Friday, 7 October 2011

അടുത്ത ബെല്ലോടു കൂടി....


                                                            
                                                            
                                                               രംഗം 1 
                    2003 ഫെബ്രുവരി 21, വെള്ളി. കുളമാവില്‍ നിന്നും നാലു കിലോമീറ്റര്‍ അകലെ നാടുകാണി ക്ഷേത്രത്തിലെ ഉത്സവം. ഉത്സവത്തില്‍ പങ്കെടുക്കാന്‍ നവോദയ വിദ്യാര്‍ത്ഥികളെ പ്രതിനിധികരിച്ചു ഞങ്ങള്‍ 4 പേര്‍ പോകാന്‍ തീരുമാനിച്ചു.  ഞാനും ദിനിലും ദീപുവും അരുണ്‍ ശിവറാമും. നമ്മുടെ അടുത്തൊരു പരിപാടി നടക്കുമ്പോ അതിനു  സഹകരിചില്ലേ മോശം അല്ലെ..!! എന്തായാലും രായ്ക്കുരാമാനം പുതിതായ് കെട്ടിയ കമ്പി വേലി ചാടി ഞങ്ങള്‍ നടന്നു. പാതിരാത്രിക്ക് വിജനമായ കുളമാവ്- തൊടുപുഴ റോഡില്‍ കൂടി നാടുകാണിക്ക്. അവടെ ചെന്നു ഉത്സവം എല്ലാം ഭംഗി ആയിട്ടു കൂടി..നാടകം മുഴുവന്‍ കാണാന്‍ നിന്നില്ല..കാരണം മെസ്സിലെ ചിലരും നാടകത്തിനു വന്നിട്ടുണ്ട് എന്ന് അവിടെ ഉണ്ടായിരുന്ന ചില സുഹൃത്തുകളില്‍ നിന്നും വിവരം ലഭിച്ചിരുന്നു. എന്തായാലും നേരം വെളുക്കും മുമ്പ് തിരികെ എത്തി. ഈ ചാടി പോക്ക് ഒരു ഹരം ആയിരുന്നു, ചിലപ്പോള്‍ ഹോട്ടലില്‍ നിന്നും എന്തെങ്കിലും കഴിക്കാന്‍, അല്ലെങ്കില്‍ വീട്ടിലേക്ക് ഒന്ന് വിളിക്കാന്‍ മറ്റു ചില ചുരുങ്ങിയ അവസരങ്ങളില്‍ ചുമ്മാ ഒരു രസത്തിന്..!!.നമ്മുടെ ജീവിതം ഒരു 35 എക്കറിലേക്ക് ചുരുക്കപ്പെടുമ്പോള്‍ അതില്‍ നിന്നും പുറത്തു ചാടാനുള്ള ഒരു ആഗ്രഹത്തിന്റെ പുറത്ത് മാത്രം ഉള്ള വേലി ചാട്ടം ആണ് അവസാനം പറഞ്ഞത്. ഒരു ഞാറാഴ്ച അവിടെനിന്നും ചാടി തൊടുപുഴ പോയ്‌ സിനിമ കണ്ടു മടങ്ങി വന്ന ആളുകളും ഞങ്ങടെ കൂട്ടത്തില്‍ ഉണ്ട്...!!! പിന്നെ  കുളമാവ് സ്കൂളില്‍  'ലേലം' സിനിമ കണ്ടവര്‍ അത് ഒരിക്കലും മറക്കില്ലലോ അല്ലെ. പക്ഷെ ഈ ചാടി പോക്ക് അല്‍പ്പം പിഴച്ചു...മെസ്സില്‍ പുതിതായ് വന്ന 'വിജയന്‍ ചേട്ടന്‍' ഞങ്ങളെ ഒറ്റി..!!! 
                                                                  
                                                                 രംഗം 2
  2003 ഫെബ്രുവരി 22,  ശനിയാഴ്ച രാത്രി ഏകദേശം 9 മണി. ശനിയാഴ്ചയിലെ കഞ്ഞി മൂക്ക് മുട്ടെ വലിച്ചു കേറ്റി ഹോസ്റ്റലില്‍ തിരികെ എത്തിയതെ ഒള്ളു. കഞ്ഞികുടി അന്നൊക്കെ ഒരു ആഘോഷം ആയിരുന്നു. ചില അവസരങ്ങളില്‍ കപ്പയും കാണും..പിന്നെ തൈരും മുളകും ഒക്കെ ചേര്‍ത്ത് ഒരു സ്പെഷ്യല്‍ കറി..ചിലപ്പോള്‍ മീന്‍ കറി..പപ്പടം എന്തായാലും കാണും..(വായില്‍ വെള്ളം വരുന്നത് കൊണ്ട് കൂടുതല്‍ എഴുതുന്നില്ല..!!)  മെസ്സില്‍ നിന്നും ഏറ്റവും അവസാനം  ഇറങ്ങുന്നത് ഞങ്ങള്‍ ആയിരിക്കും, മെസ്സിലെ  ഉദയന്‍ ചേട്ടന്‍ വന്ന് "ഒന്ന് നിര്‍തെടാവേ, രാവിലെ 4 മണിക്ക്  എഴുനേറ്റത നിങ്ങള്‍ പോയിട്ട് വേണം ഒന്ന് കിടക്കാന്‍" എന്ന് ദയനീയമായി പറയുന്ന അവസ്ഥവരെ ഉണ്ടായിട്ടുണ്ട്. ഹോസ്റ്റെലില്‍ എത്തിയതെ ആരോ വന്ന് പറഞ്ഞു "അരുണിനെ അവിടെ സറുമാരെല്ലാം   എല്ലാരും കൂടി ചോദ്യം ചെയ്യുന്നു നിന്നോട് അങ്ങോട്ട്‌ ചെല്ലാന്‍ പറഞ്ഞു"...... ഡിഷും..ഒരു നിമിഷം കൊണ്ട് കുടിച്ച കഞ്ഞി എല്ലാം ആവിയായി പോയി...ഞാന്‍ ദീപുവിനോടും ദിനിലിനോടും ചോദിച്ചു എന്ത് പറയണം അവരൊന്നും പറഞ്ഞില്ല...  ഒന്നും പറയാന്‍ പറ്റിയ ഒരു മാനസിക അവസ്ഥയില്‍ ആയിരുന്നില്ല അവരും...എന്തായാലും ഞാന്‍ ചെന്നു...മെസ്സ് ടാങ്കിന്റെ അടുത്തുള്ള കലുങ്കിനു സമീപം ഒരുപറ്റം സാറുംമാരുടെ നടുവില്‍ അരുണ്‍.."വിജയന് കള്ളം പറയണ്ടേ ആവശ്യം എന്താ?" എന്ന് ജോസ് കിരിയന്‍ സര്‍. "ഇല്ല സര്‍...ഞങ്ങള്‍ പോയിട്ടില്ല..." എന്ന് അരുണ്‍  "അരുണേ...ഉള്ള കാര്യം പറ" എന്ന് വിക്രമന്‍ സര്‍ അങ്ങനെ പോകുന്നു  ചോദ്യം ചെയ്യല്‍, അരുണ്‍ പിടിച്ചു നിന്നു കടുകിട പിന്നോട്ട് പോയില്ല. അടുത്തത് എന്നെ വിളിച്ചു,  ."മര്യാദക്ക് സത്യം പറഞ്ഞോ..നിങ്ങള്‍ ഇന്നലെ നാടകത്തിനു പോയോ..??" വിക്രമന്‍ സാറിന്റെ ചോദ്യം...ഞാന്‍ ഒന്നും മിണ്ടിയില്ല....മനപൂര്‍വം മിണ്ടാതെ ഇരുന്നതല്ല.. തോണ്ടെന്നു ഒച്ച വന്നാലല്ലേ മിണ്ടാന്‍ പറ്റു..!! ("ഇപ്പൊ ഇവനെ വീട്ടില്‍ കൊണ്ട് പോയ്‌ വിട്ടേക്കാം...സാറെ വണ്ടി ഇറക്കാന്‍ പറ..."  അന്ന് വിക്രമന്‍ സര്‍ പറഞ്ഞ ഒരു ടയലോഗാണിത്, ഇത് വച്ച് എന്നെ എല്ലാരും  കുറെ കളിയാക്കിയിട്ടുണ്ട്... :P )   എന്തായാലും  എന്റെ അടുത്ത് അവരുടെ കൂടുതല്‍ വിരട്ടോന്നും നടന്നില്ല.. നമ്മളോട കളി... ഒന്ന് ചോദിച്ച് രണ്ടാമത്തതിനു തത്ത പറയും പോലെ ഞാന്‍ എല്ലാം സമ്മതിച്ചു...!!! 
                                                         
                                                                     രംഗം 3
               സമയം ഏകദേശം 10 മണി. സീനിയര്‍ ബാച്ചിന് മാര്‍ച്ചില്‍ തുടങ്ങാന്‍ ഇരിക്കുന്ന ബോര്‍ഡ്‌ എക്സാം മുന്നില്‍ കണ്ടു രാത്രി വൈകിയും 'സ്റ്റഡി ടൈം'. അന്നത്തെ പ്രിന്‍സിപ്പല്‍ രാമചന്ദ്രന്‍ സാറിന്റെ പ്രത്യേക മേല്‍നോട്ടത്തില്‍ ആയിരുന്നു അത്. സ്റ്റാഫ്‌ റൂമിന് സമീപം അടുത്ത വിചാരണ തുടങ്ങി. കുറ്റവാളികള്‍ ഞാനും ദിനിലും ദീപുവും അരുണും നിരന്നു നിന്നു .എല്ലാം ഞാന്‍ സമ്മതിച്ചത് കൊണ്ട്  ദിനിലിനും ദീപുവിനും വലിയ ബുദ്ധിമുട്ട് ഉണ്ടായില്ല..!! ആവിയായി പോയ കഞ്ഞിയുടെ ഗ്യാപ് നല്ല ചൂരലിന് തീര്‍ത്തുകിട്ടി. അത് കഴിഞ്ഞു ഞങ്ങളെ ഹോസ്റ്റല്‍ലില്‍ പറഞ്ഞു വിട്ടു..കുറച്ചു കഴിഞ്ഞു വത്സമ്മ ടീച്ചര്‍ (അന്നത്തെ ഹൌസ് മിസ്ട്രെസ്) ഹോസ്റ്റലില്‍ വന്നു പറഞ്ഞു.." ഈ പ്രവശ്യതെക്ക് നിങ്ങള്ക്ക് മാപ്പ് തരാന്‍ ആണ് തീരുമാനം..ഇനി മേലാല്‍ ഇങ്ങനെ ഒന്ന് ഉണ്ടാകരുത്..." അതും പറഞ്ഞ കുറെ ഉപദേശിച്ചു പോയ്‌. അന്ന് രാത്രി യേശു ക്രിസ്തുവിനെ ഒറ്റിയ യൂദാസിനെ പോലെ ഞാന്‍...ഹോ..അരുണിന്റെ മുഖത്ത് നോക്കാന്‍ പോലും എനിക്ക് മടി ആയിരുന്നു. ദിനിലും ദീപുവും പിന്നെ കൂടുതല്‍ ഒന്നും പറഞ്ഞില്ല. എന്തായാലും വലിയ അപകടം ഉണ്ടയില്ലലോ എന്ന് കരുതി കിടന്നുറങ്ങി.
                                                                  രംഗം 4 
       അടുത്ത ദിവസം ഞായര്‍..അന്ന് 'വീട്ടിന്നു വരും' (നവോദയയില്‍ വീട്ടുകാര്  കാണാന്‍ വരുന്നതിനെ അങ്ങനെ ആണ് പറയുന്നത്.) ദിനിലിന്റെ വീട് അടുത്തായത് കൊണ്ട് മിക്കവാറും രാവിലെ തന്നെ വരും, ബുധനാഴ്ചകളിലും അവന്റെ വീട്ടിന്നു വന്നിരുന്നു. വീട്ടുകാര്‍ പോയ്‌ കഴിഞ്ഞു ഭാഷണ പൊതിയില്‍ നടത്തുന്ന "അറ്റാക്ക്‌", ആര്‍ത്തിയില്‍ ഉപരി ഒരു ആവേശം ആയിരുന്നു...എല്ലാര്ക്കും കഴിക്കാന്‍ ഉണ്ടെങ്കിലും  ആ പോതിക്ക് ചുറ്റും  ഒരു ഒച്ചപ്പാടും  ഒരു ബഹളവും ഒക്കെ ഉണ്ടാക്കുന്നത് ഒരു രസം ആയിരുന്നു.  വീട്ടിന്നു വരുന്ന കാര്യം പറയുമ്പോള്‍ ഒരിക്കല്‍ പോലും വീട്ടിന്നു ആരും കാണാന്‍ വരാത്ത ഒരാളെ കുറിച്ച് പറയാതെ പോകുന്നത് ശരിയല്ല, നമ്മുടെ അരുണ്‍ വി, അവന്‍ അങ്ങോട്ട്‌ പോകാറെ ഒള്ളു. സ്കൂളിന്റെ അതിരും  സ്വന്തം വെടിന്റെ അതിരും ഒന്നായിട്ടും ഹോസ്റ്റലില്‍ നില്‍കേണ്ടി വന്ന ഒരാളാണ് അരുണ്‍.വി, പക്ഷെ പഴയ ഗോദാവരി ഹൌസിന്റെ പുറകിലുടെ ഒരു വഴി അവന്റെ വീട്ടിലെക്കുണ്ടായിരുന്നു എന്നത് പരസ്യമായ രഹസ്യം..ഞാനും കുറെ പോയിട്ടുണ്ട് അത് വഴി അവന്റെ ഒപ്പം..അവന്റെ വീട്ടിലെ സ്പെഷ്യല്‍ ആയിരുന്നു ദോശയും ചുമന്ന നിറത്തിലെ തേങ്ങചമ്മതിയും മറക്കാന്‍ പറ്റില്ല. അപ്പൊ അങ്ങനെ പതിവ് പോലെ അന്ന് രാവിലെയും ദിനിലിന്റെ വീട്ടിന്നു വന്നു അപ്പോഴാണ് കാര്യങ്ങളുടെ കിടപ്പ് മനസിലായത് വെറുതെ വിട്ടു എന്ന് വെറുതെ പറഞ്ഞതായിരുന്നു...ഈ വരവ് സ്കൂളിന്നു വിളിച്ചത് കൊണ്ടായിരുന്നു...!! കാര്യം തീരുമാനമായി 'സസ്പ്പെന്‍ഷന്‍'...2 ആഴ്ചത്തേക്ക്...അടുത്ത ദിവസം ദീപുവും അരുണും അവരവരുടെ വീട്ടുകാരുടെ കരങ്ങളില്‍ ഏല്‍പ്പിക്കപ്പെട്ടു. ഫോണ്‍ നമ്പറില്‍ ടീച്ചറിന്  ഉണ്ടായ ഒരു കണ്‍ഫുഷന്‍ കൊണ്ട് എന്റെ സസ്പ്പെന്‍ഷന്‍ കലാവധിയിലെ വിലപ്പെട്ട 2 ദിവസങ്ങള്‍ എനിക്ക് സ്കൂളില്‍ തന്നെ കഴിയേണ്ടി വന്നു..എന്തായാലും അത് പരിഹരിച്ചു ഒടുക്കം  ഞാനും 2 ആഴ്ചത്തെ ലീവിന് പോയ്‌... 

അനുബന്ധം :  പപ്പ എന്നോട് കൂടുതല്‍ ഒന്നും പറഞ്ഞില്ല...ബസ്‌ ഇറങ്ങി വീട്ടിലേക്കു നടക്കുമ്പോള്‍ ചോദിച്ചു "ഇപ്പൊ എന്താ അവധി എന്ന് ആരെങ്കിലും ചോദിച്ചാല്‍  എന്ന പറയും?" ഞാന്‍ ഒന്നും പറഞ്ഞില്ല...അപ്പൊ പപ്പ പറഞ്ഞു "സ്റ്റഡി ലീവ് ആണെന്ന് തല്ക്കാലം പറഞ്ഞ മതി.." പക്ഷെ അതിലും രസം ദീപുവിന്റെ വീട്ടില്‍ ആയിരുന്നു അവന്റെ പപ്പക്കും അവനും അല്ലാതെ അവന്റെ മമ്മിക്കു പോലും ഇങ്ങനെ ഒരു സംഭവമേ നടന്നതായി അറിയില്ലായിരുന്നു!. പിന്നീടു ഒരു അവസരത്തില്‍ പപ്പ ഒരാളോട് പറഞ്ഞത് ഞാന്‍ ഓര്‍ക്കുന്നു " ഇവന് പതിനൊന്നില്‍ പഠിക്കുമ്പോള്‍ സസ്പ്പെന്‍ഷന്‍ കിട്ടി..ഞാന്‍ ഒന്നും പറഞ്ഞില്ല..കാരണം ഇങ്ങനെ ക്ലാസ്സ്‌ കട്ട് ചെയ്തു സിനിമക്കും നാടകത്തിനും ഒക്കെ  പോകുന്നതിന്റെ ഒരു രസം എനിക്കറിയാം..ഞാനും കുറെ പോയിട്ടുണ്ട്..!!!" മറ്റൊരു കാര്യം കൂടി, അതിനു മുന്‍പത്തെ ആഴ്ച നടന്ന മറ്റൊരു നാടകം കാണാനും ഞങ്ങള്‍ പോയിരുന്നു...പക്ഷെ അന്ന് ഞങ്ങള്‍ പിടിക്കപ്പെട്ടില്ല.അന്ന് കൂടെ ഉണ്ടായിരുന്നവര്‍ ആരെന്നു കൃത്യമായി ഓര്‍ക്കുന്നില്ല..
       
           എന്തായാലും ആ സസ്പ്പെന്‍ഷന്‍ കൊണ്ട് ഒരു ഗുണം ഉണ്ടായി...അപ്പോള്‍ നടന്നു കൊണ്ടിരുന്ന ക്രികെറ്റ് ലോകകപ്പ്‌ ഒട്ടു മുക്കാലും കാണാന്‍ പറ്റി.

(കടപ്പാട്:   മുകളില്‍ കൊടുത്തിരിക്കുന്ന ചിത്രം ഞങ്ങള്‍ക്ക് അന്ന് കിട്ടിയ 'സസ്പ്പെന്‍ഷന്‍ മെമോ' ആണ്. അത് അയച്ചു തന്ന ദിനിലിനു പ്രത്യേകിച്ച് നന്ദി ഒന്നും പറയുന്നില്ല...പറഞ്ഞാല്‍ ചിലപ്പോ അവനു വിഷമം ആകും.)