Friday, 25 November 2011

"ആരും വടിയുമായി വരില്ല..!!!"

     

      ബൈബിളില്‍ ഒരു കഥയുണ്ട്, ഫറവോയുടെ അടിമത്വത്തില്‍ നിന്നും ഇസ്രയേല്‍ ജനതയെ മോചിപ്പിച്ചുള്ള യാത്രാമധ്യേ പിന്നാലെ എത്തിയ ഫറവോക്കും  മുന്നിലെ കടലിനും ഇടയില്‍ എന്തുചെയ്യണം എന്നറിയാതെ ഉഴറിയ മോശയോട് ദൈവം പറയും 'മോശെ നീ നിന്റെ കൈയിലെ വടികൊണ്ട് ജലത്തില്‍ അടിക്കാ' എന്ന് മോശ അപ്രകാരം ചെയ്യുകയും കടല്‍ രണ്ടായി പിളര്‍ന്നു ജലം ഇരുവശവും മതില്‍ പോലെ നില്‍കുകയും ചെയ്തു, നടുവിലെ വരണ്ട നിലത്തു കൂടി കടല്‍ മുറിച്ചു കടന്ന ഇസ്രയേല്‍ ജനം ഫറവോയുടെ കൈയില്‍ നിന്നും രക്ഷപ്പെട്ടു മറുകര കടന്നു എന്നുമാണ് ആ കഥ.  
       മുല്ലപെരിയാര്‍ വിഷയത്തില്‍ ചില ആളുകളുടെ നിസംഗത കാണുമ്പോള്‍ ആരെങ്കിലും വടിയുമായി വന്നു വെള്ളം തടഞ്ഞു നിര്‍ത്തും എന്ന് കരുതിയാണോ അവര്‍ അനങ്ങാതെ ഇരിക്കുന്നത് എന്ന തോന്നി പോകുന്നു, ദൈവങ്ങള്‍ നേരെ ഇറങ്ങി വരുന്ന കാലം കഴിഞ്ഞത് അവര്‍ അറിഞ്ഞില്ലെന്നു തോന്നുന്നു!! പ്രിയ സുഹൃത്തുക്കളെ സമയം തീരെയില്ല..കഴിഞ്ഞ 8 മാസങ്ങള്‍ക്കിടയില്‍ റിക്റെര്‍ സ്കെയിലില്‍ 2.5 നു മുകളില്‍ രേഖപ്പെടുത്തിയ 22 തുടര്‍ ചലനങ്ങളാണ് ഇടുക്കി മേഖലയില്‍ ഉണ്ടായത്‌..ഇനി നമ്മള്‍ മിണ്ടാതെ, പ്രതികരിക്കാതെ ഇരിക്കുന്ന ഓരോ നിമിഷവും നമ്മുടെ സഹജീവികളുടെ ജീവന്‍ കൂടുതല്‍ കൂടുതല്‍ അപകടതിലെക്കാണ് പോകുന്നത്.
                 
                       "ചാവാതിറങ്ങാന്‍ നിയമമില്ലിതെത്ര
                       നേരമായ് കാത്തിരിപ്പാണ് നാശം"
                 
                            മുരുകന്‍ കാട്ടാകട സാറിന്റെ 'ഉണരാത്ത പത്മതീര്‍ത്ഥങ്ങള്‍' എന്നാ കവിതയിലെ ഈ വരികള്‍ നമ്മുടെ തന്നെ മനസക്ഷിയിലെക്കുള്ള ചൂണ്ടുപലകയല്ലേ? ഈ വിഷയത്തില്‍ പ്രതികരിക്കാതെ മാറിനില്‍ക്കുന്ന, അല്ലെങ്കില്‍ ഒരു അക്ഷരം പോലും മിണ്ടാതെ ഇരിക്കുന്ന എല്ലാവരും പറയാതെ പറയുന്നത് ഇത് തന്നെയാണ്. .  110 വര്‍ഷങ്ങള്‍ക്കു മുന്‍പ് കമ്മീഷന്‍ ചെയ്ത ഒരു അണക്കെട്ട് ജന ജീവിതത്തിനു ഭീഷണിയായി നില്ക്കാന്‍ തുടങ്ങിയിട്ട് കാലം കുറെയായി. ആ ഡാമിന് എന്തെങ്കിലും സംഭവിച്ചാല്‍ അത് കേരളത്തെ എങ്ങനെയാണു ബാധിക്കുക എന്ന് വ്യക്തമായിട്ടും എന്തുകൊണ്ടാണ് നമുക്ക് വേണ്ടി ശബ്ദമുയര്‍തേണ്ടവര്‍ മിണ്ടാതെ ഇരിക്കുന്നത്? പഠനങ്ങളില്‍ എല്ലാം ഡാമിന്റെ അവസ്ഥ ഭയാനകമായ വിധത്തില്‍ ആണെന്ന് വ്യകതമായിട്ടും നമ്മുടെ ഭരണാധികാരികള്‍ ശക്തമായ ഒരു നിലപാടെടുത്തു ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കാന്‍ മുന്നോട്ടു വരാത്തത് എന്തുകൊണ്ടാണ്? നമ്മുടെ കേന്ദ്ര മന്ത്രിമാര്‍ ഈ വിഷയത്തില്‍ അവരുടെ നിലപാട് വ്യകതമാക്കാത്തത് എന്ത് കൊണ്ടാണ്? ദേശിയ ശ്രദ്ധയില്‍ ഈ വിഷയം കൊണ്ടുവരാന്‍ നമ്മുടെ രാഷ്ട്രിയ പാര്‍ട്ടികള്‍ക്ക് കഴിഞ്ഞോ? തമിഴ് നാടിനും കേരളത്തിനും സ്വീകാര്യമായ ഒരു ഒത്തു തീര്‍പ്പ് ഫോര്‍മുല രൂപപ്പെടുത്താന്‍ നമ്മുടെ കേന്ദ്ര മന്ത്രിസഭ എന്തുകൊണ്ട് മുതിരുന്നില്ല? കോടതിക്കെതിരെ ശബ്ദിച്ചാല്‍ വാളെടുക്കുന്ന കോടതി എന്തെ ഇ വിഷയം കണ്ടില്ലേ?

മോശയുടെ ആ വടി, അത് നമ്മുടെ കൈയില്‍ തന്നെയില്ലേ...?? 
         
       നമ്മളില്‍ ബഹുഭൂരിപക്ഷവും ചെറുപ്പകാലത്ത് വലിയ ആരാധനയോടെ കണ്ടിരുന്ന ഒരു വിഭാഗമാണ് 'സൂപ്പര്‍ ഹൂമന്‍സ്', അമാനുഷികശക്തിയുള്ള   അവരോടു എന്തുകൊണ്ടാണ് ന മുക്ക് ആരാധന തോന്നിയിരുന്നത്? അവര്‍ അനീതിയോട് പ്രതികരിക്കുന്നു, നഗരത്തില്‍ എവിടെ അനീതി നടന്നാലും അവരുടെ ആറാം ഇന്ദ്രിയത്തില്‍ അതിനെ കുറിച്ച് അറിയുന്നു, അവിടെ എത്തുന്നു അക്രമികളെ തുരത്തുന്നു, അവരുടെ ശക്തിക്ക് മുന്നില്‍ എല്ലാ എതിരാളികളും നിലംപരിശാകുന്നു ഇതൊക്കെയല്ലേ അവരോടു നമുക്ക് ആരാധന ഉണ്ടാക്കിയത്?
       ഒന്ന് ആലോചിച്ചു നോക്കു ഒരുകണക്കിന് നമ്മള്‍ എല്ലാം 'സൂപ്പര്‍ ഹൂമന്‍സ്' അല്ലെ? ലോകത്തിന്റെ ഇതു കോണില്‍ നടക്കുന്ന സംഭവങ്ങളും ഇന്ന് ഒരു നിമിഷം കൊണ്ട് നമ്മുടെ മുന്നില്‍ എത്തുന്നു, എല്ലാവരുമായി നമ്മെ ബന്ധിപ്പിക്കുന്ന ഒരു ആറാം ഇന്ദ്രിയം നമ്മുടെ എല്ലാവരുടെയും കൈയില്‍ മൊബൈല്‍ രൂപത്തില്‍ ഇല്ലേ? നമ്മള്‍ ഒരുമിച്ചു നിന്നാല്‍ അതിനു മുന്നില്‍ പിടിച്ചു നില്ക്കാന്‍ ഒരു ഭരണകൂടത്തിനുമാകില്ല  എന്ന് ഈജിപ്റ്റിലും ടുണിഷ്യയിലും ലിബിയയിലും സിറിയയിലും തുടങ്ങി വിവിധ ലോകരാജ്യങ്ങളില്‍ തെളിയിക്കപ്പെട്ടതാണ്. നമ്മള്‍ നമ്മുടെ ഉള്ളിലെ കരുത്തു തിരിച്ചറിഞ്ഞു ഒന്നിച്ചു നില്‍ക്കണം. നമ്മള്‍ ആവശ്യപ്പെടുന്നത് നമ്മുടെ നിഷ്ക്കളങ്കരായ നമ്മുടെ സഹോദരങ്ങളുടെ ജീവനാണ് മറ്റൊന്നും നമ്മള്‍ക്ക് വേണ്ട.

                       
 
           കുറച്ചു ദിവസത്തേക്ക് നിങ്ങള്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുമ്പോള്‍ അല്‍പ്പ സമയം മുല്ലപ്പെരിയാറിന് മാറ്റിവയ്ക്കുക, ഇപ്പോള്‍ ഉണ്ടായിരിക്കുന്ന ഈ മുന്നേറ്റം ഒരു വിജയമായി മാറുവാന്‍ തന്നാല്‍ കഴിയ്ന്ന ഒരു ചെറിയ സഹായമെങ്കിലും ചെയ്യാന്‍ ശ്രെമിക്കുക, മുല്ലപെരിയാര്‍ വിഷയവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പ്രചരിപ്പിക്കാന്‍ അവരവര്‍ക്ക് കഴിയുന്നത്‌ ചെയ്യുക, മുഖ്യമന്ത്രി മറ്റു രാഷ്ട്രിയനേതാക്കള്‍ എന്നിവരെ ഓണ്‍ലൈന്‍ ആയി പരാതികള്‍ അറിയിക്കാന്‍ സൗകര്യം ഉള്ളത് പ്രയോചനപ്പെടുത്തുവനും മറ്റുള്ളവരെ അത് അറിയിക്കാനും ശ്രമിക്കുക, കേരളത്തിന്റെ മുക്കിലും മൂലയിലും ഈ വിഷയത്തില്‍ ജനകീയ പ്രക്ഷോപങ്ങള്‍ സങ്കടിപ്പികുവാന്‍ ശ്രമിക്കുക്ക, ഇപ്പോള്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്ത് പകരുക... ഇങ്ങനെ കുഞ്ഞു കുഞ്ഞു കാര്യങ്ങളിലൂടെ നമുക്ക് വലിയ കാര്യങ്ങള്‍ നേടാന്‍ കഴിയും. ഒന്നും അല്ലാതിരുന്ന സന്തോഷ്‌ പണ്ടിറ്റിനെ ഇന്ന് കേരളം അറിയുന്നവന്‍ ആക്കി മാറ്റാന്‍ നമ്മള്‍ ഒഴുക്കിയ വിയര്‍പ്പോന്നും ഇതിനു ആവശ്യമില്ല.

          ഇനിയും മിണ്ടാതെ വിധിയെ പഴിച്ചു ജീവിക്കുന്നതില്‍ അര്‍ത്ഥമില്ല, ഒരു ദിവസം എല്ലാം സംഭവിച്ചു കഴിഞ്ഞു ലക്ഷങ്ങള്‍ ശ്വാസം കിട്ടാതെ ചെള്ളിവെള്ളം കുടിച്ചു മരിച്ചു കഴിഞ്ഞു അനുശോചന പോസ്റ്റുമായി ആരെങ്കിലും വന്നാല്‍ ബാക്കി അപ്പോള്‍ പറയാം.
         
           അനവധി നിരവധി സമര പോരാട്ടങ്ങള്‍ക്ക് ധീരനേതൃത്വം കൊടുത്ത, സമരവീര്യം എന്നും കാത്തു സൂക്ഷിക്കുന്ന, അങ്ങനെ അങ്ങ് തോറ്റു കൊടുക്കാന്‍ മനസില്ലാത്ത  മലയാളിസോദര ഇനി നമുക്ക് കാത്തുനില്‍ക്കാന്‍ സമയമില്ല , നമ്മുടെ ശബ്ദം ഇടിമുഴക്കമായി ഉയരണം, ആ ശബ്ദത്തിനു കണ്മുന്നില്‍ സ്വന്തം സഹോദരങ്ങള്‍ ചത്തു മലന്നു കിടക്കുന്ന ദുര്‍ദിനത്തെ പ്രതിരോധിക്കാനുള്ള ശക്തിയുണ്ടെന്ന് ഓര്‍ക്കുക.

1 comment:

  1. ഈ ലേഖനത്തിന്റെ ലിങ്ക് സേവ് കേരളയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
    ലിങ്ക് - http://rebuilddam.blogspot.in/2011/11/blog-post_7295.html

    ReplyDelete