Sunday, 30 September 2012

" പ്രണയസുഗന്ധം പരത്തുന്ന നിശാഗന്ധി"


       
                            ഫേസ്ബുക്കില്‍ നന്ദിതയുടെ കവിതകള്‍ എന്നപേരില്‍ പ്രസിദ്ധീകരിക്കുന്ന ഒരു പേജിലാണ് ആദ്യമായി നിശാഗന്ധിയെ കാണുന്നത്. അതുവഴി ഇതള്‍ കൊഴിഞ്ഞൊരു നിശാഗന്ധി എന്ന ബ്ലോഗും ശ്രദ്ധയില്‍പ്പെട്ടു. പൂത്തുലഞ്ഞു സുഗന്ധം പരത്തുന്ന ഒരു നിശാഗന്ധി പുഷ്പം പോലെ സുന്ദരമായ കവിതകള്‍ ... മിക്കവയും വളരെ ചെറിയ വാക്കുകളില്‍ എഴുതിയത് എങ്കിലും സുന്ദരം. കവിതകളെ കുറിച്ച് ആധികാരികമായി വിശകലം ചെയ്യാന്‍ ഒന്നും എനിക്കറിയില്ല..(പണ്ട് പത്താം ക്ലാസില്‍ മലയാളം സര്‍ കുറെ ശ്രമിച്ചു പരാജയപ്പെട്ടതാണ്..!! മലയാളത്തിനു ക്ലാസ്സ്‌ ടെസ്റ്റില്‍ തോറ്റു പോകുന്നതിനെ കുറിച്ച് ആലോചിച്ചു നോക്കു ..എന്‍റെ  ജീവിതത്തില്‍ അതും സംഭവിച്ചിട്ടുണ്ട്)  പക്ഷെ ഒരു ആസ്വധകന്‍ എന്നാ നിലയില്‍ ഞാന്‍ ആഗ്രഹിക്കുന്നത് നല്‍കുവാന്‍ ഈ കവിയത്രിക്ക് കഴിഞ്ഞു. എന്നെ ഏറ്റവും ആകര്‍ഷിച്ചത് മിക്ക കവിതകളിലും നിറഞ്ഞു നില്‍കുന്ന പ്രണയത്തിന്‍റെ  മാസ്മരികതയാണ് (പ്രായത്തിന്‍റെ ആയിരിക്കും) ... പ്രണയം അതിന്‍റെ എല്ലാ തീവ്രതയോടും കൂടി പ്രതിഫലിക്കാന്‍ കവിതകള്‍ക്ക് കഴിയുന്നു. ചെറിയ ഒരു ഉദാഹരണം പ്രപഞ്ചം എന്നാ കവിതയിലെ ഏതാനും വരികള്‍
                                "ഓരോ ഈരടിയും
                                 നിന്നെകുറിച്ചാണെങ്കില്‍
                                 ഈ പട്ടും,
                                 ഓരോ കിരണവും
                                 നിന്നെ തൊടുന്നുവെങ്കില്‍
                                  ഈ സൂര്യനെയും
                                  ഓരോ തുള്ളിയും
                                നിന്നെ ചുംബിക്കുന്നുവെങ്കില്‍
                                 ഈ മഴയും
                                ഓരോ മരണവും
                               നിന്നോട്  ചേരുന്നുവെങ്കില്‍  
                                ഈ മൃതിയും,
                                ഞാന്‍ സ്വന്തമാക്കാം!!! "
   ഒരിക്കലെങ്കിലും പ്രണയിച്ചിട്ടുള്ളവര്‍ക്ക് ഈ വരികള്‍ ചങ്കില്‍ തറക്കും തീര്‍ച്ച....
                              
അത് പോലെ പോസ്റ്റ്‌മാര്‍ട്ടം എന്ന കവിത വെറും പന്ത്രണ്ട്  വരികള്‍ അതിനുള്ളില്‍ മരണത്തിന്‍റെ,  ജീവിതത്തിന്‍റെ,  സ്വപ്നങ്ങളുടെ, നഷ്ടത്തിന്‍റെ, നിസഹായതയുടെ ഒക്കെ തീവ്രവികാരങ്ങള്‍ വായനക്കാരന് സമ്മാനിക്കാന്‍ കവിതയ്ക്ക് കഴിയുന്നു ..അത് തന്നെയാണ് ഞാന്‍ ഈ കവിതകള്‍ ഇഷ്ടപ്പെടുവാന്‍ കാരണം..  
              മറ്റൊരു അത്ഭുതം കവിതകളുടെ ഒഴുക്കാണ് ഈ കഴിഞ്ഞ മാസം മാത്രം ബ്ലോഗില്‍ വന്നത് 100 കവിതകള്‍ !! കവിതകളുടെ ഒരു തരം ഒഴുക്കാണ് എങ്ങനെയാ ഒന്ന് പറയുക (ദയവു ചെയ്തു പ്രഞ്ചിയെട്ടനില്‍ T.G രവി പറയുന്ന ഉദാഹരണം ആരും പറയരുത് പ്ലീസ്), ഈ കര്‍ക്കടമാസത്തില്‍ തോരാതെ പെയ്യുന്ന മഴപോലെ, മഴ പെയ്തു തോര്‍ന്നാലും ശാഖകളില്‍ നിന്നും ഇട്ടു വീഴുന്ന മഴത്തുള്ളികള്‍ പോലെ ഇങ്ങനെ ഇടതടവില്ലാത്ത ഒഴുക്ക്...  ഇത്ര അതികം എഴുതുമ്പോഴും ഓരോ കവിതയിലും ആശയത്തിലും അവതരണത്തിലും  മികവു പുലര്‍ത്താനും കഴിയുന്നു.
          "പ്രിയ നിശാഗന്ധി, ഇതള്‍ കൊഴിഞ്ഞ നിശാഗന്ധി എന്നതിലും നിനക്ക് ചേരുന്നത് സുഗന്ധം പരത്തുന്ന നിശാഗന്ധി എന്നാവും പ്രണയം തുളുമ്പുന്ന കവിതകളുടെ സുഗന്ധം പരത്തി  നീ ഇനിയും ആയിരം വര്‍ഷങ്ങള്‍ പൂത്തുലഞ്ഞു നില്കട്ടെ എന്ന് ആശംസിക്കുന്നു.."           

ബ്ലോഗ്‌ ലിങ്ക് കൊടുക്കുന്നു ആസ്വദിക്കുക "ഇതള്‍ കൊഴിഞ്ഞൊരു നിശാഗന്ധി"