Wednesday, 19 June 2013

"തിരിച്ചറിവ്"


               മണികൂറുകള്‍ നീണ്ട യാത്രക്ക് ശേഷം താഴെ ഇറങ്ങിയതാണ്, എയര്‍ ഹോസ്റ്റെസ് ആകാന്‍ ആഗ്രഹിച്ചതാണെങ്കിലും ഇത് ഇത്ര വിരസമയിരിക്കുമെന്ന് അവള്‍ കരുതിയിരുന്നില്ല. കയറുന്നത് മുതല്‍ നിലംതോടും വരെ കമ്പനി പഠിപ്പിച്ചു ശീലിപ്പിച്ച ചിട്ട വട്ടങ്ങള്‍ മാത്രമെ നടക്കു, അല്ലെങ്കിലും പതിനായിര കണക്കിന് അടി മുകളില്‍ പറക്കുന്ന വിമാനത്തിനുള്ളില്‍ അതില്‍ കൂടുതല്‍ എന്ത് ചെയ്യാനാണ്. നിലത്തു നിന്ന് ഉയര്‍ന്നാല്‍ എല്ലാം ഒന്ന് പോലെ..യാത്രകരുടെ തൃപ്തി മാത്രമാണ് ലക്ഷ്യം, ഇടയ്ക്കിടെ മാറി വരുന്ന മുഖങ്ങള്‍ ഒഴിച്ച് നിര്‍ത്തിയാല്‍ ഒന്നും ഒരു മാറ്റവും ഇല്ലാതെ തുടരുന്നു.  വരിപൂശിയ ചായങ്ങള്‍ കൊണ്ട് മുഖവും മനസും മൂടണം, ഉള്ളില്‍ കനല്‍ എരിയുമ്പോഴും മുഖത്തെ പുഞ്ചിരി മായാതെ നിര്‍ത്തണം, ചിലര്‍ ആത്മാര്‍ഥമായി ചിരിക്കുമ്പോള്‍ ചില ചിരികള്‍ ചിരിക്ക് വേണ്ടിയുള്ള ചിരിയാണ്. 
            
          ഇനി അടുത്ത പറക്കല്‍ നാളെ രാവിലെയാണ്, അത് വരെ വിശ്രമം. ഒന്ന് കുളിചിട്ട് നന്നായി ഒന്ന് നടു നിവര്‍ത്തി കിടന്നുറങ്ങണം എന്ന് മോഹിച്ചാണ് പരിശോധനകള്‍ എല്ലാം കഴിഞ്ഞ് പുറത്തിറങ്ങിയത്. പുറത്ത് ഹോട്ടലിലേക്കുള്ള  ബസ്‌ കാത്തു കിടപ്പുണ്ടായിരുന്നു. ബസ്‌ വിമാന താവളം പിന്നിട് നിരത്തിലേക്ക് എത്തി. കത്തുന്ന ചൂടാണ് പുറത്ത്..നിറത്തില്‍ പുകതുപ്പി അനേകം വാഹനങ്ങള്‍, ചൂടില്‍ വാടിയ മുഖങ്ങള്‍ , വഴിയോര കച്ചവടക്കാര്‍ , നടന്നു പോകുന്നവര്‍, പിച്ചക്കാര്‍ .. എല്ലാവരെയും കണ്ടു അവള്‍ ബസിന്‍റെ സൈഡ് സീറ്റില്‍ ഇരുന്നു.  വിശ്രമം മാത്രമായിരുന്നു മനസ്സില്‍, ചൂട് മുഖത്ത് തട്ടി അവള്‍ കര്‍ട്ടന്‍ വലിച്ചിട്ട് സീറ്റിലേക്ക് ചാഞ്ഞിരുന്നപ്പോഴേക്കും ബസ്‌ നിന്നു. ബ്ലോക്കാണ്, ഏതോ യുവജന പ്രസ്ഥാനത്തിന്‍റെ സമരമാണ്. പ്രകടനം കടന്നു വന്നു കൊണ്ടിരിക്കുന്നു, മുഷ്ടി ചുരുട്ടി ഒരാള്‍ മുദ്രാവാക്യം വില്ച്ചു കൊടുന്നു...മറ്റുള്ളവര്‍ ആവേശത്തോടെ ഏറ്റു വിളിക്കുന്നു....
           "സാമ്രജത്വം തുലയട്ടെ ... 
          ജനാതിപത്യം പുലരട്ടെ ... 
          തൊഴിലാളി വര്‍ഗം വിജയികട്ടെ ..
         സോഷ്യലിസം വിജയിക്കട്ടെ..." 
വെയിലും ചൂടും വകവയ്കാതെ അത് മുന്നോട്ട് നീങ്ങി ... 'ഇവനൊന്നും ഒരു പണിയും ഇല്ലേ... മനുഷ്യനെ മെനകെടുത്താന്‍ ...എന്തിനാ ഇങ്ങനെ മനുഷ്യനെ ബുദ്ധിമുട്ടിക്കുന്നെ ...' ഉള്ളില്‍ തോന്നിയ ദേക്ഷ്യം മറച്ചു വയ്ക്കാതെ അവള്‍ പിറുപിറുത്തു.... തന്‍റെ സമയം കളഞ്ഞ പ്രകടനകരെ മനസില്‍ ശപിച്ചു കൊണ്ട് അവള്‍ സീറ്റില്‍ അമര്‍ന്നിരുന്നു..
       
             അവള്‍ എന്നും അങ്ങനെ ആയിരുന്നു...സൗഹൃദങ്ങള്‍ക്ക് പോലും എനിക്കെന്ത് ലാഭമെന്ന പരിഗണന കൊടുക്കുന്ന പുതിയ കാല യുവത്വത്തിന്‍റെ പ്രതീകമായിരുന്നു അവള്‍ . മറ്റുള്ളവര്‍ അവരുടെ സൗകര്യത്തിന് വേണ്ടി ഉണ്ടാക്കി എടുത്ത നിയമങ്ങള്‍ക്ക് അടിമപെട്ടാണ് ഇന്ന് വരെ അവള്‍ ജീവിച്ചത് . പ്രതികരങ്ങളോട്, പ്രതിഷേധങ്ങളോട് , വാര്‍ത്തകളോട്, മാറ്റങ്ങളോട്, മാറ്റങ്ങള്‍ ആഗ്രഹിക്കുന്നവരോട് തുടങ്ങി  ഒഴുക്കിനെതിരെ നീന്തുന്നവരെ ഒഴുക്കിനെ പ്രതിരോധിക്കാന്‍ ശ്രമിക്കുന്നവരെ ഒന്നും അവള്‍ക്കു ഉള്‍കൊള്ളാന്‍ കഴിഞ്ഞിരുന്നില്ല..
          
          ബ്ലോക്ക് മാറി യാത്ര തുടര്‍ന്നു...കുളി വിശ്രമം...എല്ലാം മറന്നൊരു ഉറക്കം...  ചായകൂട്ടങ്ങള്‍ കൊണ്ട് മുഖം മറച്ചു... ആവര്‍ത്തിച്ച്‌ ശീലിച്ച ചേഷ്ടകള്‍ കൊണ്ട് വ്യക്തിത്വം മറച്ച് അടുത്ത യാത്ര...
    
        തിരികെ എത്തുമ്പോള്‍ അവളെ കാത്ത് പിരിച്ചു വിടാനുള്ള നോട്ടീസ് കാത്തു കിടന്നിരുന്നു... അവള്‍ മാത്രമായിരുന്നില്ല അവള്‍ക്കൊപ്പം അനേകം പേരും ഉണ്ടായിരുന്നു... പൊരി വെയിലില്‍ ഇടിവെട്ടും പോലെ മുദ്രാവാക്യം വിളിച്ചു നീങ്ങിയ യുവാക്കളെ അവള്‍ ഓര്‍ത്തു..അനേകം സമര പോരാട്ടങ്ങളില്‍ കൈ മെയ്യ് മറന്ന് മുന്നില്‍ നിന്ന് പൊരുതിയ ആയിരങ്ങളെ അവള്‍ ഓര്‍ത്തു...സംഘ ശക്തി കൊണ്ട് കൂറ്റന്‍ കോട്ടകളെ പ്രകമ്പനം കൊള്ളിച്ച് വീരേതിഹാസം രചിച്ചവരുടെ കഥകള്‍ അവള്‍ക്ക് ഊര്‍ജ്ജം പകര്‍ന്നു..പിരിച്ചു വിടപ്പെവരുടെ മുന്നില്‍ നിന്ന് മുഷ്ടി ചുരുട്ടി ആകാശത്തിലേക്ക് എറിഞ്ഞ് അവള്‍ വിളിച്ചു.
              "മുതലാളിത്വം തുലയട്ടെ ...തൊഴിലാളി വര്‍ഗം ജയികട്ടെ...."