Friday, 21 October 2011

നീരില്‍ വീഴും പൂക്കള്‍.

                                                                     
                                                                     
                                 നഗരത്തിലെ പ്രശസ്തമായ ബാര്‍... സന്തോഷം ആണെങ്കിലും ദുഃഖമാണെങ്കിലും പങ്കുവക്കാന്‍ ആളുകള്‍ ആദ്യം തിരഞ്ഞെടുക്കുന്ന സ്ഥലം... ശീതികരിച്ച മുറിയുടെ നേര്‍ത്ത വെളിച്ചം മാത്രമുള്ള മൂലയില്‍ രണ്ടു കൂട്ടുകാര്‍. ഉള്ളിലെ വീര്‍പ്പുമുട്ടല്‍ ഒന്ന് തുറന്നു സംസാരിക്കാനാണ് സതീഷ്‌ കൂട്ടുകാരെനും കൂട്ടി അവിടെ എത്തിയത്...സാധാരണ ഒരു പ്രായമെത്തിയ ആളുകളില്‍ കണ്ടു വരുന്ന ഒരു രോഗം അവനും പിടിപ്പെട്ടിരിക്കുന്നു, ഊണിലും ഉറക്കത്തിലും ഒരു മുഖം മാത്രം ഒരു ചിരി മാത്രം...ലീ.....ന... ലീ ...ന...ലീ....ന...ല....ല...ലാ... എവിടെ തിരിഞ്ഞാലും ഓര്‍മ്മ തന്‍ ഭിത്തിയില്‍ ഒരു മുഖം മാത്രം ഒരു ചിത്രം മാത്രം... ലീ....ന...ലീ...ന...ലീ...ന..ല ല ല......   അതിനെ പ്രേമം എന്ന് വേണമെങ്കില്‍ വിളിക്കാം...സതീഷ് കൂട്ടുകാരനോട് ഉള്ളു തുറന്നു സംസാരിച്ചു...ആദ്യം കണ്ടത്, പരിചയപ്പെട്ടത്, സംസാരിച്ചത്, ഇഷ്ടങ്ങള്‍,  ഇണക്കങ്ങള്‍, പിണക്കങ്ങള്‍...അങ്ങനെ എല്ലാം....കൂട്ടുകാരന്‍ ഇതെല്ലം കേട്ട്  തന്റെ മുന്നിലെ കുപ്പി നിര്‍ധാഷണ്യം കാലിയാക്കി കൊണ്ടിരുന്നു....
"എവിടെ തുടങ്ങണം എങ്ങനെ തുടങ്ങണം എന്ന് എനിക്കറിയില്ല.. പക്ഷെ പറയാതെ പറ്റില്ല.... ഇനിയും ഇത് പറഞ്ഞില്ലെങ്കില്‍ ഒരു പക്ഷെ അവളെ എനിക്ക് നഷ്ടപ്പെട്ടെക്കും..!!" തണുത്ത ബിയര്‍ നുണഞ്ഞിറക്കി സതീഷ്‌ പറഞ്ഞു... കൂട്ടുകാരന്‍: ''അതിരിക്കട്ടെ ആരാ കക്ഷി?"
സതീഷ്‌: "ലീനയെ നിനക്ക് അറിയില്ലേ?"
അപ്പോഴേക്കും കൂട്ടുകാരന്‍ നല്ല ഫിറ്റ്‌ ആയിരുന്നു....
"ഡാ...നീ ഞാന്‍ പറയുന്നത് കേള്‍ക്കുനുണ്ടോ?'' സതീഷിന്റെ ചോദ്യം... പാതി അടഞ്ഞ കണ്ണ് പതിയെ നിവര്‍ത്തി കൂട്ടുകാരന്‍ പറഞ്ഞു "പിന്നെ.... ഞാന്‍ എല്ലാം കേള്‍ക്കുന്നുണ്ട്..ഒന്നും ഇല്ലെങ്കിലും അടിച്ച മദ്യത്തിനുള്ള നന്ദി ഞാന്‍ കാണിക്കും" 
സതീഷ്‌: "എങ്കി നീ പറ ഞാന്‍ എന്താ ചെയേണ്ടത്...?"
കൂട്ടുകാരന്‍: "ഓ..ഇതില്‍ ഇപ്പൊ പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല....നീ അവളോട്‌ പറഞ്ഞില്ലേ അവളെ ഇപ്പം നഷ്ടപ്പെടും....പറഞ്ഞാല്‍, കുറച്ചു നാളു കഴിഞ്ഞു നഷ്ടപ്പെടും..!!.അല്ലാതെ എന്താ.."
സതീഷ്‌: "ബെസ്റ്റ്...നീ നല്ല പൂസാ...നിനക്ക് കള്ള് വാങ്ങി തന്ന എന്നെ പറഞ്ഞാല്‍  മതിയല്ലോ...." 
കൂട്ടുകാരന്‍:"അല്ലേട...സത്യം..ഇതാണ് സത്യം....ഇത് മാത്രമാണ് സത്യം..ഇത് മാത്രമേ സത്യമോള്ളൂ...." കൂട്ടുകാരന്റെ ശബ്ദം വഴ-വഴന്നായി തുടങ്ങി...പറയുന്നത് തിരിയാത്ത അവസ്ഥ... "...നീ..മുരുകന്‍ കാട്ടാകടയെ അറിയുമോ?...നീ 'രേണുക'  കേട്ടിടുണ്ടോ? നിനക്ക് പ്രണയത്തെ കുറിച്ച് എന്തറിയാം.....
                                  'ഭ്രമമാണ് പ്രണയം.... വെറും ഭ്രമം... 
                                   വാക്കിന്റെ വിരുതിനാല്‍  തീര്‍ക്കുന്ന സ്പടിക സൗധം' ........" കൂട്ടുകാരന്‍ പരിസരം നോക്കാതെ ഉറക്കെ പാടാന്‍ തുടങ്ങി..
 സതീഷ്‌ ചുറ്റും നോക്കി...ആളുകള്‍ ശ്രദ്ധിക്കുന്നു...."ഡാ...മിണ്ടാതിരി..." കൂട്ടുകാരന്‍ കേട്ടമട്ടില്ല...അവന്‍ പാടികൊണ്ടേ ഇരുന്നു...
                            "എപ്പോഴോ തട്ടി തകര്‍ന്നു വീഴുന്നു നാം...
                             നഷ്ടങ്ങള്‍ അറിയാതെ നഷ്ട പ്പെടുന്നു നാം..."
        സതീഷ്‌ പതുക്കെ എഴുന്നേറ്റു ബില്‍ അടച്ചു  കൂട്ടുകാരനെ താങ്ങി എടുത്തു പുറത്തിറങ്ങി..കൂട്ടുകാരന്‍ അപ്പോഴും ഉറക്കെ പാടികൊണ്ടിരുന്നു..... 
                                    'ഭ്രമമാണ് പ്രണയം.... വെറും ഭ്രമം......'
                           ഒരു വിധം കൂട്ടുകാരനെ മുറിയില്‍ എത്തിച്ചു അടുത്ത ദിവസം സ്വപ്നം കണ്ടു അവന്‍ ഉറങ്ങി.... 
                              അടുത്ത ദിവസം എല്ലാം ശുഭമായി നടന്നു.....അവന്‍ തുറന്നു പറഞ്ഞു...അവള്‍ക്കും എതിര്‍പ്പൊന്നും ഉണ്ടായില്ല...ഒരു പ്രണയത്തിന്റെ തുടക്കം...അതങ്ങനെ പോയി....വളരെ ഭംഗി ആയി തന്നെ.....

                                                                         
                 
                                                                         2
"വാട്ട്‌ വില്‍ യു ടു ഇഫ്‌ ഔര്‍ റിലെഷന്‍ ബ്രെക്സ്‌...!!" (What will you do if our relation breaks......)
മൊബൈലില്‍ വന്ന അവസാന മെസ്സേജ് കണ്ട് എന്ത് പറയണം അന്നറിയാതെ ഒരു നിമിഷം. പലപ്പോഴും അങ്ങനാണ് നമ്മള്‍ പ്രതിഷിക്കാത്ത ചോദ്യങ്ങള്‍ക്ക് മുന്നില്‍ ആരും ഒന്ന് പതറും.. എന്ത് പറയണം..ഒന്നും പറയാന്‍ ഇല്ല...വര്‍ഷങ്ങളുടെ സൌഹൃതവും ഇടയ്ക്കു എപ്പോഴോ തോന്നിയ സ്നേഹവും  അതിനു പുറത്തു നെയ്തു കൂട്ടിയ സ്വപ്നങ്ങളും എല്ലാം.... എല്ലാം ഇല്ലാതെ ആകുന്നതിനെ കുറിച്ച് അവന്‍ ഒരിക്കല്‍ പോലും ചിന്തിച്ചിരുന്നില്ല......വിളിക്കാതെ ഇരിക്കാന്‍ കഴിയില്ല, വിളിച്ചു സംസാരിച്ചു. 'എന്ത് പറ്റി  ഇപ്പോള്‍ ഇങ്ങനെ?'....ചോദ്യം ന്യായമാണ് അറിയാനുള്ള അവകാശം ഉണ്ട്..'എനിക്കിവരുടെ കണ്ണിരു കാണാന്‍ കഴിയില്ല..' ഉത്തരവും ന്യായം.
സതീഷ്‌: 'വീട്ടില്‍ അറിഞ്ഞോ?'
ലീന: "..മമ്മി ചോദിച്ചു...എനിക്ക് പിടിച്ചു നില്ക്കാന്‍ പറ്റിയില്ല....." 
സതീഷ്‌:"മമ്മി എന്ത് പറഞ്ഞു?"
ലീന: "അന്യമതത്തില്‍ നിന്നും കെട്ടാം എന്ന് സ്വപ്നം കാണണ്ട എന്ന് പറഞ്ഞു.." നീണ്ട മൌനം...മതങ്ങള്‍ തീര്‍ത്ത മതിലിനു വലിപ്പം കൂടുതലാണ്.....മൌനത്തിനും 
സതീഷ്‌: 'തീരുമാനം നിന്റെയാണ്... നീ വീട്ടുകാരെ ഉപേക്ഷിച്ചു ഇറങ്ങി വരണം എന്നൊന്നും ഞാന്‍ പറയുന്നില്ല.....'
ലീന: 'വീട്ടുകാര്‍ സമ്മതിച്ചു ഇത് നടക്കില്ല' ശബ്ദം വല്ലാതെ ഇടറിയിരുന്നു...അല്ല, കരയുകയായിരുന്നു....
സതീഷ്‌:'നീ എനിക്ക് എത്രമാത്രം important ആണെന്ന് അറിയില്ലേ?'
ലീന: '.............അറിയാം .....പക്ഷെ...'    ഒരു അര്‍ത്ഥവും ഇല്ലാത്ത മൌനം....
'ഇനി ഞാന്‍ എന്ത് ചെയ്യണം?' ചോദിക്കുമ്പോള്‍ സതീഷിന്റെ കണ്ണ് നിറഞ്ഞിരുന്നു..
'എ...നി..ക്കറിയില്ല.' പറഞ്ഞു തീര്‍ക്കും മുമ്പ് അവള്‍  പോട്ടികരയന്‍ തുടങ്ങി......

                                                                       3
             വളരെ നാളത്തെ ഇടവേളയ്ക്കു ശേഷം അവര്‍ വീണ്ടും കണ്ടു.... പക്ഷെ ഇപ്പോള്‍ അവളുടെ വാക്കുകള്‍ക്ക് പഴയതിനേക്കാള്‍ കട്ടി... വളരെ ഉറച്ച തീരുമാനം... ''എന്റെ വീട്ടുകാര്‍ ഒരു കാരണവശാലും സമ്മതിക്കില്ല... എനിക്ക് ഇനിയും അവരുടെ കണ്ണീരു കാണാന്‍ കഴിയില്ല...മറക്കണം..."
"എന്തിനായിരുന്നു പിന്നെ?" ഉത്തരം ഇല്ലാത്ത ചോദ്യം, ഉത്തരം പ്രതിഷിച്ചല്ല ചോദിച്ചത് ഉത്തരം ഉണ്ടാകില്ല എന്ന് അറിയാം എന്നാലും വെറുതെ... പതിവ് മൌനത്തില്‍ അധികമായി ഒന്നും കിട്ടിയില്ല.

        അവള്‍ക്കു വേറെ വഴിയില്ലായിരുന്നു, ഒന്നെങ്കില്‍ വീട്ടുകാര്‍ അല്ലെങ്കില്‍ സ്നേഹിക്കുന്ന ആള്‍, ഇത് രണ്ടിനും ഇടയിലെ അകലം വളരെ വലുതായിരുന്നു... ഒന്ന് നഷ്ടപ്പെടുതികൊണ്ടേ മറ്റേതു നേടാന്‍ കഴിയു... വളര്‍ത്തി വലുതാക്കിയ അപ്പനും അമ്മയും ഒരു വശത്ത് നില്‍ക്കുമ്പോള്‍ ഇന്നലെ കണ്ട ആള്‍ക്ക് എന്ത് വില..!!!കൂടുതല്‍ പ്രതീക്ഷകള്‍ നല്‍ക്കി വളരെ വേദനിപ്പിക്കുന്ന ഒരു വിരഹം നല്‍ക്കുന്നതിലും നല്ലത് ഉറച്ച തീരുമാനം എടുത്തു പിരിയുന്നതാണ് എന്ന് കരുതി കാണും...പക്ഷെ അപ്പോഴും ഒരു സംശയം ബാക്കി അവളുടെ ഇഷ്ടത്തിനു എതിര് നില്‍ക്കുന്നവര്‍ അവളെ എത്രമാത്രം സ്നേഹിക്കുന്നു..
                      പിന്നീടു അങ്ങോടു മെസ്സജുകള്‍ക്ക് മറുപടി ഇല്ലാതെ ആയി....ഫോണ്‍ വിളിച്ചാല്‍ എടുക്കാതെ ആയി.... എന്തെങ്കിലും കാരണം ഉണ്ടാക്കി എന്നും കണ്ടിരുന്നവര്‍ കാരണം ഉണ്ടെങ്കിലും കാണാന്‍ ശ്രമിക്കാതെ ആയി...ഒന്ന് കാണാന്‍ മണിക്കൂറുകള്‍ കാത്തു നിന്നവര്‍ ഒരു മിനിറ്റു പോലും കാക്കാതെ ആയി... ഒരുമിച്ചു യാത്ര ചെയ്തവര്‍ അവസരം ഉണ്ടായിട്ടും വേണ്ടെന്നു വച്ചു..ആദ്യം ബര്‍ത്ത് ഡേ വിഷ് ചെയ്യാന്‍ ഉറങ്ങാതെ 12  മണിക്കായി കാത്തിരുന്നവര്‍ ജന്മദിനം മറന്നു എന്ന് നടിച്ചു....അങ്ങനെ മതം തീര്‍ത്ത മതില്‍ രണ്ടു ഹൃദയങ്ങളെ വല്ലാതെ അകത്തി... പ്രേമം ഒരുകണക്കിന് പറഞ്ഞാല്‍ കടല്‍ കരയില്‍ എഴുതിയ വാക്ക് പോലെയാണ്...ഏതു നിമിഷവും തിരമാല വന്നത് മായ്ച്ചു കളയാം...

                                                                4 
                     നഗരത്തിലെ പഴയ അതെ ബാര്‍....അതെ ഇരുളടഞ്ഞ മൂലയിലെ ടേബിള്‍....പഴയ കൂട്ടുകാരനൊപ്പം സതീഷ്....മുരുകന്‍ കാട്ടാകടയുടെ 'രേണുക' ആസ്വദിച്ചു ചൊല്ലുന്നു.....
                                    ''ഭ്രമമാണ് പ്രണയം.... വെറും ഭ്രമം...

                                   വാക്കിന്റെ വിരുതിനാല്‍  തീര്‍ക്കുന്ന സ്പടിക സൗധം ........" 

                                    എപ്പോഴോ തട്ടി തകര്‍ന്നു വീഴുന്നു നാം...

                                  നഷ്ടങ്ങള്‍ അറിയാതെ നഷ്ട പ്പെടുന്നു നാം...
                               
                                  ഓര്‍മിക്കുവാന്‍ ഞാന്‍ നിനക്കെന്തു നല്ക്കണം....
                               
                                      ഓര്‍മിക്കണം എന്ന വാക്കുമാത്രം....... 

ഇത്തവണ കൂട്ടുകാരനേക്കാള്‍ ശബ്ദം സതീഷിനു ആയിരുന്നു....!!!                

             


പ്രേമിക്കുമ്പോള്‍ നീയും ഞാനും നീരില്‍ വീഴും പൂവാണെന്നു ഒരു സിനിമ പാട്ട് ഓര്‍ത്തുപോകുന്നു ...ഒന്നെങ്കില്‍ പ്രേമത്തിന്റെ നീലവെളിച്ചത്തില്‍ , വെള്ളത്തില്‍ വീണ പൂ പോലെ ഇങ്ങനെ ഒഴുകി നടക്കും...അല്ലെക്കില്‍ ബാറിലെ   വെള്ളത്തില്‍ വീണു ഈരേഴു പതിനാല് ലോകങ്ങളും കണ്ടു ഇങ്ങനെ ഒഴുകി നടക്കും...(ചെറിയ ഒരു ശതമാനത്തിന്റെ കാര്യമാണേ) 

(ഇതിലെ കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കല്‍പ്പികം മാത്രം. ഒട്ടുമിക്ക പ്രേമകഥകളും ഇങ്ങനെ  ബാറില്‍ തുടങ്ങി ബാറില്‍ അവസാനിക്കുന്നത്‌ കൊണ്ട് പലരുടെയും ജീവിതകഥകളുമായി ഇതിനു സാമ്യം കണ്ടേക്കാം. ഇതിലെ വാക്കോ പ്രയോഗങ്ങളോ ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ മാപ്പാക്കണം.)