Tuesday, 26 February 2013

"മുന്‍വിധി"



(തളര്‍ന്നിരിക്കുന്ന പെണ്‍കുട്ടിയോട് ഇരുട്ടില്‍ നിന്നൊരു  പുരുഷശബ്ദം)

നിനക്ക് ഒന്ന് കരഞ്ഞു ബഹളം വച്ച് കൂടായിരുന്നോ?
       ഞാന്‍ കരഞ്ഞത് ആരും കേട്ടില്ല ...കരയാതെ ഇരിക്കാന്‍ ചിലര്‍ കഴുത്തിന്‌ കുത്തി പിടിച്ചു

നീ ചതിക്കപ്പെട്ടതാണെന്ന് നിന്‍റെ അടുത്ത് വന്നവരോട് പറഞ്ഞില്ലേ?
       പറഞ്ഞു...കരഞ്ഞു പറഞ്ഞു...എല്ലാരും ഇങ്ങനൊക്കെയാണ് പറയുന്നത് എന്നായിരുന്നു മറുപടി...

ഇറങ്ങി ഓടാഞ്ഞതെന്തു? അത് ചെയ്തു കൂടായിരുന്നോ?
        രണ്ട് കാലുകള്‍ നിലത്തുറപ്പിച്ചു നില്‍ക്കാനെങ്കിലും കഴിഞ്ഞിരുന്നെങ്കില്‍

കുറെ ഒക്കെ നിങ്ങള്‍ നൊക്കണം ...  നേരെ ചൊവ്വേ തുണി ഉടുത്ത് ഒക്കെ നടക്കണം..അല്ലെ ഇതൊക്കെ നടക്കും..
       ആറു വയസുള്ള കുഞ്ഞ് എന്ത് അവയവം പുറത്തു കാണിച്ചു തുണി ഉടുത്തിട്ടാണ് സര്‍ പീഡിപ്പികപ്പെട്ടത്... എണ്‍പത്കാരിയെ പീഡിപ്പിക്കുന്നത് അവയവ ഭംഗി കണ്ടിട്ടാണോ???

അടങ്ങി ഒതുങ്ങി വീട്ടില്‍ ഇരിക്കണം.... കറങ്ങി നടന്ന ഇങ്ങനൊക്കെ നടക്കും....
      പെണ്ണിനെ കാണുമ്പോഴേ കാമം അണപൊട്ടി ഒഴുകുന്ന ഭ്രാന്തന്മാരോട് പറയു സര്‍ വീട്ടില്‍ ഇരിക്കാന്‍.. ഈ ലോകം എന്‍റെതു കൂടിയാണ്..

നിനക്ക് ഭ്രാന്താണ്..ആണുങ്ങള്‍ വീടിലിരുന്നാല്‍ അരിക്കുള്ളത് ആരു കൊണ്ട് വരും?
       പെണ്ണ് ജോലി ചെയ്തു അരിവാങ്ങിയ അത് വേവില്ലേ ...?? അത് തൊണ്ടയില്‍ നിന്നും ഇറങ്ങില്ലേ?? അതോ അത് കഴിച്ചാല്‍ മലബന്ധം വരുമോ?

അവളുടെ അഹങ്കാരം കണ്ടില്ലേ.... ചെറുപ്പത്തില്‍ ഒളിചോടിയവള്‍ അല്ലെ നീ.. നിനക്ക് വേശ്യപണി അല്ലായിരുന്നോ?
     കൌമാരത്തില്‍ ഏതൊരാള്‍ക്കും തോന്നുന്ന പ്രണയം, നിങ്ങള്‍ക്കും തോന്നിയിട്ടില്ലേ? മനസുകൊണ്ട് ഒരാളെ ഇഷ്ട്ടപ്പെടുന്നത്തെ തെറ്റാണോ?  ചതിക്കപ്പെടുമെന്ന് കരുതിയില്ല.... വിറ്റവനും പ്രാപിച്ചവനും ഞെളിഞ്ഞു നടക്കുമ്പോള്‍ ചതിക്കപ്പെട്ടവളെ വീണ്ടും വീണ്ടും ക്രുശിക്കാന്‍ നിങ്ങള്‍ക്ക് നാണമില്ലേ ....??? വേശ്യയാണ്‌ പൊലും... എങ്ങനാണ് വേശ്യകള്‍ ഉണ്ടാകുന്നത് .... നാല്‍പ്പതോളം ആളുകള്‍ പിച്ചി ചീന്തുമ്പോള്‍ വാടിയ താമര തണ്ട് പോലെ നിസഹയായി കിടന്നു പോയ ഞാന്‍ വേശ്യയാകുന്നത് എങ്ങനെ.... നിങ്ങള്‍ എന്‍റെ സാമ്പത്തിക ശേഷിയെ കുറിച്ച് തിരക്കിയിട്ടുണ്ടോ ... എന്‍റെ വീട്ടില്‍ അരി വാങ്ങുന്നത് എങ്ങനെ എന്ന് തിരക്കിയിട്ടുണ്ടോ ???

പണ്ട് ഉണ്ടാക്കിയത് ഒക്കെ തീര്‍ന്നു കാണും ...    
      പതിനേഴു കൊല്ലമായി ഞാന്‍ ഇത് തന്നെ പറയുന്നു , അന്ന് മുതല്‍ നിങ്ങള്‍ക്ക് എന്നെ അറിയില്ലേ ...  

അന്തസുണ്ടേ പോയി തൂങ്ങി ചാകെടി ...അല്ലാതെ ഇങ്ങനെ ചാനല്‍ തിണ്ണ നിരങ്ങുക അല്ല വേണ്ടത് ... 
               മരണം കൊണ്ട് അന്തസ് കാണിക്കണമെങ്കില്‍ ആദ്യം തൂങ്ങേണ്ടത് ഞാന്‍ ചൂണ്ടി കാണിച്ചവരാണ് , എനിക്ക് ജീവിക്കണം .. ഈ ലോകത്ത് തന്നെ ...  
    ഹേയ് ഹേയ് നിങ്ങള്‍ ഒന്ന് വെളിച്ചത്തേക്ക് വരു.... ഞാന്‍ ആ മുഖമൊന്നു കാണട്ടെ ...    
അയാള്‍ മെല്ലെ വെളിച്ചത്തേക്ക് ..... 
          നിങ്ങള്‍ .... നിങ്ങളായിരുന്നില്ലേ ആ ജഡ്ജി .....!!!