Thursday 16 August 2012

"നഷ്ടപ്പെടുവാന്‍ ഇല്ലെന്നോന്നും ഈ കൈ വിലങ്ങുകള്‍ അല്ലാതെ...!!!"



                                      1685 ല്‍ , ഇന്ന് കാണുന്ന യാത്ര സൗകര്യങ്ങളെ കുറിച്ച് മനുഷ്യന്‍ ചിന്തിച്ചിട്ടു പോലും ഇല്ലാത്ത കാലത്ത് ഇന്നത്തെ ഇറാക്കിലെ മൌസിള്‍  പട്ടണത്തിനു സമീപം കാരകൊഷ് (Karakosh) നിന്നും അത്യോക്യ സിഹസനത്തില്‍ നിന്നുള്ള കല്പന പ്രകാരം ഒരു തിരുമേനി കേരളത്തില്‍ എത്തി.... കേരളത്തിലെ സിറിയന്‍ ക്രിസ്ത്യാനികള്‍ നയിക്കാന്‍ ഒരു നേതൃത്വം ഇല്ലാതെ ബുദ്ധിമുട്ടുകയും അവര്‍ പരിശുദ്ധ അത്യോക്യ സിംഹാസനത്തില്‍ നിന്നും അകന്നു മാറി പോകുന്നതുമായ സാഹചര്യം ഉണ്ടായപ്പോഴാണ് ഒരു തിരുമേനിയെ ഇങ്ങോട്ട് അയക്കാനും ഇവിടത്തെ സഭയെ നിലനിര്‍ത്താനും സഭ നേതൃത്വം തീരുമാനിച്ചത്. ഈ ദൌത്യം ഏറ്റെടുക്കുമ്പോള്‍ അദ്ദേഹത്തിന് 92 വയസായിരുന്നു പ്രായം. അങ്ങനെ അന്ന് വന്നു, സഭക്ക് പുതിയ നേതൃത്വത്തെയും വാഴിക്കുകയും വിശ്വാസികളെ തിരികെ കൊണ്ട് വരികയും ചെയ്ത യാക്കോബ സഭ പരിശുദ്ധനായി പ്രക്യപികുക്കയും ചെയ്ത തിരുമേനിയാണ് ബസേലിയോസ് ബാബാ എന്ന് അറിയപ്പെടുന എല്‍ദോ മാര്‍ ബസേലിയോസ് തിരുമേനി.
    ഈ സംഭവങ്ങളെ കുറിച്ച് ചെറുപ്പത്തില്‍ വീട്ടിലെ മുതിര്‍ന്നവര്‍ പറഞ്ഞു തന്ന കഥ ഇപ്രകാരമാണ്..കൊഴികോട് കപ്പല്‍ ഇറങ്ങിയ അദ്ദേഹം പറങ്കികളുടെ ആക്രമണത്തില്‍ നിന്നും രക്ഷപെടാന്‍ തമിഴ്നാട്ടിലെക്ക് കടന്നു, തമിഴ്നാട്‌ വഴിയായിരുന്നു പിന്നീടുള്ള യാത്ര. അവിടെന്നു കേരളത്തിലേക്ക് പ്രവേശിക്കുന്നത് മൂന്നാറിന് സമീപം പള്ളിവാസല്‍ എന്ന പ്രദേശം വഴിയാണ് (അവിടെ കൂടെ ഉണ്ടായിരുന്ന അച്ചന്മാര്‍ക്കും ശെമ്മാശന്മാര്‍ക്കും ഒപ്പം ഒരു കുരിശുനാട്ടി പ്രാര്‍ത്ഥിച്ചു എന്നും അതുകൊണ്ടാണ് ആ പ്രദേശത്തിനു പള്ളിവാസല്‍ എന്നു പേരുവന്നത് എന്നും ഐതീഹ്യം) ഇപ്പോള്‍ പോലും കാട്ടുമൃഗങ്ങളുടെ ശല്യമുള്ള ആ പ്രദേശങ്ങളുടെ അന്നത്തെ അവസ്ഥ ഊഹിക്കാവുന്നതെ ഒള്ളു. അങ്ങനെ കടും മേടും മലയും  താണ്ടി കോതമംഗലത്ത് എത്തുമ്പോള്‍ കൂടെ അവശേഷിച്ചത് ഒരു ശെമ്മാശന്‍ മാത്രം, ബാക്കി ഉള്ളവരെ കട്ട് മൃഗങ്ങള്‍ കൊലപ്പെടുത്തിയിരുന്നു. കോതമംഗലത്തിനടുത്ത് കൊഴിപിള്ളി എന്നാ സ്ഥലത്ത് വച്ച് അവിടെ പശുവിനെ തെറ്റി കൊണ്ട് നിന്ന ഒരു നായര്‍ യുവാവിനോട് പള്ളിയിലേക്കുള്ള വഴി ചോദിച്ചു, പക്ഷെ പുലി ശല്യം ഉള്ളതിനാല്‍ പശുക്കളെ തനിയെ വിട്ടിട്ടു വരാനുള്ള ബുദ്ധിമുട്ടു അറിയിച്ചപ്പോള്‍ കയ്യില്‍ ഇരുന്ന സ്ലീബ കൊണ്ട് ഒരു വൃത്തം വരക്കുകയും പശുക്കള്‍ ആരും പറയാതെ തന്നെ അച്ചടക്കത്തോടെ അതിനുള്ളില്‍ കയറി നില്‍ക്കുകയും ചെയ്തു. ഇത് കണ്ടു അത്ഭുതപ്പെട്ട യുവാവ്‌ പ്രസവ വേദനയാല്‍ വിഷമിക്കുന്ന സഹോദരിയുടെ കാര്യം പറയുകയും തിരുമേനി  ഒരു കരിക്ക് വാഴ്ത്തി കൊടുക്കുകയും അത് കഴിച്ച യുവതി വേദനയെല്ലാം മാറി സുഖം പ്രാപിക്കുകയും ചെയ്തു.. യുവാവ്‌ വീട്ടിലെക്കു പോകുമ്പോഴും തിരിച്ചുമുള്ള വഴിയില്‍ ഈ അത്ഭുതങ്ങളെ കുറിച്ച് പറഞ്ഞത് കേട്ട് അനേകം ആളുകള്‍ എത്തി  ചേരുകയും അവര്‍ തിരുമേനിയെ ആഘാഷ പൂര്‍വ്വം പള്ളിയിലേക്ക് ആനയിക്കുകയും ചെയ്തു. 1685, കന്നി മാസം 19 നു കാലംചെയ്ത് തിരുമേനിയെ കന്നി 20 നു കബറടക്കി. എല്ലാവര്‍ഷവും കന്നി  20 നു തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാള്‍ കൊണ്ടാടി വരുന്നു. അന്ന് കൊഴിപിള്ളിയില്‍ നിന്നും പള്ളിയിലേക്ക് വഴികാണിച്ച സംഭവത്തിന്‍റെ ഓര്‍മയ്ക്ക് ഇന്നും പെരുന്നാളിന് കൊഴിപള്ളി കുരിശിങ്കലെക്കുള്ള പ്രദക്ഷിണത്തിനു (റാസ) മുന്നില്‍ ആ പഴയ നായര്‍ തറവാട്ടിലെ ഇപ്പോഴത്തെ അവകാശി വിളക്ക് എടുക്കുന്ന ഒരു ചടങ്ങ് ഉണ്ട്, ആ    തറവാട്ടില്‍ നിന്നുള്ള അവകാശികള്‍ വന്നു വിളക്കെടുത്താലേ പ്രദക്ഷിണം ഇറങ്ങു. 
       കോതമംഗലം ചെറിയ പള്ളി എന്നറിയപ്പെടുന്ന മാര്‍ തോമ ചെറിയ പള്ളിയില്‍ തിരുമേനിയെ  കബറടക്കി, അന്ന് ഒരു ചെറിയ സമൂഹമായിരുന്ന അവിടത്തെ ക്രിസ്ത്യാനികള്‍ വലിയ ഒരു സമൂഹമായി വളര്‍ന്നു. അതിനൊപ്പം പള്ളിയും വളര്‍ന്നു...കന്നി ഇരുപതിനും അല്ലാതെയും അനേകം ആളുകള്‍ എത്താന്‍ തുടങ്ങി ചുറ്റും അനേകം വ്യാപാര സ്ഥാപനങ്ങളും മറ്റു അനുബന്ധ സൗകര്യങ്ങളും വളര്‍ന്നു..പള്ളിക്ക് പുതിയ കെട്ടിടങ്ങള്‍ ഉണ്ടായി... സ്ഥാപനങ്ങള്‍ തുടങ്ങി, സ്കൂള്‍ തുടങ്ങി, ആര്‍ട്സ് കോളേജ് തുടങ്ങി, എഞ്ചിനിയറിങ്ങ് കോളേജ് തുടങ്ങി, ആശുപത്രി തുടങ്ങി, ഡെന്റല്‍ കോളേജ് തുടങ്ങി, നഴ്സിംഗ് കോളേജ് തുടങ്ങി....ഇതിനെല്ലാം ഈ പരിശുദ്ധന്‍റെ പേരും ഇട്ടു കൊടുത്തു...പിന്നെ മുന്‍ പിന്‍ നോക്കേണ്ടി വന്നിട്ടില്ല....കച്ചവടം കുശാല്‍ .... (ഇത്രയും കഥ പറഞ്ഞത് ഒരു യാക്കോബായ വിശ്വാസിയുടെ മനസ്സില്‍ ആ പേരിനുള്ള സ്ഥാനവും അത് ഏതു രീതിയില്‍ മാര്‍കറ്റ് ചെയ്യപ്പെട്ടു എന്ന് മനസിലാക്കാന്‍ മാത്രമാണ്)
 
          ഇനി പറയുന്നത് കഴിഞ്ഞ 114 ദിവസങ്ങളായി നടന്നു കൊണ്ടിരിക്കുന്നത്... കേരളത്തില്‍ കരുത്താര്‍ജിച്ച നഴ്സിംഗ് മുന്നേറ്റത്തിനു മാര്‍ ബസേലിയോസ് മെഡിക്കല്‍ മിഷന്‍ ആശുപത്രിയും വേദിയായി...മറ്റിടങ്ങളില്‍ നിന്നും വ്യത്യസ്തമായി  ഒരു വിട്ടു വീഴ്ചക്കും തയ്യാറാകാതെ മാനേജുമെന്‍റ് തികച്ചും നിരുത്തരവാതിത്വ പരമായാണ് ഈ പ്രശ്നത്തെ സമീപിച്ചത്. നിയമ പ്രകാരം നിര്‍ത്തലാക്കിയ ബോണ്ട് സമ്പ്രദായം ഇന്നും തുടരുന്നു...സര്‍ക്കാര്‍ ഉത്തരവുകള്‍  പ്രകാരമുള്ള ശമ്പളം നല്കാന്‍ തയ്യാറാകുന്നില്ല...തുടങ്ങിയ കാര്യങ്ങള്‍ തുടരുന്നതിനോടൊപ്പം ഗുണ്ടകളെ വിട്ടു ആക്രമിക്കാനും ആശുപത്രിയിലെ പെണ്‍കുട്ടികളുടെ ഹോസ്റ്റല്‍ കുത്തിപോളിച്ചു താമസയോഗ്യം അല്ലാതെ ആക്കുന്ന തരത്തിലുള്ള നെറികെട്ട കാര്യങ്ങള്‍ വരെ ഉണ്ടായി..

പൂ മാല ഇട്ടു അലങ്കരിച്ച ക്രിസ്തു ചിത്രം കണ്ടോ....!!!




സമരം 90 ദിവസം പിന്നിട്ടപോള്‍ ഇറങ്ങിയ ഒരു പത്രം, ചിത്രത്തില്‍ ഗുണ്ട ആക്രമണത്തില്‍ കൈ ഓടിഞ കുട്ടിയെയും കാണാം.  

ഇതും ഇതിലിരട്ടിയും സഹിച്ചും ക്ഷെമിച്ചുമാണ് കഴിഞ്ഞ ദിവസങ്ങളില്‍ സമരം മുന്നോട്ടു പോയത്...ക്ഷെമയുടെ നെല്ലിപലക കണ്ടപ്പോഴാണ് ആ കുട്ടികള്‍ ഇത്തരം ഒരു സാഹസത്തിനു മുതിര്‍ന്നത്. ഈ വിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം...സഭയുടെ കുഞ്ഞാടായ ഷെവലിയര്‍ ടി. യു കുരുവിള എന്നാ കോതമംഗലം M.L.A  ജനാതിപത്യപരമായി ജനങ്ങള്‍ക്കൊപ്പം നില്‍ക്കണം , കേവലം വോട്ടു ബാങ്ക് നോക്കി നിങ്ങള്‍ ന്യായാ അന്യായങ്ങള്‍ നിശ്ചയിച്ചാല്‍ ജനം വേണ്ടും കഴുതകളായി മാറും, അതിന്  ഇടവരരുത്.  
   
 മാമോദീസക്കും കല്യാണത്തിനും മരണത്തിനും തുടങ്ങി ജീവിതത്തിലെ ഒട്ടു മിക്ക ആവശ്യങ്ങള്‍ക്കും  പള്ളിയെ സമീപികേണ്ടി വരുന്ന കേവല വിശ്വാസിയെ പള്ളിയെ അനുസരിച്ചാല്‍ കിട്ടുന്ന സ്വര്‍ഗ്ഗവും നിഷേധിച്ചാല്‍ ലഭിക്കുന്ന നരകവും കാട്ടി നിങ്ങള്‍ കൂടെ നിര്‍ത്തി...ഏതെങ്കിലും കാരണവശാല്‍  പള്ളി എതിരാകുന്നവര്‍ക്ക് നിങ്ങള്‍ അവസാന ആറടി മണ്ണിനു തെമ്മാടി കുഴി ചൂണ്ടി കാട്ടി...സഭ തര്‍ക്കങ്ങളിലും പള്ളിയും വ്യാപാര സ്ഥാപനങ്ങളും  നഷ്ടമാകുന്നതോര്‍ത്തു ഉപവാസയന്ജങ്ങളും പ്രാര്‍ത്ഥന കൂടയ്മകളും  സംഘടിപ്പിക്കാന്‍ ചിലവഴിച്ച സമയത്തിന്‍റെ നൂറിലൊന്നു സ്വന്തം സ്ഥാപനത്തില്‍ എല്ലുമുറിയെ പണിയെടുക്കുന്ന സാദാരണകാരന്‍റെ മക്കളുടെ കണ്ണീരൊപ്പാന്‍  ചിലവഴിച്ചിരുന്നു എങ്കില്‍ എന്ന് ഒരു യകൊബായ വിശ്വാസ കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന ഒരാളെന്ന നിലയില്‍ ഞാന്‍ വെറുതെ ആശിച്ചു പോകുന്നു...
   സമരഭടന്മാര്‍ക്ക് അഭിവാദ്യങ്ങള്‍ .....നഷ്ടപ്പെടുവാന്‍ ഇല്ലെന്നോന്നും ഈ കൈ വിലങ്ങുകള്‍ അല്ലാതെ....   
         

No comments:

Post a Comment