Friday, 11 November 2011

"കാവല്‍ സാത്താന്‍"

   
                 ഞങ്ങടെ നാട്ടില്‍ മൂന്ന് ചെറുപ്പക്കാരുണ്ടായിരുന്നു, മാത്യു, ബിനു , ജോസ് (യഥാര്‍ഥ പേരുകള്‍ അല്ല എന്ന് പ്രത്യേകം പറയണ്ടല്ലോ അല്ലെ..)  ഉണ്ടായിരുന്നു എന്ന് പറഞ്ഞാല്‍ ഇപ്പോഴും ഉണ്ട്, പക്ഷെ ഇപ്പൊ ചെറുപ്പം അല്ല അല്‍പ്പം പ്രായമായി. സത്യക്രിസ്ത്യാനികള്‍ ആയതു കൊണ്ട് അവര്‍ക്ക് വീഞ്ഞിനോട് ഭയങ്കര പ്രിയമായിരുന്നു.
                കള്ളടിക്കുന്ന കര്യത്തിനോപ്പം വിറ്റടിക്കുന്ന കാര്യത്തിലും  മൂന്നു പേരും ഒന്നിനൊന്നു മെച്ചം... ഒരിക്കല്‍ അടിച്ചു കുറ്റിയായിരുന്ന ജോസിനോട് ഒരാള്‍ ചോദിച്ചു "എടാ.... എന്തിനാട ഇങ്ങനെ കുടിക്കുന്നെ...???"
ജോസ് വളരെ കൂളായി മറുപടി പറഞ്ഞു "സ്വര്‍ഗത്തില്‍ പോകാന്‍...!!!"
കേട്ടുനിന്നവര്‍ അന്തം വിട്ടപ്പോള്‍ ജോസ് വിശദീകരിച്ചു "അന്ത്യ അത്താഴത്തിനു കര്‍ത്താവ് എന്നതാ പറഞ്ഞെ? വീഞ്ഞും വെള്ളവും കൂടി ചേര്‍ത്താണ് അന്ന് കൊടുത്തത്..." മറ്റൊരു അവസരത്തില്‍ ബിനു മറ്റു രണ്ടു പേരോടുമായി പറഞ്ഞു "യേശു നല്ലവനാട..." ഇവന്‍ പൂസായി പോന്തകൊസ്തയോ എന്ന മട്ടില്‍ ജോസും മാത്യുവും ബിനുവിനെ നോക്കി...ബിനു തുടര്‍ന്ന് പറഞ്ഞു.."പണ്ട് കല്യാണ വീട്ടില്‍ വീഞ്ഞ് തീര്‍ന്നപ്പോള്‍ ടപ...ടപ്പേന്നല്ലേ  സംഗതി റെഡിയാക്കി  കൊടുത്തെ...അതാണെടാ സ്നേഹം....!!!"
            അങ്ങനെ വളരെ ഭംഗിയായി കാര്യങ്ങള്‍ മുന്നോട്ടു പോയി...എന്നാല്‍ എല്ലാത്തിനും ഉണ്ടല്ലോ ഒരു ലിമിറ്റ്, 'മാറ്റാമോഴിച്ചു മറ്റെല്ലാം മാറ്റത്തിന് വിധേയമാകണം' എന്ന പ്രകൃതി നിയമം ഇവരുടെ കാര്യത്തിലും സംഭവിച്ചു. ഇവര്‍ക്ക് മൂന്നുപേര്‍ക്കും തങ്ങളുടെ ജീവിത രീതിയോട് ഒരു വിരക്തി തോന്നി തുടങ്ങി, സമൂഹം തങ്ങളെ പുച്ഛത്തോടെ കാണുന്നു എന്നുള്ള തിരിച്ചറിവ് അവരെയും ബാധിച്ചു, ഇപ്പോള്‍ ഉള്ള ചീത്ത സ്വഭാവങ്ങള്‍ എല്ലാം നിര്‍ത്തി ഒന്ന് നന്നാവണം എന്ന് മൂവര്‍ക്കും തോന്നി തുടങ്ങി. അങ്ങനെ അവര്‍ മൂന്നുപേരും കൂടി കുടിയും വലിയും ഒക്കെ നിര്‍ത്തണം എന്ന തീരുമാനത്തില്‍ എത്തി. ചെറിയ പൊടിക്കൈകള്‍ ഒക്കെ പ്രയോഗിച്ചു നോക്കി, പക്ഷെ "വലിയും കുടിയും ഒക്കെ നിര്‍ത്താന്‍ ഭയങ്കര എളുപ്പമ...ഞാന്‍ തന്നെ ഒരു 12 പ്രാവശ്യമെങ്കിലും നിര്‍ത്തിയിട്ടുണ്ട്..." എന്ന് പണ്ടാരോ പറഞ്ഞ പോലെ ഒന്നും അത്ര ഫലം കണ്ടില്ല... ഒടുവില്‍ മൂന്നുപേരും കൂടി ഒരു കടുത്ത തീരുമാനത്തില്‍ എത്തി...ഒരാഴ്ച ധ്യാനം കൂടുക....
      അങ്ങനെ ആ ദിവസം വന്നെത്തി... പണിസ്ഥലത്തു ഒരാഴ്ചത്തെ അവധി പറഞ്ഞു ഒരു തിങ്കളാഴ്ച രാവിലെ അവര്‍ അടിമാലിയില്‍ നിന്നും പുറപ്പെട്ടു... എല്ലാം നിര്‍ത്താനുള്ള പോക്കാണല്ലോ എന്ന് കരുതി അടിമാലി 'മാതാ' ബാറില്‍ നിന്നും ന്യായം കേറ്റിട്ടാണ് യാത്ര തുടങ്ങിയത്...കോതമംഗലത് എത്തിയപ്പോ കേട്ടിറങ്ങി...അവിടത്തെ ബാറില്‍ നിന്ന് അടുത്തത് ചാര്‍ജ് ചെയ്തു...അടുത്ത സ്റ്റോപ്പ്‌ പെരുമ്പാവൂര്‍ അവിടെ പിന്നെ ബാറില്‍ കയറിയില്ല ഒരു കുപ്പിയും എടുത്തു ഒരു റൂമും എടുത്തു അവിടെ തന്നെ കൂടി..... അടുത്ത ദിവസം വീണ്ടും യാത്ര തുടങ്ങി...പെരുമ്പാവൂരില്‍ നിന്നെ അടി തുടങ്ങി....അടുത്ത സ്റ്റോപ്പ്‌ അങ്കമാലി അവിടന്നും കീറി...പിന്നെ മുരിങ്ങൂര്‍ ഇറങ്ങാതെ നേരെ ചാലകുടി...അവിടെ റൂമെടുത്തു..ഒരു ദിവസം അവിടെ...!!! അങ്ങനെ വെറും  മൂന്നര-നാലു മണിക്കൂര്‍ കൊണ്ട് പൂര്‍ത്തിയാക്കേണ്ട യാത്ര മൂന്നു ദിവസം കൊണ്ട് പൂര്‍ത്തിയാക്കി ബുധനാഴ്ച രാവിലെ ധ്യാന കേന്ദ്രത്തില്‍ എത്തി...!!!
        ധ്യാനം എന്തായാലും വളരെ നന്നായി കൂടി... പനക്കല്‍ അച്ഛന്റെ ഉപദേശം അവര്‍ ശിരസാ വഹിച്ചു... ഒരു ക്ലാസ്സില്‍, ഓരോരുത്തര്‍ക്കും ഒപ്പം അവരെ സംരക്ഷിക്കാനും ഉപദേശിക്കാനും ഉള്ള കാവല്‍ മാലാഖ യെ കുറിച്ച് പറഞ്ഞത് അവര്‍ ശ്രദ്ധയോടെ കേട്ടിരുന്നു...ക്ലാസ്സ്‌ എടുത്ത അധ്യാപകന്‍ കാവല്‍ മാലാഖയെ കുറിച്ച് വിശദീകരിച്ചു.. "കാവല്‍ മാലാഖയെ ഈ പറയുന്ന  രൂപത്തില്‍ നിങ്ങള്ക്ക് കാണാന്‍ കഴിയില്ല, എങ്കിലും നിങ്ങളുടെ ജീവിതത്തിലേക്ക് ഒന്ന് തിരിഞ്ഞു നോക്കിയാല്‍ ആ മാലാഖയെ പല രൂപത്തില്‍ കാണാന്‍ കഴിയും...നിങ്ങളുടെ മാതാ പിതാക്കളുടെ രൂപത്തില്‍, സുഹൃത്തുകളുടെ രൂപത്തില്‍, അയല്‍ക്കാരുടെ രൂപത്തില്‍, സഹപാഠിയുടെ രൂപത്തില്‍, ഏതെങ്കിലും പ്രതിസന്ധിയില്‍ നിങ്ങളെ സഹായിച്ചവരുടെ രൂപത്തില്‍ അങ്ങനെ ജീവിതത്തില്‍ ഏതെങ്കിലും ഒരു ഘട്ടത്തില്‍ നിങ്ങള്ക്ക് ഒപ്പം നിന്നവരുടെ രൂപത്തില്‍ ഈ മാലാഖ നിങ്ങളുടെ ജീവിതത്തിലേക്ക് കടന്നു വരും..." ക്ലാസ്സുകളും ധ്യാനവും വളരെ ഭംഗിയായി കഴിഞ്ഞു..പുതിയ ഒരു ഉണര്‍വോടെ പുതിയ തീരുമാനങ്ങളുമായി അവര്‍ നാട്ടില്‍ തിരികെ എത്തി.
           ഏതാനും ദിവസങ്ങള്‍ നല്ലകുട്ടികള്‍ ആയി നടന്നെങ്കിലും ഒരു ദിവസം ജോസിനും ബിനുവിനും പിടിവിട്ടു...എന്നാല്‍ മാത്യുവിന്റെ കാര്യം എന്താണെന്നു അറിയില്ലാത്തത് കൊണ്ട് മാത്യുവിനെ കൂട്ടാതെ ഇവര്‍ രണ്ടുപേരും രഹസ്യമായി വീണ്ടും കലാപരിപാടികള്‍ ആരംഭിച്ചു.. ആയിടക്കാണ്‌ അനധികൃത മദ്യ വില്പ്പനക്കെത്തിരെ പോലീസ് ശക്തമായ നടപടികള്‍ സ്വീകരിച്ചു തുടങ്ങിയത്, ബീവറെജില്‍ നിന്നും വാങ്ങിയത് ആണെങ്കിലും എവിടെയെങ്കിലും വച്ച് കഴിക്കുന്നത്‌ കണ്ടാല്‍ പോലീസ് പിടിക്കും.ജോസിനും ബിനുവിനും പോലീസിനൊപ്പം മാത്യുവിനെയും പേടിക്കണമായിരുന്നു..ഒരുമിച്ചു പോയി ഉറച്ച തീരുമാനമെടുത്തു മടങ്ങി വന്നിട്ട് ഇവര്‍ വീണ്ടും വഴിതെറ്റി എന്നറിയുമ്പോള്‍ മാത്യു എങ്ങനെ പ്രതികരിക്കും എന്നറിയാത്തതു കൊണ്ട് ഉള്ള ഒരു വിഷമം...എന്തായാലും അന്ന് പതിവ് പോലെ പണി കഴിഞ്ഞു സന്ധ്യയോടെ ജോസും ബിനുവും വെള്ളമടിക്കു ഒന്നിച്ചു...തിരക്കില്‍ നിന്നും ഒഴിഞ്ഞു മാറി റോഡിനു സമീപം തന്നെ  ഒരു പെട്ടികടയുടെ പുറക്കില്‍ നിന്ന് കുപ്പി തുറന്നു ഗ്ലാസുകളിലേക്ക് പകര്‍ത്തി.. ഇരിട്ടു വീണു തുടങ്ങിയിരുന്നത് കൊണ്ട് അളവ് കാണാന്‍ വേണ്ടി ദൂരെ നിന്ന് വന്ന ഒരു വാഹനത്തിന്റെ വെട്ടത്തില്‍ ഗ്ലാസ്‌ പൊക്കി പിടിച്ചു  അളവ് നോക്കി..പക്ഷെ നിര്‍ഭാഗ്യമെന്നു പറയട്ടെ വാഹനത്തില്‍ വന്നയാള്‍ വണ്ടിയുടെ വെട്ടത്തില്‍ അളവ് നോക്കുന്ന ജോസിനെ കണ്ടു... വണ്ടി പതുക്കെ സ്ലോ ആകുന്നത്‌ കണ്ടു ജോസ് ബിനുവിനോട് പറഞ്ഞു "അളിയാ പണി പാളി.. പെട്ടന്ന് അടിച്ചോ...ആ വണ്ടി സ്ലോ ആക്കി...!!" പക്ഷെ അപ്പോഴേക്കും വണ്ടി ഒതുക്കി അതില്‍ നിന്നും ചുണ്ടില്‍ എരിയുന്ന സിഗരറ്റുമായി ഒരാള്‍ അവരുടെ അടുത്തേക്ക് എത്തി...അത് മാത്യു ആയിരുന്നു...!! "നന്നാവണം എന്ന് ഒരു ആഹ്രഹോം ഇല്ല അല്ലെ?" ചിരിച്ചു കൊണ്ട് മാത്യു ചോദിച്ചു...എന്നിട്ട് അവര്‍ക്കൊപ്പം കൂടി... മൂന്നുപേരും കൂടി ഉണ്ടായിരുന്ന മദ്യം സമാധാനത്തില്‍ അടിച്ചു...ഒരു ചെറിയ കിക്കായപ്പോള്‍ മാത്യു മുകളിലേക്ക് നോക്കി പറഞ്ഞു... "കാവല്‍ മാലഖക്ക് പകരം രണ്ടു 'കാവല്‍ സത്തന്മാരെ' ആണല്ലോ കര്‍ത്താവെ നീ എന്റെ ഒപ്പം അയച്ചത്...!!!"

3 comments: