പിച്ചിരിക്കുന്നു. 

        കൊടുങ്ങല്ലൂര്‍ അമ്മയെ മനസ്സില്‍ ധ്യാനിച്ച് കണ്ടു തുടങ്ങി കൊള്ളൂ, പുതിയ തെറികള്‍ വല്ലതും ഉരുത്തിരിഞ്ഞു വന്നാല്‍ എഴുതി വക്കാന്‍ മറക്കരുത് ചിലപ്പോള്‍ ആവശ്യം വരും.           ഇവരെ പ്രതിഷേധം അറിയിക്കാന്‍  ഒറ്റ കാര്യം ചെയ്യുക്ക ഒന്ന് കയറി  DISLIKE  അടിച്ചു പോരുക. ലിങ്ക് ചുവടെ ചേര്‍ക്കുന്നു. കമന്റ്‌ പരിശോധിച്ചാല്‍ അവിടന്നുള്ള നല്ല തെറികള്‍ കേള്‍ക്കാം നമ്മള്‍  കമന്‍റു ഇട്ടിട്ടു കാര്യമില്ല ഡിലീറ്റ് ചെയ്യും, അതുകൊണ്ട് DISLIKE ഉപയോഗപ്പെടുത്തുക

       വീഡിയോ ചാനലിലേക്ക് ഇത് വഴി പോകാം. അവിടെ ചെല്ലുമ്പോള്‍ പലതും കാണും അതിനോടൊന്നും പ്രതികരിക്കാന്‍ നില്‍ക്കണ്ട, അല്ല അത്രയ്ക്ക് കണ്ട്രോള്‍ പോവുകയാണെങ്കില്‍ എഴുതി വെക്കണം ഞാന്‍ ആദ്യം പറഞ്ഞില്ലേ   എന്ന് അതില്‍  നിന്നും ഒരു രണ്ടെണ്ണം കീറിയിട്ടു പോരെ..!!! 

Saturday, 26 November 2011

മുല്ലപ്പെരിയാറിനെ കുറിച്ച് കുറച്ചു കാര്യങ്ങള്‍ കൂടി.

           ഇടുക്കി പദ്ധതിയിലെ കുളമാവ് ഡാം ഉയര്‍ത്തുന്ന ഭീഷണി എന്താണെന്നു പലര്‍ക്കും അറിയില്ല എന്ന് തോന്നുന്നു. കുളമാവ് ഡാം വ്യക്തമായി പറഞ്ഞാല്‍ തൊടുപുഴയ്ക്ക് നേരെ മുകളിനാണ് നില്‍ക്കുന്നത്. ഡാമിന് അപകടം സംഭവിച്ചാല്‍ തൊടുപുഴ, മുവാറ്റുപുഴ, പിറവം, കോലഞ്ചേരി, വൈക്കം, ചേര്‍ത്തല വരെയുള്ള ഭാഗങ്ങളെ അത് സാരമായി ബാധിക്കും. എങ്ങനെ എന്ന് താഴെ കൊടുത്തിരിക്കുന്ന ചിത്രങ്ങളില്‍  വ്യക്തമാണ്‌.

ചുവടെ കൊടുക്കുന്ന ചിത്രം ഇതിന്റെയെല്ലാം ഒരു ഏകദേശ രൂപമാണ്‌.
  


(മഞ്ഞ - കുളമാവ്, ചുവപ്പ് - ഇടുക്കി/ചെറുതോണി )

            പിന്നെ വെള്ളം അല്ലെ അത് എങ്ങനെ എവിടെ ഒക്കെ ഒഴുകി എത്തുമെന്നത് പ്രവചിക്കാന്‍ സാധ്യമല്ല...!!


 മുല്ലപ്പെരിയാര്‍ തകര്‍ന്നാല്‍ എങ്ങനെ കേരളത്തെ ബാധിക്കും എന്നതിന്‍റെ ദൃശ്യാവിഷ്ക്കരണം  സുബിന്‍ എന്നൊരു സുഹൃത്ത്‌ ചെയ്ത വീഡിയോ.                                 
                                    
                                           

തമിഴ്നാടിനെയും ബാധിക്കും.
        
            മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്നുള്ള വെള്ളം ഉള്ളത് കൊണ്ട് മാത്രം കൃഷിയും മറ്റു അനുബന്ധ പ്രവര്‍ത്തനങ്ങളും നടന്നു പോകുന്ന 5 ജില്ലകളുണ്ട് തമിഴ്നാട്ടില്‍. തേക്കടി ഷട്ടര്‍ വഴി യാണ് തമിഴ് നാട് വെള്ളം എടുക്കുന്നത്. 

 

ഈ വെള്ളം രണ്ടു രീതിയിലാണ്‌ തമിഴ്നാട്ടിലേക്കു എടുക്കുന്നത് 


                                  ചിത്രത്തില്‍ ഒന്ന് എന്ന് അടയാളപ്പെടുത്തിയിരിക്കുന്നത് ഇറച്ചി പാലത്തെ ഓപ്പണ്‍ ഔട്ട്‌ ലെറ്റ് ആണ്, രണ്ടാമത്തത് പെന്‍ സ്റ്റോക്ക്‌ പൈപ്പ് വഴി ലോവേര്‍ ക്യാമ്പ്‌ലെ പവര്‍ ഹൗസില്‍ വൈദ്യുതി ഉല്‍പ്പതിപിച്ച ശേഷം ഇറച്ചി പാലത്ത് നിന്നും വരുന്ന വെള്ളവുമായി ചേരുന്നു. ഈ വെള്ളം ശക്തമായ കനല്‍ സംവിധാനം വഴി വിവിധ സ്ഥലങ്ങളില്‍ എത്തിച്ചാണ് അവര്‍ കൃഷി നടത്തുന്നത്. ഇനി ചുവടെ ചേര്‍ക്കുന്ന ചിത്രങ്ങളില്‍ നിന്നും തമിഴ്നാടിനു മുല്ലപ്പെരിയരിലെ വെള്ളം എത്ര മാത്രം അനിവാര്യമാണെന്ന് വ്യകതമാകും. 
                ഈ വെള്ളം കൊണ്ടാണ് കമ്പം, തേനി, ഗൂണ്ടല്ലൂര്‍, ശിവഗംഗ തുടങ്ങിയ പ്രദേശങ്ങള്‍ പോന്നു വിളയിക്കുന്നത് ഇതേ കാരണം കൊണ്ട് തന്നെയാണ് മുല്ലപ്പെരിയാര്‍ വിഷയത്തില്‍ അവര്‍ ശക്തമായ നിലപാട് എടുക്കുന്നതും. പുതിയ അണകെട്ട് വന്നാല്‍ തമിഴ്നാടിനു വെള്ളം കിട്ടില്ല എന്ന് പറഞ്ഞാണ് അവിടെ ചില രാഷ്രിയക്കാര്‍ തമിഴ് വികാരം ഉണര്‍ത്തുന്നത് കേരളത്തിനു അനുകൂല നിലപാടെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പോലും ഭയക്കുന്നത് അവിടത്തെ വോട്ടുബാങ്ക് കണ്ടു ഭയനിട്ടാണ്.

          മുല്ലപെരിയാര്‍ വിഷയത്തില്‍ ഒരു കാംപൈന്‍ നടത്തുമ്പോള്‍ ഡാമിന് എന്തെങ്കിലം സംഭവിച്ചാല്‍ അത് തമിഴ്നാടിനെ എങ്ങനെ ബാധിക്കുമെന്ന് കൂടി മനസിലാക്കി കൊടുക്കാനുള്ള ശ്രമം ഉണ്ടാക്കണം. അവരെ കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കാന്‍ അവരുടെ ഭാഷയില്‍ പോസ്റ്ററുകള്‍ തയ്യാറാക്കാന്‍ ശ്രദ്ധിക്കണം, തമിഴ്നാട്ടില്‍ ഉള്ള മാധ്യമങ്ങള്‍ ഈ വിഷങ്ങള്‍ ചര്‍ച്ചയാകാന്‍ വേണ്ടത് ചെയ്യണം.   

                                "എല്ലാവര്‍ക്കും നന്മ വരട്ടെ" 

Friday, 25 November 2011

"ആരും വടിയുമായി വരില്ല..!!!"

     

      ബൈബിളില്‍ ഒരു കഥയുണ്ട്, ഫറവോയുടെ അടിമത്വത്തില്‍ നിന്നും ഇസ്രയേല്‍ ജനതയെ മോചിപ്പിച്ചുള്ള യാത്രാമധ്യേ പിന്നാലെ എത്തിയ ഫറവോക്കും  മുന്നിലെ കടലിനും ഇടയില്‍ എന്തുചെയ്യണം എന്നറിയാതെ ഉഴറിയ മോശയോട് ദൈവം പറയും 'മോശെ നീ നിന്റെ കൈയിലെ വടികൊണ്ട് ജലത്തില്‍ അടിക്കാ' എന്ന് മോശ അപ്രകാരം ചെയ്യുകയും കടല്‍ രണ്ടായി പിളര്‍ന്നു ജലം ഇരുവശവും മതില്‍ പോലെ നില്‍കുകയും ചെയ്തു, നടുവിലെ വരണ്ട നിലത്തു കൂടി കടല്‍ മുറിച്ചു കടന്ന ഇസ്രയേല്‍ ജനം ഫറവോയുടെ കൈയില്‍ നിന്നും രക്ഷപ്പെട്ടു മറുകര കടന്നു എന്നുമാണ് ആ കഥ.  
       മുല്ലപെരിയാര്‍ വിഷയത്തില്‍ ചില ആളുകളുടെ നിസംഗത കാണുമ്പോള്‍ ആരെങ്കിലും വടിയുമായി വന്നു വെള്ളം തടഞ്ഞു നിര്‍ത്തും എന്ന് കരുതിയാണോ അവര്‍ അനങ്ങാതെ ഇരിക്കുന്നത് എന്ന തോന്നി പോകുന്നു, ദൈവങ്ങള്‍ നേരെ ഇറങ്ങി വരുന്ന കാലം കഴിഞ്ഞത് അവര്‍ അറിഞ്ഞില്ലെന്നു തോന്നുന്നു!! പ്രിയ സുഹൃത്തുക്കളെ സമയം തീരെയില്ല..കഴിഞ്ഞ 8 മാസങ്ങള്‍ക്കിടയില്‍ റിക്റെര്‍ സ്കെയിലില്‍ 2.5 നു മുകളില്‍ രേഖപ്പെടുത്തിയ 22 തുടര്‍ ചലനങ്ങളാണ് ഇടുക്കി മേഖലയില്‍ ഉണ്ടായത്‌..ഇനി നമ്മള്‍ മിണ്ടാതെ, പ്രതികരിക്കാതെ ഇരിക്കുന്ന ഓരോ നിമിഷവും നമ്മുടെ സഹജീവികളുടെ ജീവന്‍ കൂടുതല്‍ കൂടുതല്‍ അപകടതിലെക്കാണ് പോകുന്നത്.
                 
                       "ചാവാതിറങ്ങാന്‍ നിയമമില്ലിതെത്ര
                       നേരമായ് കാത്തിരിപ്പാണ് നാശം"
                 
                            മുരുകന്‍ കാട്ടാകട സാറിന്റെ 'ഉണരാത്ത പത്മതീര്‍ത്ഥങ്ങള്‍' എന്നാ കവിതയിലെ ഈ വരികള്‍ നമ്മുടെ തന്നെ മനസക്ഷിയിലെക്കുള്ള ചൂണ്ടുപലകയല്ലേ? ഈ വിഷയത്തില്‍ പ്രതികരിക്കാതെ മാറിനില്‍ക്കുന്ന, അല്ലെങ്കില്‍ ഒരു അക്ഷരം പോലും മിണ്ടാതെ ഇരിക്കുന്ന എല്ലാവരും പറയാതെ പറയുന്നത് ഇത് തന്നെയാണ്. .  110 വര്‍ഷങ്ങള്‍ക്കു മുന്‍പ് കമ്മീഷന്‍ ചെയ്ത ഒരു അണക്കെട്ട് ജന ജീവിതത്തിനു ഭീഷണിയായി നില്ക്കാന്‍ തുടങ്ങിയിട്ട് കാലം കുറെയായി. ആ ഡാമിന് എന്തെങ്കിലും സംഭവിച്ചാല്‍ അത് കേരളത്തെ എങ്ങനെയാണു ബാധിക്കുക എന്ന് വ്യക്തമായിട്ടും എന്തുകൊണ്ടാണ് നമുക്ക് വേണ്ടി ശബ്ദമുയര്‍തേണ്ടവര്‍ മിണ്ടാതെ ഇരിക്കുന്നത്? പഠനങ്ങളില്‍ എല്ലാം ഡാമിന്റെ അവസ്ഥ ഭയാനകമായ വിധത്തില്‍ ആണെന്ന് വ്യകതമായിട്ടും നമ്മുടെ ഭരണാധികാരികള്‍ ശക്തമായ ഒരു നിലപാടെടുത്തു ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കാന്‍ മുന്നോട്ടു വരാത്തത് എന്തുകൊണ്ടാണ്? നമ്മുടെ കേന്ദ്ര മന്ത്രിമാര്‍ ഈ വിഷയത്തില്‍ അവരുടെ നിലപാട് വ്യകതമാക്കാത്തത് എന്ത് കൊണ്ടാണ്? ദേശിയ ശ്രദ്ധയില്‍ ഈ വിഷയം കൊണ്ടുവരാന്‍ നമ്മുടെ രാഷ്ട്രിയ പാര്‍ട്ടികള്‍ക്ക് കഴിഞ്ഞോ? തമിഴ് നാടിനും കേരളത്തിനും സ്വീകാര്യമായ ഒരു ഒത്തു തീര്‍പ്പ് ഫോര്‍മുല രൂപപ്പെടുത്താന്‍ നമ്മുടെ കേന്ദ്ര മന്ത്രിസഭ എന്തുകൊണ്ട് മുതിരുന്നില്ല? കോടതിക്കെതിരെ ശബ്ദിച്ചാല്‍ വാളെടുക്കുന്ന കോടതി എന്തെ ഇ വിഷയം കണ്ടില്ലേ?

മോശയുടെ ആ വടി, അത് നമ്മുടെ കൈയില്‍ തന്നെയില്ലേ...?? 
         
       നമ്മളില്‍ ബഹുഭൂരിപക്ഷവും ചെറുപ്പകാലത്ത് വലിയ ആരാധനയോടെ കണ്ടിരുന്ന ഒരു വിഭാഗമാണ് 'സൂപ്പര്‍ ഹൂമന്‍സ്', അമാനുഷികശക്തിയുള്ള   അവരോടു എന്തുകൊണ്ടാണ് ന മുക്ക് ആരാധന തോന്നിയിരുന്നത്? അവര്‍ അനീതിയോട് പ്രതികരിക്കുന്നു, നഗരത്തില്‍ എവിടെ അനീതി നടന്നാലും അവരുടെ ആറാം ഇന്ദ്രിയത്തില്‍ അതിനെ കുറിച്ച് അറിയുന്നു, അവിടെ എത്തുന്നു അക്രമികളെ തുരത്തുന്നു, അവരുടെ ശക്തിക്ക് മുന്നില്‍ എല്ലാ എതിരാളികളും നിലംപരിശാകുന്നു ഇതൊക്കെയല്ലേ അവരോടു നമുക്ക് ആരാധന ഉണ്ടാക്കിയത്?
       ഒന്ന് ആലോചിച്ചു നോക്കു ഒരുകണക്കിന് നമ്മള്‍ എല്ലാം 'സൂപ്പര്‍ ഹൂമന്‍സ്' അല്ലെ? ലോകത്തിന്റെ ഇതു കോണില്‍ നടക്കുന്ന സംഭവങ്ങളും ഇന്ന് ഒരു നിമിഷം കൊണ്ട് നമ്മുടെ മുന്നില്‍ എത്തുന്നു, എല്ലാവരുമായി നമ്മെ ബന്ധിപ്പിക്കുന്ന ഒരു ആറാം ഇന്ദ്രിയം നമ്മുടെ എല്ലാവരുടെയും കൈയില്‍ മൊബൈല്‍ രൂപത്തില്‍ ഇല്ലേ? നമ്മള്‍ ഒരുമിച്ചു നിന്നാല്‍ അതിനു മുന്നില്‍ പിടിച്ചു നില്ക്കാന്‍ ഒരു ഭരണകൂടത്തിനുമാകില്ല  എന്ന് ഈജിപ്റ്റിലും ടുണിഷ്യയിലും ലിബിയയിലും സിറിയയിലും തുടങ്ങി വിവിധ ലോകരാജ്യങ്ങളില്‍ തെളിയിക്കപ്പെട്ടതാണ്. നമ്മള്‍ നമ്മുടെ ഉള്ളിലെ കരുത്തു തിരിച്ചറിഞ്ഞു ഒന്നിച്ചു നില്‍ക്കണം. നമ്മള്‍ ആവശ്യപ്പെടുന്നത് നമ്മുടെ നിഷ്ക്കളങ്കരായ നമ്മുടെ സഹോദരങ്ങളുടെ ജീവനാണ് മറ്റൊന്നും നമ്മള്‍ക്ക് വേണ്ട.

                       
 
           കുറച്ചു ദിവസത്തേക്ക് നിങ്ങള്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുമ്പോള്‍ അല്‍പ്പ സമയം മുല്ലപ്പെരിയാറിന് മാറ്റിവയ്ക്കുക, ഇപ്പോള്‍ ഉണ്ടായിരിക്കുന്ന ഈ മുന്നേറ്റം ഒരു വിജയമായി മാറുവാന്‍ തന്നാല്‍ കഴിയ്ന്ന ഒരു ചെറിയ സഹായമെങ്കിലും ചെയ്യാന്‍ ശ്രെമിക്കുക, മുല്ലപെരിയാര്‍ വിഷയവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പ്രചരിപ്പിക്കാന്‍ അവരവര്‍ക്ക് കഴിയുന്നത്‌ ചെയ്യുക, മുഖ്യമന്ത്രി മറ്റു രാഷ്ട്രിയനേതാക്കള്‍ എന്നിവരെ ഓണ്‍ലൈന്‍ ആയി പരാതികള്‍ അറിയിക്കാന്‍ സൗകര്യം ഉള്ളത് പ്രയോചനപ്പെടുത്തുവനും മറ്റുള്ളവരെ അത് അറിയിക്കാനും ശ്രമിക്കുക, കേരളത്തിന്റെ മുക്കിലും മൂലയിലും ഈ വിഷയത്തില്‍ ജനകീയ പ്രക്ഷോപങ്ങള്‍ സങ്കടിപ്പികുവാന്‍ ശ്രമിക്കുക്ക, ഇപ്പോള്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്ത് പകരുക... ഇങ്ങനെ കുഞ്ഞു കുഞ്ഞു കാര്യങ്ങളിലൂടെ നമുക്ക് വലിയ കാര്യങ്ങള്‍ നേടാന്‍ കഴിയും. ഒന്നും അല്ലാതിരുന്ന സന്തോഷ്‌ പണ്ടിറ്റിനെ ഇന്ന് കേരളം അറിയുന്നവന്‍ ആക്കി മാറ്റാന്‍ നമ്മള്‍ ഒഴുക്കിയ വിയര്‍പ്പോന്നും ഇതിനു ആവശ്യമില്ല.

          ഇനിയും മിണ്ടാതെ വിധിയെ പഴിച്ചു ജീവിക്കുന്നതില്‍ അര്‍ത്ഥമില്ല, ഒരു ദിവസം എല്ലാം സംഭവിച്ചു കഴിഞ്ഞു ലക്ഷങ്ങള്‍ ശ്വാസം കിട്ടാതെ ചെള്ളിവെള്ളം കുടിച്ചു മരിച്ചു കഴിഞ്ഞു അനുശോചന പോസ്റ്റുമായി ആരെങ്കിലും വന്നാല്‍ ബാക്കി അപ്പോള്‍ പറയാം.
         
           അനവധി നിരവധി സമര പോരാട്ടങ്ങള്‍ക്ക് ധീരനേതൃത്വം കൊടുത്ത, സമരവീര്യം എന്നും കാത്തു സൂക്ഷിക്കുന്ന, അങ്ങനെ അങ്ങ് തോറ്റു കൊടുക്കാന്‍ മനസില്ലാത്ത  മലയാളിസോദര ഇനി നമുക്ക് കാത്തുനില്‍ക്കാന്‍ സമയമില്ല , നമ്മുടെ ശബ്ദം ഇടിമുഴക്കമായി ഉയരണം, ആ ശബ്ദത്തിനു കണ്മുന്നില്‍ സ്വന്തം സഹോദരങ്ങള്‍ ചത്തു മലന്നു കിടക്കുന്ന ദുര്‍ദിനത്തെ പ്രതിരോധിക്കാനുള്ള ശക്തിയുണ്ടെന്ന് ഓര്‍ക്കുക.

Monday, 21 November 2011

"തൊട്ടാല്‍ പൊട്ടും ഇംഗ്ലീഷ് മുട്ട..!!! "

                             

  1895 ല്‍ കല്ലും സുര്‍ക്കിയും ഉപയോഗിച്ച് നിര്‍മിച്ച, കേവലം 50 വര്‍ഷത്തെ ആയുസ് അനുമാനിക്കപ്പെട്ട  മുല്ലപ്പെരിയര്‍ ഡാം ഇന്നും നിലനില്‍ക്കുന്നത് തന്നെ ആരുടെയോക്കെയോ ഭാഗ്യം കൊണ്ടാണ്. ഡാം നില്‍ക്കുന്ന മേഖലയില്‍ തുടര്‍ച്ചയായി ഉണ്ടാക്കുന്ന ചലനങ്ങള്‍ കടുത്ത ആശങ്ക ഉണ്ടാക്കുന്നത്താണ്. മുല്ലപ്പെരിയാര്‍ ഡാമിന് എന്തെങ്കിലും സംഭവിച്ചാല്‍ അത് വളരെ വലിയ രീതിയില്‍ കേരളത്തെ ബാധിക്കും..ഏകദേശം 25 ലക്ഷത്തോളം ആളുകള്‍ ഭൂമുഖത്ത് നിന്ന് തൂത്തെറിയപ്പെടും. ഈ ഡാമിന് എന്തെങ്കിലും സംഭവിച്ചാല്‍ അതു എങ്ങനെ ബാധിക്കും ഈ സംഭരിണിയിലെ വെള്ളം എവിടെല്ലാം എത്തി ചേരും എന്നറിയാന്‍ 'ഗൂഗിള്‍ എര്‍ത്തി'ല്‍ ചെറിയ ഒരു പഠനം നടത്തി.. കണ്ടത്തും മനസിലാക്കിയതും ചുവടെ ചേര്‍ക്കുന്നു. 

        

മുല്ലപ്പെരിയാര്‍ ഡാം : സമുദ്ര നിരപ്പില്‍ നിന്നും ഏകദേശം 1500 മീറ്റര്‍ ഉയരത്തില്‍ ഉള്ള ജലസംഭരണി. ഇതിനു ചുറ്റുമാണ് പെരിയാര്‍ വന്യജീവി സങ്കേതം, തേക്കടി വിനോദ സഞ്ചാര കേന്ദ്രവും ഈ ഡാമിന്റെ കരയിലാണ്.       
    


ഡാമിന് എന്തെങ്കിലും സംഭവിച്ചാല്‍ ആദ്യം ഭൂമുഖത്തുനിന്നും ഇല്ലാതെ ആകുന്നത്‌ വണ്ടിപ്പെരിയര്‍ എന്ന പ്രദേശമായിരിക്കും, മഴക്കാലത്ത് പോലും വെള്ളം കയറുന്ന വണ്ടിപ്പെരിയര്‍ പ്രദേശം ഇല്ലാതെ ആകാന്‍ നിമിഷങ്ങള്‍ മതി.

  

                 ഈ വെള്ളം നേരെ വന്നു വീഴുന്നത് ഇടുക്കി ജല സംഭരണിയിലേക്കാണ്, അതിനിടയില്‍ ഉപ്പുതറ പോലുള്ള പ്രദേശങ്ങളും ജലമെടുക്കും. 


                       ഇടുക്കി ജലസംഭരണി, ഏഷ്യയിലെ ഏറ്റവും വലിയ ആര്‍ച്ച് ഡാം ഈ പദ്ധതിയിലാണ്. ഇടുക്കി, ചെറുതോണി, കുളമാവ് എന്നി  മൂന്ന് പ്രധാന ഡാമുകള്‍ ചേരുന്നതാണ് ഇടുക്കി പദ്ധതി. 74,400 കുബിക് അടി ജലം (ഏകദേശം 2000 Million Tonnes) ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള ഇടുക്കി പദ്ധതിയിലെ ഏതെങ്കിലും ഒരു ഡാമിന് എന്തെകിലും സംഭവിച്ചാല്‍ നമ്മള്‍ ആലോചിക്കുന്നതിലും ഭീകരമായിരിക്കും കാത്തിരിക്കുന്നത്. കുളമാവ് ഡാമാണ് ഈ മൂന്നു ഡാമുകളില്‍ ഏറ്റവും ചെറുത്‌..


        അതിനു താഴ്ഭാഗമായി ജനങ്ങള്‍ തിങ്ങി പാര്‍ക്കുന്ന ഒട്ടനേകം പ്രദേശങ്ങള്‍ ഉണ്ട്. കുളമാവ് ഡാം നില്‍ക്കുന്നത് തോടുപുഴ ഉള്‍പ്പെടെ ഉള്ള ജനവാസപ്രദേശങ്ങള്‍ക്ക് ഭീഷണി ഉയര്‍ത്തികൊണ്ടാണ്. 
                നേരെ മറിച്ച് ഇടുക്കി ചെറുതോണി എന്നി രണ്ടു ഡാമുകളില്‍ ഏതെങ്കിലും ഒന്നിനാണ് അപകടം സംഭവിക്കുന്നത്‌ എങ്കിലോ? ഈ രണ്ടു ഡാമില്‍ ഏത് തകര്‍ന്നാലും  വെള്ളം വന്നു ചേരുന്നത് ഒരേ വഴിയിലാണ്.           ഇടുക്കി, ചെറുതോണി എന്നി ജനവാസ പ്രദേശങ്ങള്‍ വെറും ഓര്‍മയായി മാറാന്‍ അധികം സമയം വേണ്ടി വരില്ല. പണ്ട് മഴക്കാലത്ത്‌ ഡാം നിറഞ്ഞത്തിനെ തുടര്‍ന്ന് വെറും 6 ഇഞ്ച് തുറന്നപ്പോള്‍ ചെറുതോണിയിലെ ചപ്പാത് വെള്ളം മൂടിയത് പഴമക്കാര്‍ പറഞ്ഞു കേട്ടിട്ടുണ്ട്. അടുത്തത് പെരിയാര്‍ തീരത്തുള്ള തടിയംബാട്, കരിമ്പന്‍ പ്രദേശങ്ങളാണ്, ഇടുക്കി ഡാം വരുന്നതിനു മുന്‍പ്‌ മഴക്കാലത്ത് വെള്ളം കയറിയിരുന്ന പ്രദേശങ്ങളാണ് ഇവരണ്ടും. ഇതു കഴിഞ്ഞാല്‍ പിന്നെ പെരിയാര്‍ മലകളുടെ ഇടയിലൂടെ ആണ് ഒഴുകുന്നത്‌.
       

 ചിത്രത്തില്‍ അടയാളപ്പെടുത്തിയിരിക്കുന്നത്  ഇടുക്കി മുതല്‍ ലോവര്‍ പെരിയാര്‍ ഡാം വരെയുള്ള നദിയുടെ ഒഴുക്കിനെ കാണിക്കുന്നു. ഇവിടെ വച്ച് കല്ലാര്‍കുട്ടി പുഴയുമായി ചേര്‍ന്ന് വെള്ളം ലോവര്‍ പെരിയാര്‍ ഡാമില്‍ എത്തുന്നു. കല്ലാര്‍കുട്ടി പുഴയുമായി ചേരുന്നിടത്താണ് നേര്യമംഗലം പവര്‍ ഹൗസ്. പോകുന്ന വഴിക്ക് ഈ പവര്‍ ഹൗസ് കൂടി വെള്ളം കൊണ്ട് പോകും. ...!!
                       


                  ഇത്രയും വലിയൊരു പ്രഹരം താങ്ങാനുള്ള ശേഷി എന്തായാലും ലോവര്‍ പെരിയാര്‍ ഡാമിനില്ല. ഈ വെള്ളം എല്ലാം കൂടി ഒഴുകി എത്തുന്നത്‌ നേര്യമംഗലതെക്കാണ്. 


                    ഇരു വശവും ഉള്ള മലകള്‍ക്കിടയില്‍ കൂടി ഒഴുകി വരുന്ന എത്രയും വെള്ളത്തിന്റെ പ്രഹരത്തില്‍ ഒന്നും അവശേഷിപ്പിക്കാതെ ഈ പ്രദേശം ഇല്ലാതെയാകും. നേര്യമംഗലത്ത് നിന്നും അടുത്തതായി പ്രവേശിക്കുക തട്ടേകാട്  'പക്ഷിസങ്കേതം' ഉള്‍പ്പെടുന്ന പ്രദേശതെക്കാണ്. 
              സാമാന്യം നല്ല ജന സാധ്രത യുള്ള പുന്നെകാട്‌,  ചെലാട്, നാടുകാണി, പാലമറ്റം തുടങ്ങിയ സ്ഥലങ്ങള്‍ നിമിഷങ്ങക്കകം വെള്ളത്തില്‍ മുങ്ങും. അടുത്തത് പ്രവേശിക്കുക ഭൂതത്താന്‍ കെട്ട് ജലസംഭരണിയിലേക്കാണ്. 


            ചിത്രത്തില്‍ അടയാളപ്പെടുത്തിയിരിക്കുന്ന ഭൂതത്താന്‍കെട്ട് പദ്ധതി പ്രദേശത്തിന് താഴെക്കൊഴുക്കുന്ന വെള്ളം മിനിട്ടുകള്‍ക്കുള്ളില്‍ മലയാറ്റൂര്‍, കോടനാട് പ്രദേശങ്ങളെ  മുക്കും. 
  

             മലയാറ്റൂര്‍ കഴിഞ്ഞാല്‍ അടുത്തത് കലടിയാണ്, മലയാറ്റൂര്‍ മുതല്‍ ഇനി പെരിയാര്‍ കടന്നു പോകുന്നിടമെല്ലാം ജനങ്ങള്‍ തിങ്ങി പാര്‍ക്കുന്ന പ്രദേശങ്ങളാണ്. പുഴയ്ക്കു രണ്ടു വശങ്ങളിലായി കാണുന്ന കെട്ടിടങ്ങള്‍ എല്ലാം വെള്ളമെടുക്കാന്‍ അധിക സമയമൊന്നും  വേണ്ട. കാലടിക്കും ആലുവക്കും ഇടയിലായി  പെരിയാറിന്റെ തീരത്താണ് നെടുമ്പാശേരി വിമാനതാവളം.


        അടുത്ത പ്രധാന പട്ടണം ആലുവയാണ്.. പെരിയാര്‍ നദിക്കു ചുറ്റിലുമായി പടുത്തുയര്‍ത്തിയ നഗരമാണ് ആലുവ. ആലുവ നഗരം മുഴുവന്‍ മുക്കാനുള്ള വെള്ളം വഹിച്ചാകും പെരിയാര്‍ ഇത്തവണ എത്തുക..!!! 


            ഇവിടെ വച്ച് നദി രണ്ടായി തിരിയും..ഒന്ന് തെക്കോട്ട്‌ ഒഴുകി കൊച്ചി കായലില്‍ പതിക്കും. വരാപ്പുഴക്കും ചെരാനെല്ലുരിനും ഇടയിലൂടെ ഒഴുകിയാണ് കൊച്ചി കായലില്‍ പതിക്കുക. ഈ പ്രദേശങ്ങള്‍ എല്ലാം വെള്ളത്തില്‍ മുങ്ങും. 

         
                രണ്ടാം കൈവഴി വടക്കോട്ട്‌ ഒഴുകി  ചെങ്ങമനാട്, മഞ്ഞളി, തുടങ്ങിയ പ്രദേശങ്ങള്‍ കടന്നു മുനമ്പത്ത് വച്ച് കടലില്‍ ചേരും. കടലില്‍ ചേരും മുന്‍പുള്ള മറ്റൊരു പ്രധാന പ്രദേശമാണ് കൊടുങ്ങലൂര്‍. 


            പെരിയാര്‍ കടന്നു പോകുന്ന പ്രദേശങ്ങള്‍ക്ക് ചുറ്റിലുമായി താമസിക്കുന്ന ജനലക്ഷങ്ങളെ നമുക്ക് ഈ ചിത്രങ്ങളില്‍ എല്ലാം കാണാം, ഈ ഒരു ഡാമിന് എന്തെങ്കിലും സംഭവിച്ചാല്‍ അത് ജനജീവിതത്തെ എങ്ങനെ ബാധിക്കുമെന്നതിനെ കുറിച്ചറിയാന്‍ ഈ ചിത്രങ്ങളിലൂടെ ഒന്ന് കടന്നു പോയാല്‍ മതി.  ലക്ഷകണക്കിന് ആളുകളുടെ ജീവനും സ്വത്തിനും ഭീഷണി ഉയര്‍ത്തി നമ്മുടെ തലയ്ക്കു മുകളില്‍ വാളുപോലെ തുങ്ങുന്ന ഈ പ്രശ്നത്തിനു എത്രയും പെട്ടന്ന്‍ ഒരു പരിഹാരം ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. സുപ്രീം കോടതി ക്ക് ഈ പ്രശനത്തിന്റെ വ്യാപ്തി മനസിലാക്കി കൊടുക്കാന്‍ നമ്മുടെ ഭരണാധികരികള്‍ക്ക് ബാധ്യതയുണ്ട്. 
                 ഈ ഡാം എത്രയും പെട്ടന്ന് ഡികമ്മിഷന്‍ ചെയ്യുകയാണ് വേണ്ടത് . 1895 ല്‍ സുര്‍ക്കിയും കല്ലും മരകഷ്ണങ്ങളും ചേര്‍ത്ത് വച്ച് നിര്‍മിച്ച ഡാമിന് 1922 ലും 1965 ലും കോണ്‍ഗ്രീറ്റ് കൊണ്ട് ഒരു പുറംചട്ട കൂടി നിര്‍മിച്ചു, ഈ പുറംചട്ടയുടെ ബലത്തിലാണ് ഇന്നും ഡാം നിലനില്ല്ക്കുന്നത്. ഓരോ വര്‍ഷവും ഏകദേശം 30 ടണ്‍ സുര്‍ക്കി ഡാമിന്റെ കെട്ടില്‍ നിന്ന് നഷ്ടപ്പെടുന്നു എന്നാണ് കണക്ക്, ഏകദേശം 30 % സുര്‍ക്കി ഇതിനോടക്കം ഒലിച്ചു പോയി. ശാസ്ത്രഞ്ജന്‍മാരുടെ  അഭിപ്രായത്തില്‍ പുറമെയുള്ള കോണ്‍ഗ്രീറ്റ് ചട്ടകൂടിനുള്ളില്‍ 40 % സുഷിരങ്ങള്‍ വീണ ഒരു ദുര്‍ബല ഡാം ആണ് മുല്ലപ്പെരിയര്‍ (ഇന്ത്യവിഷന്‍ റിപ്പോര്‍ട്ടില്‍ നിന്നും). 
                  ഇത് സുപ്രീം കോടതിയുടെ പരിഗണയില്‍ ഇരിക്കുന്ന കേസ് ആയതു കൊണ്ട് എത്രയും പെട്ടന്ന് ഇരുസംസ്ഥാനങ്ങളുമായുള്ള പ്രശ്നങ്ങള്‍ പറഞ്ഞു തീര്‍ത്ത് ഒരു പുതിയ ഡാം പണിയാനും കേരളത്തിലെ ലക്ഷകണക്കിന് ആളുകളുടെ ജീവന്‍ സംരഷിക്കാനുള്ള നടപടികള്‍ സ്വീകരിക്കാനും ബഹുമാനപ്പെട്ട സുപ്രീം കോടതി തയ്യാറാവണം. 
           വെള്ളം ഇരമ്പി വന്നു എല്ലാം ഇല്ലാതെയാക്കുന്നത് ദുര്‍സ്വപ്നം കണ്ടു ജീവിക്കുന്ന ഒരു ജനസമൂഹം ഇവിടെയുണ്ട് എന്ന് നമ്മള്‍ മറക്കരുത് എല്ലാവരും അവരവര്‍ക്ക് കഴിയുന്ന രീതിയില്‍ ഈ പ്രശ്നം ജന ശ്രദ്ധയില്‍ കൊണ്ടുവരാന്‍ കഴിയുന്നത്‌ ചെയ്യണമെന്നു അപേഷിക്കുന്നു.


             "മുല്ലപ്പെരിയര്‍ ഡാം പുനര്‍നിര്‍മിക്കുക, കേരളത്തെ രക്ഷിക്കുക" 

( 'തൊട്ടാല്‍ പൊട്ടും ഇംഗ്ലീഷ് മുട്ട' എന്നത് ഒരു കടംകഥയാണ് 'സോപ്പ് കുമിള'യാണ് ഉത്തരം, പണ്ടൊരു പ്രസംഗമത്സരത്തില്‍  സമ്മാന അര്‍ഹമായ പ്രസംഗത്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിനെ വിശേഷിപ്പിച്ചത്‌ 'തൊട്ടാല്‍ പൊട്ടും ഇംഗ്ലീഷ് മുട്ട' എന്നാണ്. എന്‍റെ ഓര്‍മ്മ ശെരിയാണെങ്കില്‍  ബേസില്‍ ചേട്ടന്‍ ആയിരുന്നു ഇങ്ങനെ ഒരു പ്രയോഗം നടത്തിയത്.)             

Monday, 14 November 2011

'R.I.P' അഥവാ 'രാത്രി ഇറങ്ങി പോകരുത്'.

                                                                           
                                                                                (1)
                     ചുറ്റും കൂടി നിന്നവരെ എല്ലാം ഒന്ന് ഓടിച്ചു കണ്ടു. ഇത്രയും കാലം ഒപ്പം ഉണ്ടായിരുന്ന ഭാര്യ, മക്കള്‍, കൊച്ചുമക്കള്‍, ബന്ധുക്കള്‍..ഇനി ഒരിക്കലും കാണാന്‍ കഴിയില്ലലോ എന്നുള്ള തോന്നല്‍ വല്ലാത്ത ഒരു വേദന ഉണ്ടാക്കി. കാഴ്ച്ച പതിയെ മങ്ങി വന്നു..മങ്ങി മങ്ങി ഇല്ലാതെയായി...എങ്ങും ഇരുട്ട് മാത്രം....ഞാന്‍ മരിച്ചു കഴിഞ്ഞിരിക്കുന്നു, ഈ ജന്മം അവസാനിച്ചു...പക്ഷെ അല്‍പ്പം കഴിഞ്ഞപ്പോള്‍ കണ്ണിലേക്കു പതിയെ വെളിച്ചം കടന്നു വന്നു, ചെവിയില്‍ ചുറ്റും നില്‍ക്കുന്നവരുടെ വിങ്ങി പൊട്ടലും സംസാരവും കടന്നു വന്നു തുടങ്ങി..എന്താണ് സംഭവിക്കുന്നത്‌ എന്ന് ആദ്യം മനസിലായില്ല...പതിയെ പതിയെ കാഴ്ച വ്യക്തമായി തുടങ്ങി..അടുത്തുള്ളവരെ എല്ലാം കാണാം...സംസാരിക്കുന്നതു കേള്‍ക്കാം...സംസാരിക്കാന്‍ ശ്രമിച്ചു പറ്റുന്നുണ്ട് പക്ഷെ ആരും കേള്‍ക്കുന്നില്ല... മരണത്തിനു അപ്പുറത്തുള്ള ലോകത്താണ് ഞാന്‍ എന്ന് ഞാന്‍ മനസിലാക്കി...എനിക്ക് അവരെ കാണാം അവര്‍ സംസാരിക്കുന്നതു കേള്‍ക്കാം പക്ഷെ അവര്‍ക്ക് എന്നെ കാണാനോ ഞാന്‍ സംസാരിക്കുന്നതു കേള്‍ക്കാനോ കഴിയില്ല. ചുറ്റും കൂടി ഇരിന്നു കരയുന്നവരെ ആശ്വസിപ്പിക്കണമെന്നുണ്ട്  പക്ഷെ ഞാന്‍ പറയുന്നത് അവര്‍ കേള്‍ക്കുന്നില്ല.                                
                            എന്നെ അവര്‍ വെള്ള തുണി വിരിച്ച ഒരു കട്ടിലിലേക്ക് മാറ്റി, തലക്കല്‍ മെഴുകുതിരികള്‍ കത്തിച്ചു, ചന്ദന തിരിയുടെ ഗന്ധം ദുസഹമായിരുന്നു, മരണവീടുകള്‍ കയറി ചെല്ലുമ്പോള്‍ ഉള്ള ഈ മണം എനിക്ക് പണ്ടേ ഇഷ്ടമല്ല. കട്ടിലടുത്ത് വിരിച്ച പായയില്‍ ഇരുന്ന പേരകുട്ടി സങ്കീര്‍ത്തന പുസ്തകം വായിച്ചു തുടങ്ങി. കുഞ്ഞുനാളില്‍ എന്റെ മടിയില്‍ ഇരുത്തി സന്ധ്യ പ്രാര്‍ത്ഥനയും ''യഹോവ എന്റെ ഇടയനാകുന്നു.." എന്ന് തുടങ്ങുന്ന ഇരുപത്തി  മൂന്നാം   സങ്കീര്‍ത്തനവും വിശ്വാസ പ്രമാണവും ഒക്കെ പറഞ്ഞു കൊടുത്ത് പഠിപ്പിച്ചത് ഞാന്‍ ഓര്‍ത്തു. സുഹൃത്തുകളും അയല്‍ക്കാരും ഓരോരുത്തരായി വന്നു തുടങ്ങി, വേദപുസ്തകം അടുത്തയാള്‍ക്കു കൈമാറി "യഹോവ എനിക്ക് 'വിശാലത' വരുത്തി.." എന്നതിന് പകരം "യഹോവ എനിക്ക് 'വിശാലി'നെ വരുത്തി..." എന്ന് വായിച്ചതു കേട്ട് ഞാന്‍ ചിരിച്ചു...ചുറ്റും കൂടി നിന്നവരുടെ മുഖത്തും ചിരി പൊട്ടിയത് ഞാന്‍ കണ്ടു, പക്ഷെ മരണ വീടല്ലേ ചിരിക്കാന്‍ പറ്റുമോ? ചിരിക്കുന്നവര്‍ ചിരിക്കട്ടെ എന്ന് കരുതി ഞാന്‍ കുറച്ചു നേരം കണ്ണടച്ചിരുന്നു...ഞാന്‍ കണ്ടാല്‍ എന്ത് കരുതും എന്ന് കരുതി ചിരിക്കാതെ ഇരിക്കണ്ട.
                         നേരം വെളുത്തു, കുളിക്കാന്‍ സമയമായി...തണുപ്പത് തണുത്ത വെള്ളം ദേഹത്ത് വീണപ്പോള്‍ കുളിര് തോന്നി.. ശവത്തിനെന്തു കുളിരെന്നു കരുതിയാകും തണുത്ത വെള്ളം എടുത്തത്..!! പുതിയ വസ്ത്രങ്ങള്‍ ഇടിയിപ്പിച്ചു ഇടുങ്ങിയ പെട്ടിയിലേക്ക് മാറ്റി..ഇനിയുള്ള ജീവിതം ഈ കുഞ്ഞുപെട്ടിക്കുള്ളിലാണ്‌!!!. പട്ടക്കാരുടെ നീണ്ട നിര, പ്രാര്‍ത്ഥന, വേദപുസ്തക വായന, പാട്ട്, കുന്തിരിക്കത്തിന്റെ വാസന...ഒത്തിരി ബന്ധുക്കളും സുഹൃത്തുകളും... എല്ലാം കൂടി ഒരു ഉത്സവത്തിന്റെ പ്രതീതിയായിരുന്നു വീട്ടില്‍. പിന്നെ പതിയെ പള്ളിയിലേക്ക്..അവിടെ വച്ച് അന്ത്യ ചുംബനം...കണ്ണിരിന്റെ നനവോടെ ഓരോ ചുംബനവും നെറ്റിയില്‍ വീഴുമ്പോള്‍ എനിക്കും വല്ലാത്ത വിഷമം തോന്നി...അവസാനത്തെ ആളും കണ്ടു കഴിഞ്ഞു വെള്ള തുണികൊണ്ട് എന്റെ മുഖം മൂടി പക്ഷെ അപ്പോഴും എനിക്ക് എല്ലാരേം കാണാമായിരുന്നു. പിന്നെ കല്ലറയിലേക്ക് അവിടെവച്ചു പെട്ടിയുടെ മൂടി അടക്കപ്പെട്ടു കുഴിയില്‍ ഇറക്കി പെട്ടിയുടെ മുകളില്‍ ചരല്‍ വീഴുന്ന ശബ്ദം അരോചകമായിരുന്നു...കോണ്‍ഗ്രീറ്റ് സ്ലാപ് കൊണ്ട് കല്ലറ അടക്കപ്പെട്ടു...നെടുവീര്‍പ്പുകളും കരച്ചിലുകളും അകന്നു പോയി...അവസാന കാലൊച്ചയും അകന്നു പോയ്‌ കഴിഞ്ഞപ്പോള്‍ തനിച്ചയാല്ലോ എന്ന് ഓര്‍ത്തു ചെറിയ വിഷമം തോന്നി. എല്ലാ ആരവങ്ങളും അടങ്ങി കഴിഞ്ഞപ്പോള്‍  ഞാന്‍ പതുക്കെ ഒന്ന് മയങ്ങി.. ഇന്നലെ രാത്രി ഉറങ്ങാന്‍ കഴിയാത്തത് കൊണ്ട് നല്ല ക്ഷീണമായിരുന്നു.
                                                             
                                                                         (2)
                     രാത്രി എപ്പോഴോ നല്ല മയക്കത്തില്‍ നിന്നും ആരോ വിളിക്കുന്നത്‌ കേട്ടാണ് ഉണര്‍ന്നത്. കല്ലറക്ക് ചുറ്റും കുറെ ആളുകള്‍. കൂട്ടത്തില്‍ ഒരാള്‍ : "നമസ്ക്കാരം പുതിയ ആളെ ഒന്ന് പരിചയപ്പെടാന്‍ വന്നതാ."
ഞാന്‍ കണ്ണ് തിരുമി എല്ലാവരെയും നോക്കി, പടുകിളവന്മാര്‍ മുതല്‍ ചെറുപ്പക്കാര്‍ വരെ ഒരു നീണ്ട നിര. ഞാന്‍ പറഞ്ഞു : "ഒരു നിമിഷം ഞാന്‍ പുറത്തേക്ക് വരാം.."
                 പുറത്തെത്തി നോക്കുമ്പോള്‍ സെമിത്തേരി നിറയെ ആളുകള്‍ മെഴുകുതിരി വെട്ടത്തില്‍ വട്ടം കൂടി ഇരിക്കുന്നവര്‍, ഒറ്റയ്ക്ക് മാറിയിരിക്കുന്നവര്‍, പാട്ടു പാടുന്നവര്‍, പത്രം വായിക്കുന്നവര്‍, ചുമ്മാ ദൂരേക്ക് നോക്കിയിരിക്കുന്നവര്‍ അങ്ങനെ അനേകം ആളുകള്‍.. എനിക്ക് വലിയ അത്ഭുതമായി തോന്നി..മരണത്തിനപ്പുറം ഇങ്ങനെയും ഒരു ജീവിതമോ..!!
ആരും എന്നോട് പേരും സ്ഥലവും ബന്ധുക്കളെയും സ്വന്തക്കാരെയും കുറിച്ചൊന്നും ചോദിച്ചില്ല. അത് ഈ ലോകത്തിലെ ശൈലി ആയിരിക്കില്ല. സ്ഥാനങ്ങള്‍ ഇല്ലാത്ത ലോകം, പേരുകളില്ലാത്ത ലോകം, ബന്ധങ്ങള്‍ ഇല്ലാത്ത ലോകം, വേദന അറിയാത്ത ലോകം, സമത്വ സുന്ദര ലോകം... ഇതെല്ലം നോക്കി അത്ഭുതപ്പെട്ടു നിന്ന എന്നോട് കൂട്ടത്തില്‍ ചെറുപ്പക്കാരന്‍  ചോദിച്ചു:"ചീട്ടു കളിയ്ക്കാന്‍ അറിയാമോ?"
അറിയമോന്നോ നല്ല ചോദ്യം...സ്കൂളില്‍ പഠിപ്പിക്കുമ്പോ തുടങ്ങിയ പരിപാടിയല്ലേ. ഞാന്‍ പറഞ്ഞു "അറിയാം..."
ചെറുപ്പക്കാരന്‍: "നല്ല കാര്യം..." എന്നിട്ട് ചിരിച്ചു കൊണ്ട് ചോദിച്ചു '' കളിയ്ക്കാന്‍ കൂടുന്നോ?"
എനിക്ക് വല്ലാത്ത ആവേശം തോന്നി, പണ്ട് നേരം വെളുക്കും വരെ ചീട്ടു കളിച്ചിരുന്നത് ഓര്‍ത്ത് പോയി "പിന്നെന്ത, തീര്‍ച്ചയായും..."
ചെറുപ്പക്കാരന്‍: "എന്നാ തലക്കുംഭാഗത്ത് നിന്നു മൂന്നാല് മെഴുകുതിരി എടുത്തു കൊണ്ട് പോരെ..."
എനിക്ക് സംശയമായി ഞാന്‍ ചോദിച്ചു:" മെഴുകുതിരിയോ?"
ചെറുപ്പക്കാരന്‍:" അതെ മെഴുകുതിരി...എന്നിട്ട് സ്വരം താഴ്ത്തി പറഞ്ഞു "ഞങ്ങള്‍ ഇവിടെ കാശിനു പകരം മെഴുകുതിരി വച്ച കളിക്കുന്നെ..."
എനിക്ക് ചിരി വന്നു.. ഇങ്ങനെയും കളിക്കാമല്ലേ...പഠന കാലത്ത് പത്ത് പൈസ ടോക്കണ്‍ ഉണ്ടാക്കി കീച്ച് കളിച്ചത് ഓര്‍ത്തുപോയി...ചെറുപ്പത്തിന്റെ ആവേശത്തില്‍ നടന്ന ഒരു അടിയാണ് അന്ന് നല്ലരീതിക്ക് പോയ്കൊണ്ടിരുന്ന ആ കളി അവസാനിപ്പിച്ചത്. എന്തായാലും കുറച്ചു മെഴുകു തിരിയും എടുത്തു ഞാന്‍ ആ ചെറുപ്പക്കാരന്റെ പുറകെ പോയി.
                                                                   
                                                                          (3)
                          വറീത് ചേട്ടന്റെ കല്ലറക്കടുതേക്കാണ് ഞങ്ങള്‍ എത്തിയത്. ഈ ശവപറമ്പിലെ ആദ്യത്തെ കല്ലറയാണിത്‌, വറീത് ചേട്ടന്റെ മരണം വരെ ആളുകളെ വെറുതെ കുഴി കുഴിച്ചു മൂടുക ആയിരുന്നു പതിവ്. തലക്കല്‍ ഒരു കല്ലും വയ്ക്കും. ആ കല്ലില്‍ എഴുത്ത് കുത്തുകള്‍ ഒന്നും കാണില്ല, വെറുതെ ഒരു കല്ല്‌..ഒരു രണ്ടു തലമുറ വരെയുള്ളവര്‍ കൃത്യമായി കുഴിമാടം തിരിച്ചറിയും എന്നാല്‍ മൂന്നാം തലമുറ മുതല്‍ അതിനു വലിയ പാടാണ്. മൂന്നാം തലമുറയിലെ കുട്ടിയോട് തലക്കല്‍ കൊണ്ട് പോയി തിരികത്തിക്കാന്‍ പറഞ്ഞാല്‍ കുഴിയില്‍ കിടക്കുന്നയാള്‍ ഭാഗ്യം ചെയ്തവന്‍ ആണെങ്കില്‍ തലക്കല്‍ തന്നെ കത്തിക്കും ഇല്ലെങ്കില്‍ തോട്ടപുറത്തെ ചെട്ടനായിരിക്കും ആ തിരി കിട്ടുക...!! വറീത് ചേട്ടന്റെ മക്കള്‍ എല്ലാം വലിയ നിലയില്‍ ആയിരുന്നു അതുകൊണ്ട് അവര്‍ അപ്പന് ഒരു കല്ലറ പണിതു. പിന്നീടു പള്ളി അതൊരു നല്ല കച്ചവടമാക്കി, സ്ഥലത്തിനു വിലയിട്ടു ഓരോ കുടുംബത്തിനും വീതിച്ചു കൊടുത്തു, പുതിയ കല്ലറകള്‍ പണിതു ലേലത്തില്‍ വിറ്റു അങ്ങനെ ഇപ്പൊ ശവക്കോട്ട നിറയെ കല്ലറകളാണ്.
                       കല്ലറക്ക് മുകളില്‍ മൂന്നാല് പേര്‍ വട്ടത്തില്‍ ഇരിക്കുന്നു അവിടെ കളി തുടങ്ങിയിരുന്നു. ഞങ്ങള്‍ അടുത്ത് എത്തിയപ്പോള്‍ കൂട്ടത്തില്‍ അല്‍പ്പം പ്രായമായ ഒരാള്‍ തല ഉയര്‍ത്തി നോക്കി എന്നിട്ട് പറഞ്ഞു " എഴുന്നേറ്റോ.. ക്ഷീണം കാണും ഉറങ്ങി കോട്ടെ എന്ന് ആദ്യം വിചാരിച്ചു പിന്നെ ഓര്‍ത്തു ഇപ്പൊ എഴുന്നേറ്റില്ലെങ്കില്‍ നാളെ ചിലപ്പോ ഉറക്കം കിട്ടില്ല.. നമ്മുടെ 'ബയോളോജിക്കള്‍ ക്ലോക്ക്' അഡ്ജസ്റ്റ് ചെയ്യണ്ടേ..." മരിച്ചവര്‍ക്കെന്തു ബയോളോജി എന്നോര്‍ത്ത് എനിക്ക്  ചിരി വന്നു, പുള്ളി തുടര്‍ന്ന്‍ പറഞ്ഞു.."ഇപ്പൊ കിടന്നു ഉറങ്ങിയാല്‍ നാളെ പകല്‍ ഉറങ്ങില്ല, ജീവിചിരിക്കുന്നവന്റെ പകലുകളാണ് നമ്മുടെ രാത്രികള്‍..." ഇപ്പൊ കാര്യം പിടികിട്ടി.
                  ചീട്ടു കളി ഗുരുക്കന്മാരെ എല്ലാം മനസ്സില്‍ ധ്യാനിച്ച് അടുത്ത കളിക്ക്  ഞാനും കൂടി, പകുതി മെഴുകുതിരിയാണ് കാശ്.. പണ്ട് ഒരു മെഴുകുതിരി വച്ചാണ് കളിച്ചിരുന്നത് എന്ന് കൂട്ടത്തില്‍ ആരോ പറഞ്ഞു..പിന്നെ പിന്നെ എല്ലാ തലക്കലും മെഴുകുതിരിയുടെ വരവ് കുറഞ്ഞപ്പോ അത് പകുതിയാക്കി. കളിക്കാതെ മാറി യിരിക്കുന്ന ആളെ ഞാന്‍ ശ്രദ്ധിച്ചു, കളി അറിയാത്തത് കൊണ്ടാകും എന്ന് കരുതി... സ്കൂളില്‍ പഠിക്കുമ്പോ കളി അറിയാത്തവനെ എല്ലാം കളി പഠിപ്പിച്ചത് ഓര്‍ത്തു പോയി... അന്ന് 'ഇരുപത്തിയെട്ടു' കളി ആയിരുന്നു..പിന്നെ ആളു കൂടിയപ്പോ 'നല്പ്പതായി' പിന്നെയും ആളു കൂടിയപ്പോ രണ്ടു ഗ്രൂപായി പിന്നെ നാലു ഗ്രൂപ്പായി അങ്ങനെ അങ്ങനെ വളര്‍ന്നു പന്തലിച്ചു.....
                 പുതിയ ലോകത്തെ ആളുകളുടെ ഉടായിപ്പുകള്‍  എല്ലാം വശം ഉള്ളത് കൊണ്ട് ആദ്യകളി ഞാന്‍ തന്നെ ജയിച്ചു. അടുത്ത റൌണ്ട് ചീട്ടു വിളമ്പുന്നതിനിടയില്‍ കളിക്കാതെ മാറിയിരിക്കുന്ന ആളോട് കളിയറിയില്ലേ എന്ന് ചോദിച്ചു...അദ്ദേഹം പറഞ്ഞു "കളി ഒക്കെ അറിയാം പക്ഷെ വച്ച് കളിയ്ക്കാന്‍ മെഴുകുതിരിയില്ല.."
"അതെന്തു പറ്റി...?" അറിയണമെന്ന് തോന്നി..
"മക്കളൊക്കെ അവിടെയും ഇവിടെയും ഒക്കെയ...അവര്‍ വര്‍ഷത്തില്‍ ഒരിക്കല്‍ വന്നാലായി"
"ഓ..ശെരി..തല്ക്കാലം കളിയ്ക്കാന്‍ ഞാന്‍ തരാം..." ഒരു തിരി എടുത്തു നീട്ടികൊണ്ട് ഞാന്‍ പറഞ്ഞു..
"വേണ്ട മോനെ... അത്രയ്ക്ക് ആഗ്രഹം ഒന്നും ഇല്ല...ഞാന്‍ ഇവിടിരുന്നു കളി കണ്ടോളാം.." തുടര്‍ന്ന് അദ്ദേഹം പറഞ്ഞു.."ആദ്യമൊക്കെ അവര് നമ്മുടെ അടുത്ത് വന്നു കരയുമ്പോ നമുക്ക് വിഷമം തോന്നും...പക്ഷെ അധിക കാലത്തേക്ക് അങ്ങനെ വിഷമിക്കേണ്ടി വരില്ല...എല്ലാമായി പൊരുത്തപ്പെടാന്‍ മനുഷ്യന് അപാരകഴിവാണ്...മറക്കാനും...!!!"
ആ വൃദ്ധന്റെ കണ്ണൊന്നു നിറഞ്ഞുവോ..ഒരു ചെറിയ സംശയം...
 ആറുമണിക്ക് പള്ളി മണിയടിച്ചു. കളിച്ചു നേടിയ മെഴുകുതിരികളുമായി എല്ലാവരും അവരവരുടെ കുഴികളിലേക്ക്...അന്നത്തെ കളി ഞാന്‍ തന്നെ നേടി.. കിട്ടിയ മെഴുകു തിരിയെല്ലാം കല്ലറയുടെ തലക്കല്‍ കൂട്ടിയിട്ടു ഞാന്‍ ഉറങ്ങാന്‍ കിടന്നു... ഒരാഴ്ച കൊണ്ട് എല്ലാവരുടെയും കയ്യിലെ മെഴുകുതിരി തീര്‍ന്നു..അതെല്ലാം എന്റെ കല്ലറക്ക് മുന്നില്‍ കൂടി കിടന്നു... അടുത്ത ഞായറാഴ്ച കുര്‍ബാന കഴിഞ്ഞു കല്ലറക്കല്‍ എത്തിയ പേരകുട്ടി അത്ഭുതത്തോടെ ചോദിച്ചു " അപ്പച്ചനെന്ന രാത്രി ഇറങ്ങി നടന്നു എല്ലാരുടെം മെഴുകുതിരി എടുത്തോണ്ട് പോരുവാണോ...R.I.P എന്ന്  വച്ചാല്‍  രാത്രി ഇറങ്ങി പോകരുത് എന്നാന്നു അപ്പച്ചന് അറിയാന്‍ മേലായോ...!!!!" അത് കേട്ട് കൂടി നിന്നവര്‍ ചിരിച്ചു... ഞാനും ഒപ്പം ചിരിച്ചു..

(കടപ്പാട്: മുകളില്‍ കൊടുത്തിരിക്കുന്ന ചിത്രം ലണ്ടന്‍ 'ഹൈഗേറ്റ് സെമിട്രി'യിലെ ഒരു കല്ലറയാണ്‌. ഒരു സെമിത്തേരിയുടെ ഏകാന്തതയും കത്തിച്ചു വച്ച മെഴുകുതിരികളും എല്ലാം കൂടി ഒരു വല്ലാത്ത അന്തരീക്ഷം ഉണ്ടാക്കുന്ന  ഈ ചിത്രം പ്രിയപ്പെട്ട  ശരത്  ചേട്ടന്റെ 'ഫേസ്ബുക്കി'ല്‍ നിന്നും അടിച്ചു മാറ്റിയതാണ്, ചിത്രത്തിനുള്ള നന്ദി അറിയിക്കുന്നു.)

Friday, 11 November 2011

"കാവല്‍ സാത്താന്‍"

   
                 ഞങ്ങടെ നാട്ടില്‍ മൂന്ന് ചെറുപ്പക്കാരുണ്ടായിരുന്നു, മാത്യു, ബിനു , ജോസ് (യഥാര്‍ഥ പേരുകള്‍ അല്ല എന്ന് പ്രത്യേകം പറയണ്ടല്ലോ അല്ലെ..)  ഉണ്ടായിരുന്നു എന്ന് പറഞ്ഞാല്‍ ഇപ്പോഴും ഉണ്ട്, പക്ഷെ ഇപ്പൊ ചെറുപ്പം അല്ല അല്‍പ്പം പ്രായമായി. സത്യക്രിസ്ത്യാനികള്‍ ആയതു കൊണ്ട് അവര്‍ക്ക് വീഞ്ഞിനോട് ഭയങ്കര പ്രിയമായിരുന്നു.
                കള്ളടിക്കുന്ന കര്യത്തിനോപ്പം വിറ്റടിക്കുന്ന കാര്യത്തിലും  മൂന്നു പേരും ഒന്നിനൊന്നു മെച്ചം... ഒരിക്കല്‍ അടിച്ചു കുറ്റിയായിരുന്ന ജോസിനോട് ഒരാള്‍ ചോദിച്ചു "എടാ.... എന്തിനാട ഇങ്ങനെ കുടിക്കുന്നെ...???"
ജോസ് വളരെ കൂളായി മറുപടി പറഞ്ഞു "സ്വര്‍ഗത്തില്‍ പോകാന്‍...!!!"
കേട്ടുനിന്നവര്‍ അന്തം വിട്ടപ്പോള്‍ ജോസ് വിശദീകരിച്ചു "അന്ത്യ അത്താഴത്തിനു കര്‍ത്താവ് എന്നതാ പറഞ്ഞെ? വീഞ്ഞും വെള്ളവും കൂടി ചേര്‍ത്താണ് അന്ന് കൊടുത്തത്..." മറ്റൊരു അവസരത്തില്‍ ബിനു മറ്റു രണ്ടു പേരോടുമായി പറഞ്ഞു "യേശു നല്ലവനാട..." ഇവന്‍ പൂസായി പോന്തകൊസ്തയോ എന്ന മട്ടില്‍ ജോസും മാത്യുവും ബിനുവിനെ നോക്കി...ബിനു തുടര്‍ന്ന് പറഞ്ഞു.."പണ്ട് കല്യാണ വീട്ടില്‍ വീഞ്ഞ് തീര്‍ന്നപ്പോള്‍ ടപ...ടപ്പേന്നല്ലേ  സംഗതി റെഡിയാക്കി  കൊടുത്തെ...അതാണെടാ സ്നേഹം....!!!"
            അങ്ങനെ വളരെ ഭംഗിയായി കാര്യങ്ങള്‍ മുന്നോട്ടു പോയി...എന്നാല്‍ എല്ലാത്തിനും ഉണ്ടല്ലോ ഒരു ലിമിറ്റ്, 'മാറ്റാമോഴിച്ചു മറ്റെല്ലാം മാറ്റത്തിന് വിധേയമാകണം' എന്ന പ്രകൃതി നിയമം ഇവരുടെ കാര്യത്തിലും സംഭവിച്ചു. ഇവര്‍ക്ക് മൂന്നുപേര്‍ക്കും തങ്ങളുടെ ജീവിത രീതിയോട് ഒരു വിരക്തി തോന്നി തുടങ്ങി, സമൂഹം തങ്ങളെ പുച്ഛത്തോടെ കാണുന്നു എന്നുള്ള തിരിച്ചറിവ് അവരെയും ബാധിച്ചു, ഇപ്പോള്‍ ഉള്ള ചീത്ത സ്വഭാവങ്ങള്‍ എല്ലാം നിര്‍ത്തി ഒന്ന് നന്നാവണം എന്ന് മൂവര്‍ക്കും തോന്നി തുടങ്ങി. അങ്ങനെ അവര്‍ മൂന്നുപേരും കൂടി കുടിയും വലിയും ഒക്കെ നിര്‍ത്തണം എന്ന തീരുമാനത്തില്‍ എത്തി. ചെറിയ പൊടിക്കൈകള്‍ ഒക്കെ പ്രയോഗിച്ചു നോക്കി, പക്ഷെ "വലിയും കുടിയും ഒക്കെ നിര്‍ത്താന്‍ ഭയങ്കര എളുപ്പമ...ഞാന്‍ തന്നെ ഒരു 12 പ്രാവശ്യമെങ്കിലും നിര്‍ത്തിയിട്ടുണ്ട്..." എന്ന് പണ്ടാരോ പറഞ്ഞ പോലെ ഒന്നും അത്ര ഫലം കണ്ടില്ല... ഒടുവില്‍ മൂന്നുപേരും കൂടി ഒരു കടുത്ത തീരുമാനത്തില്‍ എത്തി...ഒരാഴ്ച ധ്യാനം കൂടുക....
      അങ്ങനെ ആ ദിവസം വന്നെത്തി... പണിസ്ഥലത്തു ഒരാഴ്ചത്തെ അവധി പറഞ്ഞു ഒരു തിങ്കളാഴ്ച രാവിലെ അവര്‍ അടിമാലിയില്‍ നിന്നും പുറപ്പെട്ടു... എല്ലാം നിര്‍ത്താനുള്ള പോക്കാണല്ലോ എന്ന് കരുതി അടിമാലി 'മാതാ' ബാറില്‍ നിന്നും ന്യായം കേറ്റിട്ടാണ് യാത്ര തുടങ്ങിയത്...കോതമംഗലത് എത്തിയപ്പോ കേട്ടിറങ്ങി...അവിടത്തെ ബാറില്‍ നിന്ന് അടുത്തത് ചാര്‍ജ് ചെയ്തു...അടുത്ത സ്റ്റോപ്പ്‌ പെരുമ്പാവൂര്‍ അവിടെ പിന്നെ ബാറില്‍ കയറിയില്ല ഒരു കുപ്പിയും എടുത്തു ഒരു റൂമും എടുത്തു അവിടെ തന്നെ കൂടി..... അടുത്ത ദിവസം വീണ്ടും യാത്ര തുടങ്ങി...പെരുമ്പാവൂരില്‍ നിന്നെ അടി തുടങ്ങി....അടുത്ത സ്റ്റോപ്പ്‌ അങ്കമാലി അവിടന്നും കീറി...പിന്നെ മുരിങ്ങൂര്‍ ഇറങ്ങാതെ നേരെ ചാലകുടി...അവിടെ റൂമെടുത്തു..ഒരു ദിവസം അവിടെ...!!! അങ്ങനെ വെറും  മൂന്നര-നാലു മണിക്കൂര്‍ കൊണ്ട് പൂര്‍ത്തിയാക്കേണ്ട യാത്ര മൂന്നു ദിവസം കൊണ്ട് പൂര്‍ത്തിയാക്കി ബുധനാഴ്ച രാവിലെ ധ്യാന കേന്ദ്രത്തില്‍ എത്തി...!!!
        ധ്യാനം എന്തായാലും വളരെ നന്നായി കൂടി... പനക്കല്‍ അച്ഛന്റെ ഉപദേശം അവര്‍ ശിരസാ വഹിച്ചു... ഒരു ക്ലാസ്സില്‍, ഓരോരുത്തര്‍ക്കും ഒപ്പം അവരെ സംരക്ഷിക്കാനും ഉപദേശിക്കാനും ഉള്ള കാവല്‍ മാലാഖ യെ കുറിച്ച് പറഞ്ഞത് അവര്‍ ശ്രദ്ധയോടെ കേട്ടിരുന്നു...ക്ലാസ്സ്‌ എടുത്ത അധ്യാപകന്‍ കാവല്‍ മാലാഖയെ കുറിച്ച് വിശദീകരിച്ചു.. "കാവല്‍ മാലാഖയെ ഈ പറയുന്ന  രൂപത്തില്‍ നിങ്ങള്ക്ക് കാണാന്‍ കഴിയില്ല, എങ്കിലും നിങ്ങളുടെ ജീവിതത്തിലേക്ക് ഒന്ന് തിരിഞ്ഞു നോക്കിയാല്‍ ആ മാലാഖയെ പല രൂപത്തില്‍ കാണാന്‍ കഴിയും...നിങ്ങളുടെ മാതാ പിതാക്കളുടെ രൂപത്തില്‍, സുഹൃത്തുകളുടെ രൂപത്തില്‍, അയല്‍ക്കാരുടെ രൂപത്തില്‍, സഹപാഠിയുടെ രൂപത്തില്‍, ഏതെങ്കിലും പ്രതിസന്ധിയില്‍ നിങ്ങളെ സഹായിച്ചവരുടെ രൂപത്തില്‍ അങ്ങനെ ജീവിതത്തില്‍ ഏതെങ്കിലും ഒരു ഘട്ടത്തില്‍ നിങ്ങള്ക്ക് ഒപ്പം നിന്നവരുടെ രൂപത്തില്‍ ഈ മാലാഖ നിങ്ങളുടെ ജീവിതത്തിലേക്ക് കടന്നു വരും..." ക്ലാസ്സുകളും ധ്യാനവും വളരെ ഭംഗിയായി കഴിഞ്ഞു..പുതിയ ഒരു ഉണര്‍വോടെ പുതിയ തീരുമാനങ്ങളുമായി അവര്‍ നാട്ടില്‍ തിരികെ എത്തി.
           ഏതാനും ദിവസങ്ങള്‍ നല്ലകുട്ടികള്‍ ആയി നടന്നെങ്കിലും ഒരു ദിവസം ജോസിനും ബിനുവിനും പിടിവിട്ടു...എന്നാല്‍ മാത്യുവിന്റെ കാര്യം എന്താണെന്നു അറിയില്ലാത്തത് കൊണ്ട് മാത്യുവിനെ കൂട്ടാതെ ഇവര്‍ രണ്ടുപേരും രഹസ്യമായി വീണ്ടും കലാപരിപാടികള്‍ ആരംഭിച്ചു.. ആയിടക്കാണ്‌ അനധികൃത മദ്യ വില്പ്പനക്കെത്തിരെ പോലീസ് ശക്തമായ നടപടികള്‍ സ്വീകരിച്ചു തുടങ്ങിയത്, ബീവറെജില്‍ നിന്നും വാങ്ങിയത് ആണെങ്കിലും എവിടെയെങ്കിലും വച്ച് കഴിക്കുന്നത്‌ കണ്ടാല്‍ പോലീസ് പിടിക്കും.ജോസിനും ബിനുവിനും പോലീസിനൊപ്പം മാത്യുവിനെയും പേടിക്കണമായിരുന്നു..ഒരുമിച്ചു പോയി ഉറച്ച തീരുമാനമെടുത്തു മടങ്ങി വന്നിട്ട് ഇവര്‍ വീണ്ടും വഴിതെറ്റി എന്നറിയുമ്പോള്‍ മാത്യു എങ്ങനെ പ്രതികരിക്കും എന്നറിയാത്തതു കൊണ്ട് ഉള്ള ഒരു വിഷമം...എന്തായാലും അന്ന് പതിവ് പോലെ പണി കഴിഞ്ഞു സന്ധ്യയോടെ ജോസും ബിനുവും വെള്ളമടിക്കു ഒന്നിച്ചു...തിരക്കില്‍ നിന്നും ഒഴിഞ്ഞു മാറി റോഡിനു സമീപം തന്നെ  ഒരു പെട്ടികടയുടെ പുറക്കില്‍ നിന്ന് കുപ്പി തുറന്നു ഗ്ലാസുകളിലേക്ക് പകര്‍ത്തി.. ഇരിട്ടു വീണു തുടങ്ങിയിരുന്നത് കൊണ്ട് അളവ് കാണാന്‍ വേണ്ടി ദൂരെ നിന്ന് വന്ന ഒരു വാഹനത്തിന്റെ വെട്ടത്തില്‍ ഗ്ലാസ്‌ പൊക്കി പിടിച്ചു  അളവ് നോക്കി..പക്ഷെ നിര്‍ഭാഗ്യമെന്നു പറയട്ടെ വാഹനത്തില്‍ വന്നയാള്‍ വണ്ടിയുടെ വെട്ടത്തില്‍ അളവ് നോക്കുന്ന ജോസിനെ കണ്ടു... വണ്ടി പതുക്കെ സ്ലോ ആകുന്നത്‌ കണ്ടു ജോസ് ബിനുവിനോട് പറഞ്ഞു "അളിയാ പണി പാളി.. പെട്ടന്ന് അടിച്ചോ...ആ വണ്ടി സ്ലോ ആക്കി...!!" പക്ഷെ അപ്പോഴേക്കും വണ്ടി ഒതുക്കി അതില്‍ നിന്നും ചുണ്ടില്‍ എരിയുന്ന സിഗരറ്റുമായി ഒരാള്‍ അവരുടെ അടുത്തേക്ക് എത്തി...അത് മാത്യു ആയിരുന്നു...!! "നന്നാവണം എന്ന് ഒരു ആഹ്രഹോം ഇല്ല അല്ലെ?" ചിരിച്ചു കൊണ്ട് മാത്യു ചോദിച്ചു...എന്നിട്ട് അവര്‍ക്കൊപ്പം കൂടി... മൂന്നുപേരും കൂടി ഉണ്ടായിരുന്ന മദ്യം സമാധാനത്തില്‍ അടിച്ചു...ഒരു ചെറിയ കിക്കായപ്പോള്‍ മാത്യു മുകളിലേക്ക് നോക്കി പറഞ്ഞു... "കാവല്‍ മാലഖക്ക് പകരം രണ്ടു 'കാവല്‍ സത്തന്മാരെ' ആണല്ലോ കര്‍ത്താവെ നീ എന്റെ ഒപ്പം അയച്ചത്...!!!"

Sunday, 30 October 2011

മുന്നേ നടന്ന ധീരന്മാര്‍.


"അമ്മെ ഞാന്‍ യാത്രയാകുന്നു....
മത വൈര്യം ഇല്ലാത്ത നാട് തേടി, 
കവിതകള്‍ വിടരുന്ന പുലരി തേടി, 
സംഗീതം ഒഴുകുന്ന സന്ധ്യ തേടി, 
അമ്മെ ഞാന്‍ യാത്രയാകുന്നു..... 
        കവിതകള്‍ വിടരുന്ന പുലരി തേടി "          
                                                                           (രാജേഷ് എഴുതിയ കവിത)      

                  ഒക്ടോബര്‍ 31, സഖാവ് M. രാജേഷ് രക്തസാക്ഷിദിനം. 
       ഞാന്‍ പത്തനംത്തിട്ടയില്‍ പഠനത്തിനു എത്തുന്നത് 2004 ലാണ്, സഖാക്കള്‍ വയ്യാറ്റുപുഴ അനിലിന്റെയും,  C.V ജോസിന്റെയും, M.S പ്രസാദിന്റെയും, 
M. രാജേഷിന്റെയും  ഒക്കെ സ്മരണകള്‍ ഉറങ്ങുന്ന വിപ്ലവമണ്ണാണ് പത്തനംത്തിട്ട. ഏതൊരു കമ്മ്യൂണിസ്റ്റ്‌ അനുഭവിയേയും പോലെ എനിക്കും രക്തസാക്ഷികളോട് കടുത്ത ആരാധനയായിരുന്നു, വിശ്വസിക്കുന്ന ആശയത്തിന് വേണ്ടി സ്വന്തം ജീവന് ഉപരിയായി നമ്മുക്ക് എന്ത് കൊടുക്കാന്‍ കഴിയും. 2001 ഒക്ടോബര്‍ 31 നു  കൊലചെയ്യപ്പെട്ട M. രാജേഷ്, പന്തളം N.S.S കോളേജിലെ S.F.I യുടെ കരുത്തുറ്റ സംഘാടകന്‍ ആയിരുന്ന. രാജേഷിനെ നേരിട്ടു കാണുവാന്‍ ഉള്ള ഭാഗ്യം ഉണ്ടായിട്ടിലെങ്കിലും പത്തനംത്തിട്ടയില്‍ ചെന്ന കാലം മുതല്‍ രാജേഷിനെ കുറിച്ച് കേട്ടിട്ടുണ്ട്.
            2008 ല്‍ പത്തനംത്തിട്ട ജനറല്‍ ആശുപത്രിയില്‍ അവസാന വര്‍ഷ പോസ്റ്റിങ്ങിനിടയിലാണ്, ഞാന്‍ ഇന്നും ഹൃദയവേദനയോടെ മാത്രം ഓര്‍ക്കുന്ന ഒരു സംഭവം നടന്നത്. അന്നും രാവിലെ പതിവ് പോലെ രോഗികളെ ഒന്ന് പരിചയപ്പെടാനാണ്‌ വാര്‍ഡില്‍ പോയത്, കൂട്ടത്തില്‍ അല്‍പ്പം പ്രായം ചെന്ന ഒരാള്‍ വാര്‍ഡിന്റെ ഒരു മൂലയിലെ കട്ടില്‍ തന്നെ ഇരിക്കുന്നത് കണ്ടു ഞാന്‍ അദ്ദേഹത്തിന്റെ അടുത്തേക്ക് സംസാരിക്കാനായി ചെന്നു. എനിക്ക് അല്‍പ്പം പ്രായമായവരോട് ഒരു പ്രത്യേക ഇഷ്ടമുണ്ട്, ഒരു പക്ഷെ വീട്ടില്‍ ഒരു മുത്തച്ഛന്റെ കുറവ് ഉള്ളത് കൊണ്ടാകാം.  ഈ അമ്മാവന്റെ കൂടെ ആരും ഉണ്ടായിരുന്നില്ല. അടുത്ത് ചെന്നു ചോദിച്ചു "എന്നാ ഉണ്ട് അമ്മാവാ?"
 തല കുംബിട്ടിരുന്ന അമ്മാവന്‍ മെല്ലെ തല ഉയര്‍ത്തി എന്നെ സൂക്ഷിച്ചൊന്നു നോക്കി എന്നിട്ട് ചെറുതായി ഒന്ന് ചിരിച്ചു.. ചോദിച്ചത് കേട്ടു കാണില്ല എന്ന് കരുത്തി ഞാന്‍ ഒന്നുടെ ചോദിച്ചു
"എന്ത് പറ്റി...ഒരു വിഷമം പോലെ..."
അപ്പോള്‍ അദ്ധേഹം പറഞ്ഞു."ഒന്നും ഇല്ല മോനെ...ഒരു വല്ലായ്മ... എഴുനേല്‍ക്കുമ്പോള്‍ ഒരു ചെറിയ തലകറക്കം..."
"അമ്മാവന്റെ കൂടെ ആരും ഇല്ലേ?"
 "ഉണ്ട് മകള് വീട്ടില്‍ വരെ പോയതാ...കുറച്ചു കഴിയുമ്പോള്‍  വരും...." അമ്മാവന്‍ പറഞ്ഞു.
 രോഗ വിവരം ഒക്കെ സംസാരിച്ചു വന്നപ്പോ ഞാന്‍ ചോദിച്ചു "മകള്‍ എപ്പോ വരും ഒത്തിരി ദൂരെയാണോ വീട്?"
"ഏയ്‌ ..ഒത്തിരി ദൂരെ ഒന്നും അല്ല... കൊടുമണ്‍- അങ്ങാടിക്കല്‍  ആന്നു.." ആ സ്ഥല പേര് കേട്ടപ്പോള്‍ M. രാജേഷ് ആണ് ആദ്യം മനസിലേക്ക് വന്നത്...
"കൊടുമണ്‍ ആണോ? കൊടുമണ്ണില്‍ രാജേഷിന്റെ  വീടിന്‌ അടുത്താണോ?"
അമ്മാവന്‍ മനസിലാകാത്ത പോലെ എന്നെ നോക്കി ഞാന്‍ വീണ്ടും  ചോദിച്ചു
" M. രാജേഷിനെ അറിയുമോ എന്നാണ് ചോദിച്ചത്.."
അത് കേട്ടതും അമ്മാവന്റെ മുഖഭാവം മാറി, ആ കണ്ണുകളിലേക്ക് ഒരു കടല്‍ ഇരമ്പി വരും പോലെ..ആ ശബ്ദം നന്നായി  ഇടറി.. ആ ഇടറിയ ശബ്ദത്തില്‍ എന്നോട് ചോദിച്ചു "രാജേഷിനെ അറിയുമോ?"
ഞാന്‍ പറഞ്ഞു "അറിയുമോ എന്ന് ചോദിച്ചാല്‍.....അറിയും.."
അമ്മാവന്‍ ഒരു ദീര്‍ഘശ്വാസം വലിച്ചു എന്നിട്ട് പറഞ്ഞു...
"രാജേഷ് എന്റെ കൊച്ചു മകന്‍ ആയിരുന്നു..."
എനിക്ക് താഴെ ഭൂമി പിളര്‍ന്നു പോകും പോലെ തോന്നി...ഞാന്‍ ഒരു നിമിഷം വല്ലാതെ ആയി പോയി..എന്ത് പറയണം എന്നറിയില്ല..ആശ്വാസ വാക്ക് പറയണോ..ഓര്‍മ്മിപിച്ചതിനു മാപ്പ് പറയണോ...ഒന്നും അറിയാന്‍ മേലത്ത വല്ലാത്ത ഒരു അവസ്ഥ...പിന്നെ എനിക്കവിടെ നില്ക്കാന്‍ തോന്നിയില്ല മനസിന്‌ വല്ലാത്ത ഭാരം തോന്നി...കുറച്ചു നേരത്തെ മൌനത്തിനു ശേഷം ഞാന്‍ പറഞ്ഞു "എന്നാ ഞാന്‍ കുറച്ചു കഴിഞ്ഞു വരാം അമ്മാവാ..." അതും പറഞ്ഞു ഞാന്‍ തിരിഞ്ഞു നടക്കാന്‍ ഒരുങ്ങി...അപ്പൊ അമ്മാവന്‍ പറഞ്ഞു "രാജേഷിന്റെ അമ്മയാണ് എന്റെ മകള്‍..കുറച്ചു കഴിഞ്ഞു വരുമെന്ന് പറഞ്ഞില്ലേ...അത്..." അമ്മ വരുമ്പോള്‍ വരാം എന്ന് പറഞ്ഞു ഞാന്‍ പോയി.. ഉച്ചക്ക് ശേഷം അമ്മയെയും വല്യമ്മയെയും പരിചയപ്പെട്ടു. അടുത്ത ഒക്ടോബര്‍ 31 നു തീര്‍ച്ചയായും വീട്ടില്‍ വരണമെന്ന് പറഞ്ഞു. ചെല്ലുമെന്ന് ഞാന്‍ ഉറപ്പു കൊടുത്തു.. അടുത്ത ഒക്ടോബര്‍ 31 നു സജിഅണ്ണനും ഹരീഷ് ചേട്ടനും ഒപ്പം കൊടുമണ്ണില്‍ പോയി....അമ്മയുടെ കയ്യില്‍ നിന്നും ഒരു ഗ്ലാസ്‌ പായസവും കുടിച്ചാണ് പോന്നത്. 
               ഓരോ ഒക്ടോബര്‍ 31 കടന്നു വരുമ്പോഴും ആ അമ്മാവന്റെയും അമ്മയുടെയും മുഖമാണ് മനസിലേക്ക് ആദ്യം വരുന്നത്. സ്വന്തം വയറ്റില്‍ പിറന്ന മകന് പകരമാകില്ലെങ്കിലും ഞങ്ങള്‍ ആയിരങ്ങള്‍ ഉണ്ട് അമ്മക്ക് താങ്ങായി....
             സ്വന്തം ചോരകൊണ്ട് ചരിത്രത്തില്‍ ചാര്‍ത്തുന്ന അടയാളമാണ്  രക്തസാക്ഷിത്വം....  ഞാന്‍ മറ്റുള്ളവന്റെ മുന്നില്‍ തലകുനിക്കാതിരിക്കാന്‍ എനിക്ക് മുന്നേ നിവര്‍ന്നു നിന്ന് മരണം വരിച്ചവര്‍...എന്റെ അഭിമാനത്തിനു വിലപറയാതെ ഇരിക്കാന്‍ സ്വന്തം ജീവന്‍ ബാലികൊടുത്തവര്‍.. നമുക്ക് മുന്നില്‍ ധീരമായി പൊരുതി മുന്നേറിയ പ്രിയ സഖാക്കള്‍.... സഖാവ് രാജേഷ്‌ന്റെ അനുസ്മരണദിനത്തില്‍ നമുക്ക് മുന്നേ നടന്നകന്ന എല്ലാ ധീരവിപ്ലവകാരികളുടേയും മുന്നില്‍ ശിരസു നമിക്കുന്നു.  

Friday, 21 October 2011

നീരില്‍ വീഴും പൂക്കള്‍.

                                                                     
                                                                     
                                 നഗരത്തിലെ പ്രശസ്തമായ ബാര്‍... സന്തോഷം ആണെങ്കിലും ദുഃഖമാണെങ്കിലും പങ്കുവക്കാന്‍ ആളുകള്‍ ആദ്യം തിരഞ്ഞെടുക്കുന്ന സ്ഥലം... ശീതികരിച്ച മുറിയുടെ നേര്‍ത്ത വെളിച്ചം മാത്രമുള്ള മൂലയില്‍ രണ്ടു കൂട്ടുകാര്‍. ഉള്ളിലെ വീര്‍പ്പുമുട്ടല്‍ ഒന്ന് തുറന്നു സംസാരിക്കാനാണ് സതീഷ്‌ കൂട്ടുകാരെനും കൂട്ടി അവിടെ എത്തിയത്...സാധാരണ ഒരു പ്രായമെത്തിയ ആളുകളില്‍ കണ്ടു വരുന്ന ഒരു രോഗം അവനും പിടിപ്പെട്ടിരിക്കുന്നു, ഊണിലും ഉറക്കത്തിലും ഒരു മുഖം മാത്രം ഒരു ചിരി മാത്രം...ലീ.....ന... ലീ ...ന...ലീ....ന...ല....ല...ലാ... എവിടെ തിരിഞ്ഞാലും ഓര്‍മ്മ തന്‍ ഭിത്തിയില്‍ ഒരു മുഖം മാത്രം ഒരു ചിത്രം മാത്രം... ലീ....ന...ലീ...ന...ലീ...ന..ല ല ല......   അതിനെ പ്രേമം എന്ന് വേണമെങ്കില്‍ വിളിക്കാം...സതീഷ് കൂട്ടുകാരനോട് ഉള്ളു തുറന്നു സംസാരിച്ചു...ആദ്യം കണ്ടത്, പരിചയപ്പെട്ടത്, സംസാരിച്ചത്, ഇഷ്ടങ്ങള്‍,  ഇണക്കങ്ങള്‍, പിണക്കങ്ങള്‍...അങ്ങനെ എല്ലാം....കൂട്ടുകാരന്‍ ഇതെല്ലം കേട്ട്  തന്റെ മുന്നിലെ കുപ്പി നിര്‍ധാഷണ്യം കാലിയാക്കി കൊണ്ടിരുന്നു....
"എവിടെ തുടങ്ങണം എങ്ങനെ തുടങ്ങണം എന്ന് എനിക്കറിയില്ല.. പക്ഷെ പറയാതെ പറ്റില്ല.... ഇനിയും ഇത് പറഞ്ഞില്ലെങ്കില്‍ ഒരു പക്ഷെ അവളെ എനിക്ക് നഷ്ടപ്പെട്ടെക്കും..!!" തണുത്ത ബിയര്‍ നുണഞ്ഞിറക്കി സതീഷ്‌ പറഞ്ഞു... കൂട്ടുകാരന്‍: ''അതിരിക്കട്ടെ ആരാ കക്ഷി?"
സതീഷ്‌: "ലീനയെ നിനക്ക് അറിയില്ലേ?"
അപ്പോഴേക്കും കൂട്ടുകാരന്‍ നല്ല ഫിറ്റ്‌ ആയിരുന്നു....
"ഡാ...നീ ഞാന്‍ പറയുന്നത് കേള്‍ക്കുനുണ്ടോ?'' സതീഷിന്റെ ചോദ്യം... പാതി അടഞ്ഞ കണ്ണ് പതിയെ നിവര്‍ത്തി കൂട്ടുകാരന്‍ പറഞ്ഞു "പിന്നെ.... ഞാന്‍ എല്ലാം കേള്‍ക്കുന്നുണ്ട്..ഒന്നും ഇല്ലെങ്കിലും അടിച്ച മദ്യത്തിനുള്ള നന്ദി ഞാന്‍ കാണിക്കും" 
സതീഷ്‌: "എങ്കി നീ പറ ഞാന്‍ എന്താ ചെയേണ്ടത്...?"
കൂട്ടുകാരന്‍: "ഓ..ഇതില്‍ ഇപ്പൊ പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല....നീ അവളോട്‌ പറഞ്ഞില്ലേ അവളെ ഇപ്പം നഷ്ടപ്പെടും....പറഞ്ഞാല്‍, കുറച്ചു നാളു കഴിഞ്ഞു നഷ്ടപ്പെടും..!!.അല്ലാതെ എന്താ.."
സതീഷ്‌: "ബെസ്റ്റ്...നീ നല്ല പൂസാ...നിനക്ക് കള്ള് വാങ്ങി തന്ന എന്നെ പറഞ്ഞാല്‍  മതിയല്ലോ...." 
കൂട്ടുകാരന്‍:"അല്ലേട...സത്യം..ഇതാണ് സത്യം....ഇത് മാത്രമാണ് സത്യം..ഇത് മാത്രമേ സത്യമോള്ളൂ...." കൂട്ടുകാരന്റെ ശബ്ദം വഴ-വഴന്നായി തുടങ്ങി...പറയുന്നത് തിരിയാത്ത അവസ്ഥ... "...നീ..മുരുകന്‍ കാട്ടാകടയെ അറിയുമോ?...നീ 'രേണുക'  കേട്ടിടുണ്ടോ? നിനക്ക് പ്രണയത്തെ കുറിച്ച് എന്തറിയാം.....
                                  'ഭ്രമമാണ് പ്രണയം.... വെറും ഭ്രമം... 
                                   വാക്കിന്റെ വിരുതിനാല്‍  തീര്‍ക്കുന്ന സ്പടിക സൗധം' ........" കൂട്ടുകാരന്‍ പരിസരം നോക്കാതെ ഉറക്കെ പാടാന്‍ തുടങ്ങി..
 സതീഷ്‌ ചുറ്റും നോക്കി...ആളുകള്‍ ശ്രദ്ധിക്കുന്നു...."ഡാ...മിണ്ടാതിരി..." കൂട്ടുകാരന്‍ കേട്ടമട്ടില്ല...അവന്‍ പാടികൊണ്ടേ ഇരുന്നു...
                            "എപ്പോഴോ തട്ടി തകര്‍ന്നു വീഴുന്നു നാം...
                             നഷ്ടങ്ങള്‍ അറിയാതെ നഷ്ട പ്പെടുന്നു നാം..."
        സതീഷ്‌ പതുക്കെ എഴുന്നേറ്റു ബില്‍ അടച്ചു  കൂട്ടുകാരനെ താങ്ങി എടുത്തു പുറത്തിറങ്ങി..കൂട്ടുകാരന്‍ അപ്പോഴും ഉറക്കെ പാടികൊണ്ടിരുന്നു..... 
                                    'ഭ്രമമാണ് പ്രണയം.... വെറും ഭ്രമം......'
                           ഒരു വിധം കൂട്ടുകാരനെ മുറിയില്‍ എത്തിച്ചു അടുത്ത ദിവസം സ്വപ്നം കണ്ടു അവന്‍ ഉറങ്ങി.... 
                              അടുത്ത ദിവസം എല്ലാം ശുഭമായി നടന്നു.....അവന്‍ തുറന്നു പറഞ്ഞു...അവള്‍ക്കും എതിര്‍പ്പൊന്നും ഉണ്ടായില്ല...ഒരു പ്രണയത്തിന്റെ തുടക്കം...അതങ്ങനെ പോയി....വളരെ ഭംഗി ആയി തന്നെ.....

                                                                         
                 
                                                                         2
"വാട്ട്‌ വില്‍ യു ടു ഇഫ്‌ ഔര്‍ റിലെഷന്‍ ബ്രെക്സ്‌...!!" (What will you do if our relation breaks......)
മൊബൈലില്‍ വന്ന അവസാന മെസ്സേജ് കണ്ട് എന്ത് പറയണം അന്നറിയാതെ ഒരു നിമിഷം. പലപ്പോഴും അങ്ങനാണ് നമ്മള്‍ പ്രതിഷിക്കാത്ത ചോദ്യങ്ങള്‍ക്ക് മുന്നില്‍ ആരും ഒന്ന് പതറും.. എന്ത് പറയണം..ഒന്നും പറയാന്‍ ഇല്ല...വര്‍ഷങ്ങളുടെ സൌഹൃതവും ഇടയ്ക്കു എപ്പോഴോ തോന്നിയ സ്നേഹവും  അതിനു പുറത്തു നെയ്തു കൂട്ടിയ സ്വപ്നങ്ങളും എല്ലാം.... എല്ലാം ഇല്ലാതെ ആകുന്നതിനെ കുറിച്ച് അവന്‍ ഒരിക്കല്‍ പോലും ചിന്തിച്ചിരുന്നില്ല......വിളിക്കാതെ ഇരിക്കാന്‍ കഴിയില്ല, വിളിച്ചു സംസാരിച്ചു. 'എന്ത് പറ്റി  ഇപ്പോള്‍ ഇങ്ങനെ?'....ചോദ്യം ന്യായമാണ് അറിയാനുള്ള അവകാശം ഉണ്ട്..'എനിക്കിവരുടെ കണ്ണിരു കാണാന്‍ കഴിയില്ല..' ഉത്തരവും ന്യായം.
സതീഷ്‌: 'വീട്ടില്‍ അറിഞ്ഞോ?'
ലീന: "..മമ്മി ചോദിച്ചു...എനിക്ക് പിടിച്ചു നില്ക്കാന്‍ പറ്റിയില്ല....." 
സതീഷ്‌:"മമ്മി എന്ത് പറഞ്ഞു?"
ലീന: "അന്യമതത്തില്‍ നിന്നും കെട്ടാം എന്ന് സ്വപ്നം കാണണ്ട എന്ന് പറഞ്ഞു.." നീണ്ട മൌനം...മതങ്ങള്‍ തീര്‍ത്ത മതിലിനു വലിപ്പം കൂടുതലാണ്.....മൌനത്തിനും 
സതീഷ്‌: 'തീരുമാനം നിന്റെയാണ്... നീ വീട്ടുകാരെ ഉപേക്ഷിച്ചു ഇറങ്ങി വരണം എന്നൊന്നും ഞാന്‍ പറയുന്നില്ല.....'
ലീന: 'വീട്ടുകാര്‍ സമ്മതിച്ചു ഇത് നടക്കില്ല' ശബ്ദം വല്ലാതെ ഇടറിയിരുന്നു...അല്ല, കരയുകയായിരുന്നു....
സതീഷ്‌:'നീ എനിക്ക് എത്രമാത്രം important ആണെന്ന് അറിയില്ലേ?'
ലീന: '.............അറിയാം .....പക്ഷെ...'    ഒരു അര്‍ത്ഥവും ഇല്ലാത്ത മൌനം....
'ഇനി ഞാന്‍ എന്ത് ചെയ്യണം?' ചോദിക്കുമ്പോള്‍ സതീഷിന്റെ കണ്ണ് നിറഞ്ഞിരുന്നു..
'എ...നി..ക്കറിയില്ല.' പറഞ്ഞു തീര്‍ക്കും മുമ്പ് അവള്‍  പോട്ടികരയന്‍ തുടങ്ങി......

                                                                       3
             വളരെ നാളത്തെ ഇടവേളയ്ക്കു ശേഷം അവര്‍ വീണ്ടും കണ്ടു.... പക്ഷെ ഇപ്പോള്‍ അവളുടെ വാക്കുകള്‍ക്ക് പഴയതിനേക്കാള്‍ കട്ടി... വളരെ ഉറച്ച തീരുമാനം... ''എന്റെ വീട്ടുകാര്‍ ഒരു കാരണവശാലും സമ്മതിക്കില്ല... എനിക്ക് ഇനിയും അവരുടെ കണ്ണീരു കാണാന്‍ കഴിയില്ല...മറക്കണം..."
"എന്തിനായിരുന്നു പിന്നെ?" ഉത്തരം ഇല്ലാത്ത ചോദ്യം, ഉത്തരം പ്രതിഷിച്ചല്ല ചോദിച്ചത് ഉത്തരം ഉണ്ടാകില്ല എന്ന് അറിയാം എന്നാലും വെറുതെ... പതിവ് മൌനത്തില്‍ അധികമായി ഒന്നും കിട്ടിയില്ല.

        അവള്‍ക്കു വേറെ വഴിയില്ലായിരുന്നു, ഒന്നെങ്കില്‍ വീട്ടുകാര്‍ അല്ലെങ്കില്‍ സ്നേഹിക്കുന്ന ആള്‍, ഇത് രണ്ടിനും ഇടയിലെ അകലം വളരെ വലുതായിരുന്നു... ഒന്ന് നഷ്ടപ്പെടുതികൊണ്ടേ മറ്റേതു നേടാന്‍ കഴിയു... വളര്‍ത്തി വലുതാക്കിയ അപ്പനും അമ്മയും ഒരു വശത്ത് നില്‍ക്കുമ്പോള്‍ ഇന്നലെ കണ്ട ആള്‍ക്ക് എന്ത് വില..!!!കൂടുതല്‍ പ്രതീക്ഷകള്‍ നല്‍ക്കി വളരെ വേദനിപ്പിക്കുന്ന ഒരു വിരഹം നല്‍ക്കുന്നതിലും നല്ലത് ഉറച്ച തീരുമാനം എടുത്തു പിരിയുന്നതാണ് എന്ന് കരുതി കാണും...പക്ഷെ അപ്പോഴും ഒരു സംശയം ബാക്കി അവളുടെ ഇഷ്ടത്തിനു എതിര് നില്‍ക്കുന്നവര്‍ അവളെ എത്രമാത്രം സ്നേഹിക്കുന്നു..
                      പിന്നീടു അങ്ങോടു മെസ്സജുകള്‍ക്ക് മറുപടി ഇല്ലാതെ ആയി....ഫോണ്‍ വിളിച്ചാല്‍ എടുക്കാതെ ആയി.... എന്തെങ്കിലും കാരണം ഉണ്ടാക്കി എന്നും കണ്ടിരുന്നവര്‍ കാരണം ഉണ്ടെങ്കിലും കാണാന്‍ ശ്രമിക്കാതെ ആയി...ഒന്ന് കാണാന്‍ മണിക്കൂറുകള്‍ കാത്തു നിന്നവര്‍ ഒരു മിനിറ്റു പോലും കാക്കാതെ ആയി... ഒരുമിച്ചു യാത്ര ചെയ്തവര്‍ അവസരം ഉണ്ടായിട്ടും വേണ്ടെന്നു വച്ചു..ആദ്യം ബര്‍ത്ത് ഡേ വിഷ് ചെയ്യാന്‍ ഉറങ്ങാതെ 12  മണിക്കായി കാത്തിരുന്നവര്‍ ജന്മദിനം മറന്നു എന്ന് നടിച്ചു....അങ്ങനെ മതം തീര്‍ത്ത മതില്‍ രണ്ടു ഹൃദയങ്ങളെ വല്ലാതെ അകത്തി... പ്രേമം ഒരുകണക്കിന് പറഞ്ഞാല്‍ കടല്‍ കരയില്‍ എഴുതിയ വാക്ക് പോലെയാണ്...ഏതു നിമിഷവും തിരമാല വന്നത് മായ്ച്ചു കളയാം...

                                                                4 
                     നഗരത്തിലെ പഴയ അതെ ബാര്‍....അതെ ഇരുളടഞ്ഞ മൂലയിലെ ടേബിള്‍....പഴയ കൂട്ടുകാരനൊപ്പം സതീഷ്....മുരുകന്‍ കാട്ടാകടയുടെ 'രേണുക' ആസ്വദിച്ചു ചൊല്ലുന്നു.....
                                    ''ഭ്രമമാണ് പ്രണയം.... വെറും ഭ്രമം...

                                   വാക്കിന്റെ വിരുതിനാല്‍  തീര്‍ക്കുന്ന സ്പടിക സൗധം ........" 

                                    എപ്പോഴോ തട്ടി തകര്‍ന്നു വീഴുന്നു നാം...

                                  നഷ്ടങ്ങള്‍ അറിയാതെ നഷ്ട പ്പെടുന്നു നാം...
                               
                                  ഓര്‍മിക്കുവാന്‍ ഞാന്‍ നിനക്കെന്തു നല്ക്കണം....
                               
                                      ഓര്‍മിക്കണം എന്ന വാക്കുമാത്രം....... 

ഇത്തവണ കൂട്ടുകാരനേക്കാള്‍ ശബ്ദം സതീഷിനു ആയിരുന്നു....!!!                

             


പ്രേമിക്കുമ്പോള്‍ നീയും ഞാനും നീരില്‍ വീഴും പൂവാണെന്നു ഒരു സിനിമ പാട്ട് ഓര്‍ത്തുപോകുന്നു ...ഒന്നെങ്കില്‍ പ്രേമത്തിന്റെ നീലവെളിച്ചത്തില്‍ , വെള്ളത്തില്‍ വീണ പൂ പോലെ ഇങ്ങനെ ഒഴുകി നടക്കും...അല്ലെക്കില്‍ ബാറിലെ   വെള്ളത്തില്‍ വീണു ഈരേഴു പതിനാല് ലോകങ്ങളും കണ്ടു ഇങ്ങനെ ഒഴുകി നടക്കും...(ചെറിയ ഒരു ശതമാനത്തിന്റെ കാര്യമാണേ) 

(ഇതിലെ കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കല്‍പ്പികം മാത്രം. ഒട്ടുമിക്ക പ്രേമകഥകളും ഇങ്ങനെ  ബാറില്‍ തുടങ്ങി ബാറില്‍ അവസാനിക്കുന്നത്‌ കൊണ്ട് പലരുടെയും ജീവിതകഥകളുമായി ഇതിനു സാമ്യം കണ്ടേക്കാം. ഇതിലെ വാക്കോ പ്രയോഗങ്ങളോ ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ മാപ്പാക്കണം.)

Saturday, 15 October 2011

അല്പം ചിരിക്കാനും അല്‍പ്പം ചിന്തിക്കാനും


              ഇത് ഒരു വൃദ്ധനെ പറ്റിയുള്ള തമാശയാണ്,   ഈ വൃദ്ധന്‍ ഹോട്ടല്‍ ആണെന്ന് കരുതി ബാര്‍ബര്‍ ഷോപ്പില്‍ കയറി,
 അപ്പോള്‍ വൃദ്ധന്‍ ബാര്‍ബറോട്: 'എന്തുണ്ട്?'  
അപ്പോള്‍ ബാര്‍ബര്‍ : 'കട്ടിങ്ങും ഷേവിങ്ങും'. 
അപ്പോള്‍ വൃദ്ധന്‍: 'രണ്ടും ഓരോ പ്ലേറ്റ് പോരട്ടെ.'

                                                   ഹോട്ടലെന്നു കരുതി....
                           ശ്രീനിവാസന്‍ തകര്‍ത്തു അഭിനയിച്ച ഈ ചിത്രവും ഈ രംഗവും എത്ര കണ്ടാലും നമ്മള്‍ ചിരിക്കും... ഇത് പോലെ മലയാളികള്‍ ഏറെ ചിരിച്ച ഇന്നും നമ്മളെ ചിരിപ്പിക്കുന്ന ചില സംഭാഷണങ്ങള്‍ ആണ് ഇവിടെ പങ്കുവയ്ക്കുന്നത്. 


                                              ഒരു ഗ്ലാസ്‌ ബ്രാണ്ടി വേണായിരുന്നു.
പവനായി. "I am not an 'അലവലാതി'..!! 
ഇതില്‍ ഡയലോഗ് ഒന്നും ഇല്ല ഈ ചിത്രം തന്നെ ധാരാളം..


               ഇത് ആയിരത്തില്‍ ഒരംശം മാത്രമാണെന്ന് അറിയാം...ഇതുപോലെ എപ്പോള്‍ കണ്ടാലും ചിരിച്ചു പോകുന്ന ഒരുപാട് രംഗങ്ങള്‍ മലയാള സിനിമയില്‍ ഉണ്ട്..  
             അടുത്തിടെ ഒരു ബ്ലോഗില്‍ വായിച്ചാ കഥയാണ് ഇത്രയും പറയാന്‍ കാരണം , ആ കഥ ഇപ്രകാരമാണ്....ഒരിക്കല്‍ ഒരു പ്രാസംഗികന്‍ സ്റ്റേജില്‍ പ്രസഗിക്കുന്നു, പ്രസഗത്തിനിടയില്‍ അദ്ദേഹം  ഒരു തമാശ പറഞ്ഞു എല്ലാവരും ചിരിച്ചു, ചിരിയടങ്ങിയപ്പോള്‍ അതെ തമാശ ഒന്ന് കൂടെ പറഞ്ഞു ആദ്യം ചിരിച്ച അത്രേം ആളു കള്‍ ചിരിച്ചില്ലെങ്കിലും കുറച്ചു ആളുകള്‍ ചിരിച്ചു, എന്നാല്‍ മൂന്നാമതും അതെ തമാശ പറഞ്ഞപ്പോ ആരും ചിരിച്ചില്ല കൂടാതെ കൂട്ടത്തില്‍ ആരോ 'ഇയാക്ക്‌ വട്ടാണോ' എന്നൊരു കമെന്റും വിട്ടു...അപ്പൊ പ്രാസംഗികന്‍ ചോദിച്ചു ''ഒരേ തമാശ മൂന്ന് പ്രാവശ്യം പറഞ്ഞപ്പോ ചിരിക്കാത്ത നിങ്ങള്‍ ഒരേ കാര്യം ഓര്‍ത്തു വീണ്ടും വീണ്ടും കരയുന്നത് എന്തിനു..!!!" 
"ഞാന്‍ പറഞ്ഞത് മനസിലായവര്‍ക്കായി  ദൈവത്തെ സ്തുതിക്കുന്നു..."


(ആ ഡയലോഗില്‍ ക്ലിക്ക് ചെയ്തു വീഡിയോ കാണാന്‍ മറക്കരുത്..)