Tuesday, 15 October 2013

ദുസ്വപ്നം

ഇരുട്ട് ...ദൂരെ ഒരല്‍പം വെളിച്ചം
മങ്ങിയ വെളിച്ചത്തില്‍ രണ്ടുപേര്‍
ഒന്നൊരു യുവതി കൈയിലൊരു കുഞ്ഞ്
വിഷാദം തങ്ങി നില്‍ക്കുന്ന മുഖവുമായി ഒരു യുവാവ്‌
യുവതിയോട് വിങ്ങിപ്പൊട്ടി കൊണ്ട് അവന്‍
നമുക്കവനെ നഷ്ടപ്പെട്ടു...
ഇരുളില്‍ നിന്ന് തങ്ങലുകള്‍ കൂട്ടകരച്ചിലുകള്‍





ഇരുളകന്നു വെളിച്ചം പരക്കുന്നു
ഒരു ജനസഞ്ചയം
മുന്നില്‍ മണി കിലുക്കി ഒരു ബാലന്‍
പിന്നില്‍ കറുത്ത കൊടി

ഒരു മൈതാനം
ഒരു വശത്ത് അലങ്കരിച്ച പന്തല്‍
നാലു ശവപ്പെട്ടികള്‍
മുഖം വെട്ടിമാറ്റിയ ശവങ്ങള്‍
പകരം വെള്ളിയില്‍ തീര്‍ത്ത മുഖങ്ങള്‍
വെയിലില്‍ അവ തിളങ്ങി...
മൈക്കിലൂടെ പ്രഭാഷകന്‍ നല്ലത് മാത്രം പറയുന്നു
മൂക്കത്ത് വിരല്‍ വച്ചു ജനം

ഞാന്‍ എഴുതികൊണ്ട്
ഇരിക്കുക ആയിരുന്നു
പിന്നില്‍ നേര്‍ത്ത സ്വരം
"എഴുത്ത് മതിയാക്കാം
നിന്‍റെ വെള്ളിമുഖം തയ്യാറാണ്"

....ഞെട്ടി ഉണര്‍ന്നു....

Wednesday, 19 June 2013

"തിരിച്ചറിവ്"


               മണികൂറുകള്‍ നീണ്ട യാത്രക്ക് ശേഷം താഴെ ഇറങ്ങിയതാണ്, എയര്‍ ഹോസ്റ്റെസ് ആകാന്‍ ആഗ്രഹിച്ചതാണെങ്കിലും ഇത് ഇത്ര വിരസമയിരിക്കുമെന്ന് അവള്‍ കരുതിയിരുന്നില്ല. കയറുന്നത് മുതല്‍ നിലംതോടും വരെ കമ്പനി പഠിപ്പിച്ചു ശീലിപ്പിച്ച ചിട്ട വട്ടങ്ങള്‍ മാത്രമെ നടക്കു, അല്ലെങ്കിലും പതിനായിര കണക്കിന് അടി മുകളില്‍ പറക്കുന്ന വിമാനത്തിനുള്ളില്‍ അതില്‍ കൂടുതല്‍ എന്ത് ചെയ്യാനാണ്. നിലത്തു നിന്ന് ഉയര്‍ന്നാല്‍ എല്ലാം ഒന്ന് പോലെ..യാത്രകരുടെ തൃപ്തി മാത്രമാണ് ലക്ഷ്യം, ഇടയ്ക്കിടെ മാറി വരുന്ന മുഖങ്ങള്‍ ഒഴിച്ച് നിര്‍ത്തിയാല്‍ ഒന്നും ഒരു മാറ്റവും ഇല്ലാതെ തുടരുന്നു.  വരിപൂശിയ ചായങ്ങള്‍ കൊണ്ട് മുഖവും മനസും മൂടണം, ഉള്ളില്‍ കനല്‍ എരിയുമ്പോഴും മുഖത്തെ പുഞ്ചിരി മായാതെ നിര്‍ത്തണം, ചിലര്‍ ആത്മാര്‍ഥമായി ചിരിക്കുമ്പോള്‍ ചില ചിരികള്‍ ചിരിക്ക് വേണ്ടിയുള്ള ചിരിയാണ്. 
            
          ഇനി അടുത്ത പറക്കല്‍ നാളെ രാവിലെയാണ്, അത് വരെ വിശ്രമം. ഒന്ന് കുളിചിട്ട് നന്നായി ഒന്ന് നടു നിവര്‍ത്തി കിടന്നുറങ്ങണം എന്ന് മോഹിച്ചാണ് പരിശോധനകള്‍ എല്ലാം കഴിഞ്ഞ് പുറത്തിറങ്ങിയത്. പുറത്ത് ഹോട്ടലിലേക്കുള്ള  ബസ്‌ കാത്തു കിടപ്പുണ്ടായിരുന്നു. ബസ്‌ വിമാന താവളം പിന്നിട് നിരത്തിലേക്ക് എത്തി. കത്തുന്ന ചൂടാണ് പുറത്ത്..നിറത്തില്‍ പുകതുപ്പി അനേകം വാഹനങ്ങള്‍, ചൂടില്‍ വാടിയ മുഖങ്ങള്‍ , വഴിയോര കച്ചവടക്കാര്‍ , നടന്നു പോകുന്നവര്‍, പിച്ചക്കാര്‍ .. എല്ലാവരെയും കണ്ടു അവള്‍ ബസിന്‍റെ സൈഡ് സീറ്റില്‍ ഇരുന്നു.  വിശ്രമം മാത്രമായിരുന്നു മനസ്സില്‍, ചൂട് മുഖത്ത് തട്ടി അവള്‍ കര്‍ട്ടന്‍ വലിച്ചിട്ട് സീറ്റിലേക്ക് ചാഞ്ഞിരുന്നപ്പോഴേക്കും ബസ്‌ നിന്നു. ബ്ലോക്കാണ്, ഏതോ യുവജന പ്രസ്ഥാനത്തിന്‍റെ സമരമാണ്. പ്രകടനം കടന്നു വന്നു കൊണ്ടിരിക്കുന്നു, മുഷ്ടി ചുരുട്ടി ഒരാള്‍ മുദ്രാവാക്യം വില്ച്ചു കൊടുന്നു...മറ്റുള്ളവര്‍ ആവേശത്തോടെ ഏറ്റു വിളിക്കുന്നു....
           "സാമ്രജത്വം തുലയട്ടെ ... 
          ജനാതിപത്യം പുലരട്ടെ ... 
          തൊഴിലാളി വര്‍ഗം വിജയികട്ടെ ..
         സോഷ്യലിസം വിജയിക്കട്ടെ..." 
വെയിലും ചൂടും വകവയ്കാതെ അത് മുന്നോട്ട് നീങ്ങി ... 'ഇവനൊന്നും ഒരു പണിയും ഇല്ലേ... മനുഷ്യനെ മെനകെടുത്താന്‍ ...എന്തിനാ ഇങ്ങനെ മനുഷ്യനെ ബുദ്ധിമുട്ടിക്കുന്നെ ...' ഉള്ളില്‍ തോന്നിയ ദേക്ഷ്യം മറച്ചു വയ്ക്കാതെ അവള്‍ പിറുപിറുത്തു.... തന്‍റെ സമയം കളഞ്ഞ പ്രകടനകരെ മനസില്‍ ശപിച്ചു കൊണ്ട് അവള്‍ സീറ്റില്‍ അമര്‍ന്നിരുന്നു..
       
             അവള്‍ എന്നും അങ്ങനെ ആയിരുന്നു...സൗഹൃദങ്ങള്‍ക്ക് പോലും എനിക്കെന്ത് ലാഭമെന്ന പരിഗണന കൊടുക്കുന്ന പുതിയ കാല യുവത്വത്തിന്‍റെ പ്രതീകമായിരുന്നു അവള്‍ . മറ്റുള്ളവര്‍ അവരുടെ സൗകര്യത്തിന് വേണ്ടി ഉണ്ടാക്കി എടുത്ത നിയമങ്ങള്‍ക്ക് അടിമപെട്ടാണ് ഇന്ന് വരെ അവള്‍ ജീവിച്ചത് . പ്രതികരങ്ങളോട്, പ്രതിഷേധങ്ങളോട് , വാര്‍ത്തകളോട്, മാറ്റങ്ങളോട്, മാറ്റങ്ങള്‍ ആഗ്രഹിക്കുന്നവരോട് തുടങ്ങി  ഒഴുക്കിനെതിരെ നീന്തുന്നവരെ ഒഴുക്കിനെ പ്രതിരോധിക്കാന്‍ ശ്രമിക്കുന്നവരെ ഒന്നും അവള്‍ക്കു ഉള്‍കൊള്ളാന്‍ കഴിഞ്ഞിരുന്നില്ല..
          
          ബ്ലോക്ക് മാറി യാത്ര തുടര്‍ന്നു...കുളി വിശ്രമം...എല്ലാം മറന്നൊരു ഉറക്കം...  ചായകൂട്ടങ്ങള്‍ കൊണ്ട് മുഖം മറച്ചു... ആവര്‍ത്തിച്ച്‌ ശീലിച്ച ചേഷ്ടകള്‍ കൊണ്ട് വ്യക്തിത്വം മറച്ച് അടുത്ത യാത്ര...
    
        തിരികെ എത്തുമ്പോള്‍ അവളെ കാത്ത് പിരിച്ചു വിടാനുള്ള നോട്ടീസ് കാത്തു കിടന്നിരുന്നു... അവള്‍ മാത്രമായിരുന്നില്ല അവള്‍ക്കൊപ്പം അനേകം പേരും ഉണ്ടായിരുന്നു... പൊരി വെയിലില്‍ ഇടിവെട്ടും പോലെ മുദ്രാവാക്യം വിളിച്ചു നീങ്ങിയ യുവാക്കളെ അവള്‍ ഓര്‍ത്തു..അനേകം സമര പോരാട്ടങ്ങളില്‍ കൈ മെയ്യ് മറന്ന് മുന്നില്‍ നിന്ന് പൊരുതിയ ആയിരങ്ങളെ അവള്‍ ഓര്‍ത്തു...സംഘ ശക്തി കൊണ്ട് കൂറ്റന്‍ കോട്ടകളെ പ്രകമ്പനം കൊള്ളിച്ച് വീരേതിഹാസം രചിച്ചവരുടെ കഥകള്‍ അവള്‍ക്ക് ഊര്‍ജ്ജം പകര്‍ന്നു..പിരിച്ചു വിടപ്പെവരുടെ മുന്നില്‍ നിന്ന് മുഷ്ടി ചുരുട്ടി ആകാശത്തിലേക്ക് എറിഞ്ഞ് അവള്‍ വിളിച്ചു.
              "മുതലാളിത്വം തുലയട്ടെ ...തൊഴിലാളി വര്‍ഗം ജയികട്ടെ...."

Tuesday, 26 February 2013

"മുന്‍വിധി"



(തളര്‍ന്നിരിക്കുന്ന പെണ്‍കുട്ടിയോട് ഇരുട്ടില്‍ നിന്നൊരു  പുരുഷശബ്ദം)

നിനക്ക് ഒന്ന് കരഞ്ഞു ബഹളം വച്ച് കൂടായിരുന്നോ?
       ഞാന്‍ കരഞ്ഞത് ആരും കേട്ടില്ല ...കരയാതെ ഇരിക്കാന്‍ ചിലര്‍ കഴുത്തിന്‌ കുത്തി പിടിച്ചു

നീ ചതിക്കപ്പെട്ടതാണെന്ന് നിന്‍റെ അടുത്ത് വന്നവരോട് പറഞ്ഞില്ലേ?
       പറഞ്ഞു...കരഞ്ഞു പറഞ്ഞു...എല്ലാരും ഇങ്ങനൊക്കെയാണ് പറയുന്നത് എന്നായിരുന്നു മറുപടി...

ഇറങ്ങി ഓടാഞ്ഞതെന്തു? അത് ചെയ്തു കൂടായിരുന്നോ?
        രണ്ട് കാലുകള്‍ നിലത്തുറപ്പിച്ചു നില്‍ക്കാനെങ്കിലും കഴിഞ്ഞിരുന്നെങ്കില്‍

കുറെ ഒക്കെ നിങ്ങള്‍ നൊക്കണം ...  നേരെ ചൊവ്വേ തുണി ഉടുത്ത് ഒക്കെ നടക്കണം..അല്ലെ ഇതൊക്കെ നടക്കും..
       ആറു വയസുള്ള കുഞ്ഞ് എന്ത് അവയവം പുറത്തു കാണിച്ചു തുണി ഉടുത്തിട്ടാണ് സര്‍ പീഡിപ്പികപ്പെട്ടത്... എണ്‍പത്കാരിയെ പീഡിപ്പിക്കുന്നത് അവയവ ഭംഗി കണ്ടിട്ടാണോ???

അടങ്ങി ഒതുങ്ങി വീട്ടില്‍ ഇരിക്കണം.... കറങ്ങി നടന്ന ഇങ്ങനൊക്കെ നടക്കും....
      പെണ്ണിനെ കാണുമ്പോഴേ കാമം അണപൊട്ടി ഒഴുകുന്ന ഭ്രാന്തന്മാരോട് പറയു സര്‍ വീട്ടില്‍ ഇരിക്കാന്‍.. ഈ ലോകം എന്‍റെതു കൂടിയാണ്..

നിനക്ക് ഭ്രാന്താണ്..ആണുങ്ങള്‍ വീടിലിരുന്നാല്‍ അരിക്കുള്ളത് ആരു കൊണ്ട് വരും?
       പെണ്ണ് ജോലി ചെയ്തു അരിവാങ്ങിയ അത് വേവില്ലേ ...?? അത് തൊണ്ടയില്‍ നിന്നും ഇറങ്ങില്ലേ?? അതോ അത് കഴിച്ചാല്‍ മലബന്ധം വരുമോ?

അവളുടെ അഹങ്കാരം കണ്ടില്ലേ.... ചെറുപ്പത്തില്‍ ഒളിചോടിയവള്‍ അല്ലെ നീ.. നിനക്ക് വേശ്യപണി അല്ലായിരുന്നോ?
     കൌമാരത്തില്‍ ഏതൊരാള്‍ക്കും തോന്നുന്ന പ്രണയം, നിങ്ങള്‍ക്കും തോന്നിയിട്ടില്ലേ? മനസുകൊണ്ട് ഒരാളെ ഇഷ്ട്ടപ്പെടുന്നത്തെ തെറ്റാണോ?  ചതിക്കപ്പെടുമെന്ന് കരുതിയില്ല.... വിറ്റവനും പ്രാപിച്ചവനും ഞെളിഞ്ഞു നടക്കുമ്പോള്‍ ചതിക്കപ്പെട്ടവളെ വീണ്ടും വീണ്ടും ക്രുശിക്കാന്‍ നിങ്ങള്‍ക്ക് നാണമില്ലേ ....??? വേശ്യയാണ്‌ പൊലും... എങ്ങനാണ് വേശ്യകള്‍ ഉണ്ടാകുന്നത് .... നാല്‍പ്പതോളം ആളുകള്‍ പിച്ചി ചീന്തുമ്പോള്‍ വാടിയ താമര തണ്ട് പോലെ നിസഹയായി കിടന്നു പോയ ഞാന്‍ വേശ്യയാകുന്നത് എങ്ങനെ.... നിങ്ങള്‍ എന്‍റെ സാമ്പത്തിക ശേഷിയെ കുറിച്ച് തിരക്കിയിട്ടുണ്ടോ ... എന്‍റെ വീട്ടില്‍ അരി വാങ്ങുന്നത് എങ്ങനെ എന്ന് തിരക്കിയിട്ടുണ്ടോ ???

പണ്ട് ഉണ്ടാക്കിയത് ഒക്കെ തീര്‍ന്നു കാണും ...    
      പതിനേഴു കൊല്ലമായി ഞാന്‍ ഇത് തന്നെ പറയുന്നു , അന്ന് മുതല്‍ നിങ്ങള്‍ക്ക് എന്നെ അറിയില്ലേ ...  

അന്തസുണ്ടേ പോയി തൂങ്ങി ചാകെടി ...അല്ലാതെ ഇങ്ങനെ ചാനല്‍ തിണ്ണ നിരങ്ങുക അല്ല വേണ്ടത് ... 
               മരണം കൊണ്ട് അന്തസ് കാണിക്കണമെങ്കില്‍ ആദ്യം തൂങ്ങേണ്ടത് ഞാന്‍ ചൂണ്ടി കാണിച്ചവരാണ് , എനിക്ക് ജീവിക്കണം .. ഈ ലോകത്ത് തന്നെ ...  
    ഹേയ് ഹേയ് നിങ്ങള്‍ ഒന്ന് വെളിച്ചത്തേക്ക് വരു.... ഞാന്‍ ആ മുഖമൊന്നു കാണട്ടെ ...    
അയാള്‍ മെല്ലെ വെളിച്ചത്തേക്ക് ..... 
          നിങ്ങള്‍ .... നിങ്ങളായിരുന്നില്ലേ ആ ജഡ്ജി .....!!!