Saturday, 23 June 2012

"കാനഡയില്‍ നഴ്സ് ആകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് "



                                     നമ്മുടെ നാട്ടിലെ നഴ്സുന്മാരെ കുറിച്ച്   ഉള്ള ഒരു  കാഴ്ചപാട്..നഴ്സിംഗ് പഠിച്ചോ എങ്കില്‍ നാട് വിട്ടോണം...... നഴ്സിങ്ങിനു ചേരുന്ന ഒന്നാം വര്ഷം മുതല്‍ നമ്മള്‍ കേള്‍ക്കുന്നത്..."ഉം..പഠിച്ചിറങ്ങിയ അപ്പൊ പറക്കും, അല്ലെ..??"   "ഇവന്‍/ ഇവള്‍ നഴ്സ് അല്ലെ...പിന്നെതിനാ പേടിക്കുന്നേ...വിദേശത്ത് ചെന്നാല്‍ പോരെ...കാശല്ലേ...കാശ്..." അതെല്ലാം കേട്ട് ഒരു നിമിഷം ഈ പറഞ്ഞതെല്ലാം സ്വപനം കാണാത്തവര്‍ എത്ര പേരുണ്ട്?  പക്ഷെ മാങ്ങയുടെ കാര്യം പറഞ്ഞത് പോലെയാണ് ഒരു വിദേശ രാജ്യത്ത് നഴ്സ് ആകുക  എന്നത്...അങ്ങോടു അടുക്കുമ്പോഴേ പുളി അറിയൂ.... 
     
         കഴിഞ്ഞ കുറെ നാളുകളായി കുറെ ഏറെ ആളുകള്‍ കാനഡയില്‍ നഴ്സ് ആകുന്നതിനെ പറ്റി ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് മറുപടിയായാണ്  ഈ ബ്ലോഗ്‌ എഴുതുന്നത്..
     
       കാനഡയില്‍ നഴ്സിംഗ് ജോലിയില്‍ പ്രവേശിക്കുന്നതിന് C.N.A (Canadian Nurses Association) നടത്തുന്ന ഒരു എക്സാം ജയിക്കെണ്ടതുണ്ട്...CRNE എന്ന ചുരുക്ക പേരില്‍ അറിയപ്പെടുന്ന  Canadian Registered Nurse Examination , വര്‍ഷത്തില്‍ മൂന്ന് പ്രാവശ്യം (ഫെബ്രുവരി, ജൂണ്‍, ഒക്ടോബര്‍) നടത്തപ്പെടുന്നു. 200 Objective Type ചോദ്യങ്ങള്‍ ഉള്ള നാലു മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന    എക്സാം ആണ് CRNE. മൂന്ന്‍ അവസരങ്ങള്‍ മാത്രം ഉള്ള ഈ എക്സാം ആദ്യ എഴുത്തില്‍ കിട്ടിയവരുണ്ട്  രണ്ടാമത്തെ എഴുത്തില്‍ കിട്ടിയവരുണ്ട് മൂന്നാമത് എഴുതി എടുത്തവരുണ്ട്‌..മൂന്നു പ്രാവശ്യം എഴുതിയിട്ടും കിട്ടത്തവരുണ്ട്...!!! എക്സാമിനെ കുറിച്ച് പറഞ്ഞപ്പോള്‍ തന്നെ അതിന്‍റെ ഒരു കിടപ്പ് പിടി കിട്ടിയില്ലേ?

ഇനി എക്സാം എഴുതാന്‍ എന്ത് ചെയ്യണം എന്നതിനെ കുറിച്ച്...
      കാനഡയിലെ വിവിധ പ്രവിശ്യകള്‍ക്ക്(Province)  നഴ്സിംഗ് റെജിസ്ട്രേഷന്‍ കൌണ്സിലുകള്‍ ഉണ്ട്...അവരാണ് എക്സാം എഴുതാന്‍ ആഗ്രഹിക്കുന്നവരുടെ  അസെസ്മെന്റ്റ് നടത്തി അവര്‍ എക്സാം എഴുതാന്‍ എലിജിബിള്‍  ആണോ എന്ന് നിശ്ചയിക്കുന്നത്.
Eligibility Criteria ഓരോ  പ്രൊവിന്‍സിനും വ്യത്യസ്തമാണ്, ഓരോ പ്രൊവിന്‍സിന്‍റെയും സൈറ്റ് അഡ്രസ്‌ ചുവടെ കൊടുക്കുന്നു...ആ സൈറ്റ്  പരിശോധിച്ചാല്‍ അവരവരുടെ  Eligibility Criteria മനസിലാകും..
1. College of Nurses of Ontario 
2.College of Registered Nurses of Manitoba
3.Saskatchewan Registered Nurse's Association
4.College and Association of Registered Nurses of Alberta
5.College of Registered Nurses of British Columbia
6.College of Registered Nurses of Nova Scotia
7.Association of Registered Nurses of Prince Edward Island
  മുകളില്‍ കൊടുത്തിരിക്കുന്ന സൈറ്റുകള്‍ നോക്കിയാല്‍ ഓരോ പ്രൊവിന്‍സിലെയും Eligibility Criteria ലഭിക്കും..(Registration as a new RN, Registration of Internationally Educated Nurse, Become an RN എന്നിങ്ങനെ ഏതെങ്കിലും ഒരു പോര്‍ട്ടല്‍ പരിചോധിക്കുക)
 നിലവില്‍ ഏറ്റവും കുറവ് I.E.L.T.S Score ഉള്ളത് ആദ്യം കൊടുത്തിരിക്കുന്ന College of  Nurses of Ontario (C.N.O)  ക്കാണ്. ഈ പ്രൊവിന്‍സുകളില്‍ എത്തിലെങ്കിലും എലിജിബിലിറ്റിക്ക് വേണ്ടി അപ്ലൈ ചെയ്യുമ്പോള്‍ അവര്‍ നിങ്ങള്‍ എലിജിബിള്‍ ആണെങ്കില്‍  ഒരു പകേജ്  അയച്ചു തരും...(the contents in the kit varies according to the provinces, like verification from college, employer etc..) ആ പാകെജ് ലഭിച്ച്  അതില്‍ ആവശ്യപ്പെടുന്ന ഡോകുമെന്റ്സ് എല്ലാം ലഭിച്ച ശേഷം ഒരു നിശ്ചിത  സമയത്തിനുള്ളില്‍ നിങ്ങള്‍ CRNE എഴുതാന്‍ എലിജിബിള്‍ ആണോ അല്ലയോ എന്ന്  ആ Particular College നിങ്ങളെ അറിയിക്കും... എക്സാം എഴുതുന്നതിനുള്ള     എലിജിബിളിറ്റി ലഭിച്ചാല്‍ നിങ്ങള്‍ തയ്യാറാണെങ്കില്‍ ഏറ്റവും അടുത്ത എക്സാം ഡേറ്റ്  എടുക്കാം...        


എക്സാം ജയിച്ചു കഴിഞ്ഞാല്‍... 
  എക്സാം കഴിഞ്ഞു ഏകദേശം ഒരു മാസത്തിനകം ഫലം വരും...നെഗറ്റിവ് മാര്‍ക്ക്‌ ഇല്ല..മൂല്യ നിര്‍ണയത്തിന് ശേഷം C.N.A ആണ് പാസ്‌ മാര്‍ക്ക്  നിശ്ചയിക്കുന്നത് ...P.S.C യുടെ ഒക്കെ cut-off മാര്‍ക്ക് പോലെ ഒരു മാര്‍ക്ക് അതിനു മുകളില്‍  ലഭിക്കുന്നവര്‍ ജയിക്കും...അല്ലാത്തവര്‍ അടുത്ത തവണ ഒരിക്കല്‍ കൂടി  എഴുതെണ്ടാതായ് വരും...!!!
  ജയിച്ചു കഴിഞ്ഞാല്‍, അതാത് പ്രൊവിന്‍സുകളില്‍ നമ്മള്‍ registration ലഭിക്കാന്‍ apply ചെയ്യണം...അതിനു മിക്കവാറും പ്രൊവിന്‍സിലും ഒന്നെങ്കില്‍ P.R അല്ലെങ്കില്‍  Open Work permit ആവശ്യമുണ്ട്...ആ പടി കൂടി കടന്നു കിട്ടിയാല്‍ 
 നിങ്ങള്‍ RN ആയി....

വായിച്ചപ്പോള്‍ നിസാരമെന്നു തോന്നിയോ..ആദ്യം പറഞ്ഞ മാങ്ങയുടെ കാര്യം ഓര്‍ത്താല്‍ മതി...അടുക്കുമ്പോഴേ പുളി അറിയൂ...


(ഇത് RN ആകുന്നത് എങ്ങനെ എന്നുള്ള ഒരു കുറിപ്പാണ്.. കോഴ്സ് എടുക്കുന്നതിനെ കുറിച്ചും, LPN/RPN, Open Work Permit, PR തുടങ്ങിയവ അടുത്ത  ഭാഗത്തില്‍ വിശധമാക്കാം..ഇപ്പൊ എല്ലാം കൂടി കേട്ട് തലപെരുക്കണ്ട..)    

Monday, 30 April 2012

"പ്രവാസിയുടെ നഷ്ടങ്ങളുടെ കണക്കെടുപ്പ് "


             കവലയിലെ ചായ കടയിലെ മധുരം കുറച്ചുള്ള സ്ട്രോങ്ങ്‌ ചായയും ചില്ലലമാരയിലെ പരിപ്പ് വടയും, ബോണ്ടയും, പഴം പൊരിയും,  പുതുമഴയില്‍ ഉയരുന്ന പുതുമണ്ണിന്‍റെ മണവും, ഇടിവെട്ടി പെയ്യുന്ന   ഇടവപാതിയും, ഇടയ്ക്കിടെ മാനത്ത് വര്‍ണ്ണങ്ങള്‍ വിടര്‍ത്തുന്ന മഴവില്ലും, ആ മഴയില്‍ വഴിയില്‍ നിറയുന്ന  വെള്ളത്തിലൂടെയുള്ള നടപ്പും, ചെറുകുളിരില്‍ കമ്പിളിപുതപ്പിനടിയിലെ ഉച്ചമയക്കവും, മഴപെയ്തു തോരുന്ന വൈകുന്നേരങ്ങളില്‍ മേഖങ്ങല്‍ക്കിടയിലൂടെ വരുന്ന  അസ്തമയ സൂര്യനും,  മീന വെയിലിന്‍റെ ചൂടും, കാട്ടാറിന്‍റെ കുളിരും, പച്ച മാങ്ങയുടെ പുളിപ്പും, തേന്‍വരിക്കയുടെ മധുരവും, മുറ്റത്തെ പേരമരത്തില്‍ കൂട്ടമായി വന്നിരിക്കുന്ന തത്തമ്മയും,  ചില്ലയില്‍ നിന്നും ചില്ലയിലേക്ക് ചാടി കളിക്കുന്ന അണ്ണാറകണ്ണനും, തെങ്ങിലെ ചെറിയ വിടവില്‍ കൂടു കൂട്ടിയ മൈനയും, പാടവരമ്പിലെ കൊറ്റിയും, വയല്‍ വരമ്പ് ചേര്‍ന്നൊഴുകുന്ന കൈ തോട്ടിലെ പരല്‍ മീനുകളും, കാറ്റില്‍ താളതിലാടുന്ന നെല്കതിരും, തൊടിയില്‍ മേയുന്ന പശുവും, ഓടികളിക്കുന്ന ആട്ടിന്‍ കുട്ടികളും, ചിക്കി ചികയുന്ന കോഴിയും, വൈകുന്നേരങ്ങളിലെ ഒത്തു ചേരലും, കൈ മാറി വരുന്ന  സിഗരിറ്റിന്‍റെ പുകയും, പിരിവിട്ടു വാങ്ങിയ പന്ത് വച്ചുള്ള   കളിയും, വല്ലപ്പോഴും ഷെയര്‍ ഇട്ടു വാങ്ങുന്ന  ഒരു കുപ്പി മദ്യം ആരും കാണാതിരിക്കാന്‍ അരയില്‍ ഒളിപ്പിച്ചു കൈലി മുണ്ട് മുറുക്കി ഉടുത്  ഇടവഴിയിലൂടെ വരുന്ന കൂട്ടുകാരനെ നോക്കിയുള്ള  ഇരിപ്പും, അങ്ങോട്ട്‌ മാത്രമുള്ള പ്രണയവും, ആഴ്ചയില്‍ ഒരിക്കല്‍  ആ പെണ്‍കുട്ടി ടുഷന്‍ കഴിഞ്ഞു വരുന്നതും കാത്ത് ബസ്‌ സ്റ്റോപ്പിലെ    കാത്തിരിപ്പും, കണ്ണുകളിലൂടെ പറയാതെ പറയുന്ന വാക്കുകളും, കവലയില്‍ ഇടയ്ക്കിടെ നടക്കുന്ന പൊതുയോഗ ബഹളവും തുടങ്ങി നമ്മള്‍ ജീവനോട്‌ ചേര്‍ത്ത് നിര്‍ത്തിയ   എല്ലാം നഷ്ടപ്പെടുത്തി കാതങ്ങള്‍ അകലെ ഇരിക്കുമ്പോള്‍ ഞാന്‍ ഓര്‍ത്തു പോകുന്നു എന്‍റെ നാട് .... എന്‍റെ നടെത്ര സുന്ദരം...
              ഇവിടെ ജീവിത കീ കൊടുത്ത ഒരു പവപോലെയാണ്, അതിങ്ങനെ രാവുകളും പകലുകളും കടന്നു പോയ്‌ കൊണ്ടേ ഇരിക്കുന്നു... ഇവിടെ മനുഷ്യരെ കാണാന്‍ ബുദ്ധിമുട്ടാണ് , പകരം ഇവിടുള്ളത്‌ എല്ലാം പ്രോഫെഷനുലുകളാണ്...ഭാര്യയും ഭര്‍ത്താവും തമ്മില്‍ അച്ഛനും മകനും തമ്മില്‍ കാമുകനും കാമുകിയും തമ്മില്‍ എല്ലാം പ്രോഫെഷനല്‍ റിലേഷന്‍ഷിപ്പുകള്‍... ഒരിക്കല്‍ ഞാന്‍ ഒരു പത്തു വയസുകരനുമായി സംസാരിക്കുന്നതിനിടയില്‍ വീട്ടില്‍ ആരൊക്കെ ഉണ്ടെന്നു ചോദിച്ചു..അവന്‍ പറഞ്ഞു.."Am with my mother and step father...my father is with his wife.." എനിക്ക് എന്തോപോലെ തോന്നി..ഞാന്‍ ചോദിച്ചു "don't you feel like being with your father?" അപ്പൊ അവന്‍ പറഞ്ഞു..."Oh..ya..I see him every week...even though they break-up my mother and father are good friends..she takes me to see him once a week.." പിന്നെ എനിക്ക് ഒന്നും പറയണോ ചോദിക്കാനോ തോന്നിയില്ല..ഇത് പോലെയാണ് ഇവിടെ ജീവിതം...ഇതിനിടയില്‍ എവിടെയാണ് മനുഷ്യനെ കാണാന്‍ കഴിയുന്നത്‌.... 
           
         ഒരു നാള്‍ ഞാന്‍ മടങ്ങി വരും എന്‍റെ നാടിന്‍റെ സ്വാതന്ത്രത്തിലേക്ക്... എന്‍റെ നാടിന്‍റെ ശുദ്ധ വായുവിലേക്ക്... എന്‍റെ പ്രകൃതിയുടെ മടിത്തട്ടിലേക്ക്... എന്‍റെ ചെങ്ങതിമാരുടെ സൌഹൃതത്തിന്‍റെ വലയത്തിലേക്ക്... മനുഷ്യരുടെ ഇടയിലേക്ക്..


(മുഖ ചിത്രത്തിനു കടപ്പാട് : ബ്ലോഗര്‍  പൈങ്ങോടന്‍ )

Tuesday, 3 April 2012

ആന്‍ ഫ്രാങ്ക്: നിശബ്ദത ഭേതിച്ച പെണ്‍കുട്ടി




               

                  "എന്നെന്നേക്കുമായി  നിശബ്ദമാക്കപ്പെട്ട ദശലക്ഷക്കണക്കിനു ശബ്ദങ്ങള്‍ക്കിടയില്‍  ഒരു ശബ്ദം മാത്രം ബാക്കിയായി, കറുത്ത കാലത്തെ ഓര്‍മ്മപ്പെടുത്തികൊണ്ട് ഒരു കൊച്ചു പെണ്‍കുട്ടിയുടെ ശബ്ദം....വിടരും മുന്‍പ് നാസി പട തല്ലികൊഴിച്ച ആന്‍ ഫ്രാങ്കിന്‍റെ ശബ്ദം..." 
 
                ആന്‍ ഫ്രാങ്ക് , ഒരു ജര്‍മ്മന്‍ ജൂത കുടുംബത്തില്‍ ഓട്ടോ ഫ്രാങ്കിന്‍റെയും എഡിത്   ഫ്രാങ്കിന്‍റെയും രണ്ടു മക്കളില്‍ ഇളയവള്‍ . ജെര്‍മനിയില്‍ നാസികള്‍ ജൂത കുല ജാതരെ ഒന്നടക്കം ഉന്മൂലനം ചെയ്യാന്‍ ഇറങ്ങിയ കാലത്ത് ഈ കുടുംബം ഹോളണ്ടിലെ അമ്സ്ട്രദാമിലേക്ക് പലായനം ചെയ്തു.... നിര്‍ഭാഗ്യവശാല്‍  ഹോളണ്ടും ജെര്‍മനി കീഴടക്കി...ജൂതന്മാരെ ഓരോരുത്തരെ വീടുകളില്‍ നിന്നും പിടിച്ചുകൊണ്ടുപോയി കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകളിലെ ഗ്യാസ് ചെമ്പറുകളില്‍  നിഷ്കരുണം കൊലചെയ്തു കൊണ്ടിരുന്ന കാലത്ത് പ്രാണരെക്ഷാര്‍ത്ഥം ഈ കുടുംബവും ഒളിവില്‍ പോയി... അവരോടൊപ്പം വൈകാതെ വാന്‍ ഡാന്‍ (യദാര്‍ത്ഥ പേര് വാന്‍ പെല്‍) കുടുംബത്തില്‍ നിന്നും  മൂന്നു പേരും മറ്റൊരു ദന്ത ഡോക്ടറും കൂടി.. അങ്ങനെ എട്ടുപ്പേര്‍ പുറത്തു ഉള്ള  വിശ്വസ്തരായ ഏതാനും ആളുകളുടെ സഹായത്തില്‍ ഏകദേശം രണ്ടു വര്‍ഷം പുറം ലോകത്തിനു ഒരു സൂചനയും കൊടുക്കാതെ ജീവിച്ചു..

            1942 മുതല്‍ 1944 വരെ ഒളിവില്‍ കഴിഞ്ഞ കാലത്ത് ആന്‍ ഫ്രാങ്ക് എന്ന ഈ കൊച്ചു പെണ്‍കുട്ടി എഴുതിയ ഡയറി കുറിപ്പുകളാണ് പില്‍ക്കാലത്ത് 'ആന്‍ ഫ്രാങ്ക് ഡയറിസ്' എന്ന പേരില്‍ പ്രശസ്തമായത്‌ .
 
          കഴിഞ്ഞ ദിവസം ഈ പുസ്തകം വായിച്ചു കഴിഞ്ഞപ്പോള്‍ അതിനെ കുറിച്ച് രണ്ടു വാക്ക് എഴുതണമെന്നു തോന്നി...പക്ഷെ എഴുതാന്‍ ഇരുന്നപ്പോള്‍ എന്തുകൊണ്ടോ വാക്കുകള്‍ കിട്ടാതെ വരുന്നു... 'കിറ്റി' എന്ന ഓമന പേരിട്ടു വിളിച്ച ആ ഡയറിയായിരുന്നു ആന്‍ ഫ്രാങ്കി ന്‍റെ ഏറ്റവും നല്ല സുഹൃത്ത്‌, തന്‍റെ സ്വപനങ്ങളും ഇണക്കങ്ങളും പിണക്കങ്ങളും ദേക്ഷ്യവും പ്രണയവും എല്ലാം ആന്‍ പങ്കു വച്ചത് കിറ്റിയോടയിരുന്നു... അതെല്ലാം ഇവിടെ പറയാന്‍ എന്‍റെ വാക്കുകള്‍ മതിയാകാതെ വരും...!!! സീക്രെട്ട് അനെക്സ് എന്ന് പേരിട്ട ആ ഇരുണ്ട വീടിനകത്തു ഇതു നിമിഷവും കടന്നു വരാവുന്ന മരണം കാത്തു കഴിഞ്ഞ ആ എട്ടുപേരുടെ അനുഭവങ്ങളിലൂടെ കടുന്നുപോകുമ്പോഴേ നമ്മള്‍ അനുഭവിക്കുന്ന ഈ സ്വതന്ത്രയത്തിന്‍റെ വില നമുക്ക്  മനസിലാകു...

ആന്‍ ഫ്രാങ്കിനോപ്പം ഒളിവില്‍ കഴിഞ്ഞവരെയം പുറമേ സഹായികള്‍ ആയി നിന്നവരെയും ചുവടെ പരിചയപ്പെടുത്തുന്നു...


                                                               
                                                                     ആന്‍ ഫ്രാങ്ക് 



               തന്‍റെ ഡയറി കുറുപ്പുകളിലൂടെ നാസി ഭരണത്തിന്‍ കീഴില്‍ അനുഭവികേണ്ടി വന്ന യാദനകളെ കുറിച്ച് ലോകത്തെ അറിയച്ച കൊച്ചു പെണ്‍കുട്ടി...1945 ല്‍ നാസി പട്ടാളത്തിന്‍റെ ബെല്‍സെന്‍ കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പില്‍ പകര്‍ച്ച വ്യാതിയും ( ടൈഫസ് എന്ന അസുഖം ആയിരുന്നു എന്ന് പറയപ്പെടുന്നു) പട്ടിണിയും മൂലം മരണത്തിനു കീഴടങ്ങുമ്പോള്‍ ആന്‍ ഫ്രാങ്കിന് പതിനഞ്ചു വയസു മാത്രമായിരുന്നു പ്രായം. യുദ്ധാനന്തരം ഈ ഡയറി കുറിപ്പുകള്‍ വെളിച്ചം കണ്ടപ്പോളാണ് എന്തായിരുന്നു നാസികള്‍ സ്വന്തം ജനതയോട് ചെയ്തത് എന്ന് ലോകം അറിയുന്നത്...രണ്ടാം ലോക മഹായുദ്ധത്തെ കുറിച്ചും നാസി കൃരതയെയും കുറിച്ച് പറയുമ്പോള്‍ ആന്‍ ഫ്രാങ്കിന്‍റെ പേര് പ്രതിപാതിക്കാതെ പോകാന്‍ കഴിയില്ല...



                                                             ഫ്രാങ്ക് കുടുംബം.



                                                                ഓട്ടോ ഫ്രാങ്ക്.


           ആന്‍ ഫ്രാങ്കിന്‍റെ പിതാവ്. നാസി പട്ടാളത്തിന്‍റെ കൈയില്‍ അകപ്പെട്ട ഫ്രാങ്ക് കുടുംബത്തില്‍ ജീവനോടെ അവശേഷിച്ച ഏക വ്യക്തി... രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം ആന്‍ ഫ്രാങ്കിന്‍റെ ഡയറി പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിച്ചത് ഇദ്ദേഹമായിരുന്നു. യുദ്ധത്തിനു ശേഷം ജയില്‍ മോചിതിനായി മടങ്ങി വന്ന ഓട്ടോ ഫ്രാങ്കിന്‍റെ കൈവശം ആന്‍ ഫ്രാങ്കിന്‍റെ ഡയറി കിട്ടുമ്പോള്‍ കുടുംബവും മക്കളും നഷ്ട്ടപ്പെട്ട വേദനയില്‍ ആദ്യം അത് വായിക്കാന്‍ അദ്ദേഹം കൂട്ടാക്കിയില്ല  പക്ഷെ ഒരിക്കല്‍ വാക്കുകളുടെ കടന്നു പോയപ്പോള്‍, എന്നെങ്കിലും പുറത്തു വന്നാല്‍ ഇത് പ്രസിദ്ധീകരിക്കണമെന്നു മകള്‍ ആഗ്രഹിച്ചിരുന്നു എന്ന് മനസിലാക്കിയപ്പോഴാണ്  ഇത് 
പ്രസിദ്ധീകരിക്കുന്നതിനെ കുറിച്ച് അദ്ദേഹം ആലോചിച്ചത്. ചില സുഹൃത്തുകളുടെയും ചരിത്രകാരന്‍മാരുടെയും സഹായത്തോടെ 1947 ല്‍ ആന്‍ ഫ്രാങ്ക് ഡയറിസ് ലോകത്തിനു മുന്നില്‍ വച്ചുകൊണ്ട് മകളുടെ ആഗ്രഹ സഫലീകരണതോടൊപ്പം  മധുരതരമായ ഒരു പ്രതികാരം കൂടിയായിരുന്നു ഓട്ടോ ഫ്രാങ്ക് ചെയ്തത്. 1980 ല്‍ തോന്നുറ്റിഒന്നാം വയസില്‍ അന്തരിച്ചു. ആന്‍ "പിം" എന്നാണ് അദ്ദേഹത്തെ വിളിച്ചിരുന്നത്‌. 

                                                            
                                         എഡിത് ഫ്രാങ്ക് 


ആന്‍ ഫ്രാങ്കിന്‍റെ മാതാവ്‌....  സാമ്പത്തികമയി നല്ല ഉയര്‍ന്ന നിലയില്‍ ഉള്ള ഒരു കുടുംബത്തിലാണ് എഡിത് ജനിച്ചത്‌, 1925 മെയ്‌ 12 നു ഓട്ടോ ഫ്രാങ്കിനെ വിവാഹം കഴിച്ചു.  പട്ടിണിയും രോഗങ്ങളും മൂലം നാസി ക്യാമ്പില്‍ വച്ച് 1945 ല്‍ കൊല്ലപ്പെട്ടു. 


                                                        മാര്‍ഗ്രെറ്റ് ഫ്രാങ്ക് 


         ആന്‍ ഫ്രാങ്കിന്‍റെ സഹോദരി, ബെല്‍സെന്‍ ക്യാമ്പില്‍ വച്ച് 1945 ല്‍ രോഗം ബാധിച്ചു മരിച്ചു. മരിക്കുമ്പോള്‍ പത്തൊന്‍പതു (19) വയസായിരുന്നു മാര്‍ഗ്രെറ്റ്നു പ്രായം. 
    

                                                      വാന്‍ ടാന്‍ കുടുംബം 

യദാര്‍ത്ഥ പേര് 'വാന്‍ പെല്‍' എന്നാണ് ഡയറിയില്‍ 'വാന്‍ ടാന്‍' കുടുംബം എന്നാണ് ആന്‍ ഫ്രാങ്ക് ഈ കുടുബത്തെ വിളിച്ചിരിക്കുന്നത്.

                                                       
                                                         Mr . വാന്‍ ടാന്‍ 


ആന്‍ ഫ്രാങ്കിന്‍റെ പിതാവിന്‍റെ ബിസിനെസ്സ് പങ്കാളി ആയിരുന്നു. യദാര്‍ത്ഥ പേര്  ഹെര്‍മന്‍ വാന്‍ പെല്‍സ്. ഫ്രാങ്ക് കുടുംബത്തിന്‍റെ നല്ല സുഹൃത്ത്‌ എന്ന നിലയിലാണ് ഇത്തരത്തില്‍ ഒളിവില്‍ താമസിക്കാന്‍ വാന്‍ ടാന്‍ കുടുംബത്തെയും കൂട്ടാന്‍ ഓട്ടോ ഫ്രാങ്ക് തീരുമാനിച്ചത്...ഭാര്യക്കും മകനുമൊപ്പം തുടക്കം മുതല്‍ ഒടുവില്‍ പിടിക്കപ്പെടും വരെ ഫ്രാങ്ക് കുടുംബത്തോടൊപ്പം ഇദ്ദേഹവും ഉണ്ടായിരുന്നു. 1944  ല്‍ ഓഷ്വിട്സ് ക്യാമ്പില്‍ ഗ്യാസ് ചേംബറില്‍  ആ ജീവിതം അവസാനിച്ചു.


                                                              Mrs . വാന്‍ ടാന്‍ 


യദാര്‍ത്ഥ പേര് ഓഗുസ്റെ വാന്‍ പെല്‍സ്,  ഹെര്‍മന്‍ വാന്‍ പെല്‍സ്ന്‍റെ ഭാര്യ. ആന്‍ ഫ്രാങ്ക് തന്‍റെ ഡയറിയില്‍ നല്ല ഒരു വിവരണം തന്നെ Mrs . വാന്‍ ടാന്‍ നെ കുറിച്ച് കൊടുക്കുനുണ്ട്. ആന്‍ ഫ്രാങ്കിന്‍റെ അമ്മയും Mrs .വാന്‍ ടാന്‍ നുമയി നടക്കുന്ന പിണക്കങ്ങളെയും വഴക്കുകളെയും കുറിച്ച് സരസമായി വിവരിച്ചിരിക്കുന്നു.  Mrs. വാന്‍ ടാന്‍ എങ്ങനെ മരിച്ചു എന്നതിന് വ്യക്തമായ സൂചനകള്‍ ഒന്നും ഇല്ല. 

                                                     
                                                          പീറ്റര്‍ വാന്‍ ടാന്‍ 


Mr. വാന്‍ ടാനിന്‍റെ മകന്‍, 1945 ല്‍ മൌതത്സെന്‍ ക്യാമ്പില്‍ വച്ച് കൊല്ലപ്പെട്ടു. പീറ്റര്‍ കൊല്ലപ്പെട്ടു മൂന്ന് ദിവസങ്ങള്‍ക്കു ശേഷം ഈ ക്യാമ്പ്‌ നാസികളുടെ കൈയില്‍ നിന്നും മോചിപ്പിക്കപ്പെട്ടു.  ആന്‍ ഫ്രാങ്കിന്‍റെ "സ്വീറ്റ് ഹാര്‍ട്ട്" എന്നൊരു പ്രത്യേകതയും പീറ്റെരിനുണ്ട്. 

                                                             
                                         സഹായികള്‍ 

                                          Mr. Koophuis

 ഓട്ടോ ഫ്രാങ്കിന്‍റെ ബിസിനെസ്സ് പങ്കാളി, യദാര്‍ത്ഥ പേര് ജോനെസ്  ക്ലെയിന്‍മാന്‍. സീക്രെട്ട് അനെക്സിലെക്കുള്ള വാതിലിനു സമീപം. 


                                                                   Mr. ക്രെലെര്‍ 

           
                                 യദാര്‍ത്ഥ പേര് വിക്ടര്‍ കുഗ്ലെര്‍ (Victor Kugler) 


                                                                എല്ലി വോസ്സെന്‍ 


                         യദാര്‍ത്ഥ പേര് Bep Voskuijl. ഓട്ടോ ഫ്രാങ്കിന്‍റെ ഓഫീസി സെക്രട്ടറി ആയിരുന്നു. സെക്രെറ്റ്‌ അനെക്സിലെക്കുള്ള വാതില്‍ പണിതത് ബെപിന്‍റെ പിതാവാണ്.


                                                            വാന്‍ സാന്‍റെന്‍


          യദാര്‍ത്ഥ പേര് Miep Gies, പട്ടാളക്കാര്‍ മുറിയില്‍ ഉപേഷിച്ച് പോയ ഡയറി സംരക്ഷിച്ചതും ഒടുവില്‍ അത് ഓട്ടോ ഫ്രാങ്കിന് കൈമാറിയതും Miep ആയിരുന്നു. അന്ന് ആ ഡയറിയും കടലാസ്  കുറിപ്പുകളും എടുത്തു വയ്ക്കാന്‍ തോന്നിയില്ലരുന്നെങ്കില്‍ ഒരു പക്ഷെ "ആന്‍ ഫ്രാങ്ക് ഡയറി" എന്ന വിലയേറിയ നിധി ലോകത്തിനു ലഭിക്കില്ലായിരുന്നു. 

           
                                        ദി സീക്രെട്ട് അനെക്സ് 
           
               ഒളിവില്‍ താമസിക്കാന്‍ ഓട്ടോ ഫ്രാങ്ക് തിരഞ്ഞെടുത്തത് അദ്ദേഹത്തിന്‍റെ തന്നെ ഉടമസ്തയില്‍ ഉള്ള ഒരു കെട്ടിടമായിരുന്നു. അദ്ദേഹം നടത്തിവന്ന ബിസിനെസ് ആവശ്യത്തിനു ഉപയോഗിച്ചിരുന്ന ഒരു വെയര്‍ ഹൌസും ഓഫീസും പ്രവര്‍ത്തിക്കുന്ന കെട്ടിടത്തോട് ചേര്‍ന്ന് ഉപയോഗിക്കാതെ കിടന്ന ആ കെട്ടിടത്തിന്‍റെ തന്നെ ഭാഗമാണ്ചെറിയ മാറ്റങ്ങള്‍ വരുത്തി വാസയോഗ്യമാക്കി എടുത്തത്.....

                         
                               ഓട്ടോ ഫ്രാങ്കിന്‍റെ ഓഫീസ് കെട്ടിടത്തിന്‍റെ മുന്‍വശം 


       
                "ആന്‍ ഫ്രാങ്ക് ഹൌസ്‌" എന്നറിയപ്പെടുന്ന കെട്ടിടം ഇന്ന്.




സീക്രെട്ട് അനെക്സ് രൂപ രേഖ , ഇതില്‍ ആരോ മാര്‍ക്ക് ചെയ്തിരിക്കുന്ന സ്ഥലമാണ്‌ സീക്രെട്ട് അനെക്സിലെക്കുള്ള കവാടം.



               സീക്രെട്ട് അനെക്സിലെക്കുള്ള കവാടം, പുറമേ നിന്ന് നോക്കിയാല്‍ ഒരു 'ബുക്ക്‌ ഷെല്‍ഫ്' ആണെന്നെ തോന്നു പക്ഷെ അത് അറിയാവുന്നവര്‍ക്ക് മാത്രം തുറക്കാവുന്ന ഒരു വാതിലാണ്.




            ആന്‍ ഫ്രാങ്കിന്‍റെ മുറി, ചുവരുകളില്‍ ചിത്രങ്ങള്‍ ഒട്ടിച്ചിരിക്കുന്നത് കാണാം. ആന്‍ ഫ്രാങ്ക് ഡയറിയുടെ തുടക്കത്തില്‍ ഇതിനെ കുറിച്ച് പറയുന്നുണ്ട്.

                                                        
                                                    ആന്‍ ഫ്രാങ്ക് ഡയറി 

ആന്‍ ഫ്രാങ്ക് തന്‍റെ ഡയറിയെ "കിറ്റി" എന്നാണ് വിളിച്ചിരുന്നത്‌. ഏകാന്ത ഒലിവു ജീവിതത്തില്‍ തന്‍റെ എല്ലാ കാര്യങ്ങളും പങ്കു വയ്ക്കാനുള്ള ആത്മസുഹൃത്തായിട്ടാണ്    ആന്‍ തന്‍റെ ഡയറിയെ കണ്ടത്. 




      
                                            ആന്‍ ഫ്രാങ്കിന്‍റെ ശവകുടീരം

ഫാസിസ്റ്റ് ഭരണത്തിന്‍ കീഴില്‍ ഓരോ ദിവസവും ലക്ഷങ്ങള്‍ ആണ് കൊല്ലപെട്ടു കൊണ്ടിരുന്നത്. അവരെയെല്ലാം ഒരു മിച്ചു കുഴിച്ചു മൂടുകയോ കത്തിച്ചു കളയുകയോ ആയിരുന്നു പതിവ്. അങ്ങനെ ബെല്‍ സെന്‍ ക്യാമ്പില്‍ മരിച്ചവരെയെല്ലാം ഒരുമിച്ചു മറവു ചെയ്ത കൂട്ടത്തില്‍ എവിടേയോ ആന്‍ ഫ്രാങ്കും സഹോദരിയും മറവു ചെയ്യപ്പെട്ടു. എവിടെയെന്നു വ്യക്തമായ ധാരണയില്ല. മുകളില്‍ കൊടുത്തിരിക്കുന്ന ചിത്രം അത്തരത്തില്‍ ഒന്നാണ്..!! 

       ബെല്‍ സെന്‍ ക്യാമ്പില്‍ കൊല്ലപ്പെട്ടവരുടെ ശവം മറവു ചെയ്ത സ്ഥലത്ത് ആന്‍ ഫ്രാങ്കിന്‍റെയും സഹോദരിയുടെയും ഓര്‍മയ്ക്ക് സ്ഥാപിച്ച കല്ല്‌. 
  
                    ആന്‍ ഫ്രാങ്ക് ഒരു പ്രതീകമാണ് .... നാസികളുടെ തോക്കിനു മുന്നിലും ഇരുളടഞ്ഞ  കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകളിലെ ഗ്യാസ് ചെമ്പറുകളിലും പ്രതിഷേധതത്തിന്‍റെ ഒരു ചെറിയ ശബ്ദം പോലും ഉയര്‍ത്താന്‍ കഴിയാതെ മരണത്തിനു കീഴ്പ്പെടെണ്ടി വന്ന ലക്ഷകണക്കിന് മനുഷ്യരുടെ പ്രതീകം...ഒരു വാക്കുപോലും ഉരിയാടാതെ മരണത്തിനു കീഴടങ്ങിയ ലക്ഷ കണക്കിന് ആളുകളുടെ പ്രതീകം.. ആ കൊച്ചു പെണ്‍കുട്ടിയുടെ ശബ്ദത്തിനു മുന്നില്‍ ഇരമ്പി ആര്‍ത്തു വരുന്ന തിരമാലകള്‍ പോലും നിശബ്ദമാകുന്നു....നിശബ്ദത കൊണ്ട് ലോകം കീഴടക്കിയ കൊച്ചു പെണ്‍കുട്ടി നീ സമരമുഖങ്ങളില്‍ ഇന്നും അന്ഗിപടര്‍ത്തുന്നു...സ്വതന്ത്ര സമര പോരാട്ടങ്ങള്‍ക്ക് കരുത്തു പകരുന്നു....


(ആന്‍ ഫ്രാങ്കിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ആന്‍ ഫ്രാങ്ക് മ്യുസിയം  എന്ന ഈ ലിങ്കില്‍ ലഭ്യമാണ്, ആന്‍ ഫ്രാങ്കിനെ കുറിച്ചുള്ള വിക്കി പീഡിയ വിവരണം ആന്‍ ഫ്രാങ്ക് വിക്കി പീഡിയ  ഇവിടെ വായിക്കാം.)


NB: ചിത്രങ്ങള്‍ക്ക്  ഗൂഗിളിനോട് കടപ്പാട്

Sunday, 19 February 2012

"യതോ ധര്‍മ്മ: തതോ ജയ"

     
  
           ആശുപത്രികളില്‍ നിന്ന് ആശുപത്രികളിലേക്ക് കത്തി പടരുന്ന നഴ്സിംഗ് സമരം  കഴിഞ്ഞ കുറച്ചു മാസങ്ങളായി വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നു. മുംബൈ ഏഷ്യന്‍ ഹാര്‍ട്ട്‌ ആശുപത്രിയിലെ നഴ്സ് ആയിരുന്ന പ്രിയ സഹോദരി ബീന ബേബി, അവര്‍ അനുഭവിച്ച കൊടിയ യാഥാനകള്‍ക്ക് സ്വന്തം ജീവിതം കൊണ്ട് കണക്കു തീര്‍ത്തിടതാണ് നമ്മള്‍ തുടങ്ങിയത്. മുബൈയിലെ തെരുവുകളില്‍ അവകാശ സമര കാഹളം മുഴങ്ങി, അത്രയും നാള്‍ അടക്കി പിടിച്ച പ്രതിഷേധം അണപോട്ടിയോഴുകിയപ്പോള്‍ അതിനെ പ്രതിരോതിക്കാന്‍ കഴിയാതെ പല മാനേജുമെന്റുകളും മുട്ടുമടക്കി.. ആ സമരം ഡല്‍ഹിയിലേക്കും കല്‍കത്തയിലേക്കും രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്കും വ്യാപിച്ചു...ഏറ്റവും വലിയ നഴ്സിംഗ് സമൂഹം ഉള്ള  കേരളത്തിലും സമരത്തിന്‍റെ അലയൊലികള്‍ എത്തി.   

ബീന ബേബി 
                                      
                                        നഴ്സിംഗ് സമൂഹം പ്രതിരോധത്തിന്‍റെ ശബ്ദം ഉയര്‍ത്തി തുടങ്ങിയപ്പോഴാണ് നിറഞ്ഞ ചിരിയുമായി ഞങ്ങള്‍ക്കരികില്‍ വരുന്ന ഇകൂട്ടര്‍ അനുഭവിക്കുന്ന നരകയഥാനകളെ കുറിച്ച് പൊതു സമൂഹം കുറച്ചെങ്കിലും ബോധാവന്മാരയത് എന്നതാണ് സത്യം. കാരുണ്യത്തിന്റെയും സ്നേഹത്തിന്‍റെയും മോത്തകച്ചവടക്കാരായിരുന്ന പലരുടേയും തനി സ്വരൂപം കേരളം ഒരു ചെറിയ ഞെട്ടലോടെ കണ്ടു...വിശ്വാസത്തിന്‍റെയും മതത്തിന്‍റെയും പേരിലുള്ള വര്‍ണശബള കരിബടങ്ങള്‍ക്കുള്ളില്‍ ഒളിപ്പിച്ചിരുന്ന പല വികൃത രൂപങ്ങളും മറനീക്കി പുറത്തുവന്നു. 
  
                                              മസില്‍ പവര്‍ കൊണ്ടും മണി പവര്‍ കൊണ്ടും സമരം  പോളിക്കാനയിരുന്നു ആദ്യ ശ്രമം.. അത് നടക്കാതെ വന്നപ്പോള്‍ അവര്‍ അടുത്ത ആയുധവുമായി വന്നു.
വര്‍ഗീയതയുടെ വിഷം ചീറ്റി സമരം പോളിക്കാനായി പിന്നീടുള്ള ശ്രമം...അമൃതയില്‍ സമരം നടന്നപ്പോള്‍ നമ്മള്‍  ഹിന്ദു വിരുദ്ധര്‍ എന്ന് പ്രചരിപ്പിച്ചു...ലിറ്റില്‍ ഫ്ലവറില്‍ സമരം നടന്നപ്പോള്‍ നമ്മള്‍ ക്രിസ്ത്യന്‍ വിരുദ്ധരായി...അര നൂറ്റാണ്ടിനിപ്പുറവും വിമോചന സമരത്തിന്‍റെ ഓര്‍മകളും പേറി നടക്കുന്ന ചില വെള്ളയടിച്ച കുഴിമാടങ്ങള്‍ നമ്മളെ സഭാക്കെതിരെന്നും വിശ്വസത്തിനെതിരെന്നും നക്സലുകള്‍ എന്ന് വരെ മുദ്രകുത്താന്‍ ശ്രമിച്ചു പൊതു സമൂഹത്തിനു മുന്നില്‍ നാണം കെട്ടു. അങ്കമാലിയുടെ തെരുവില്‍ പാവപ്പെട്ട ഒന്നുമറിയാത്ത കുട്ടികളെ വരെ അണിനിരത്തി പ്രകടനത്തിനിറങ്ങിയ പാതിരിമാര്‍ അവര്‍ വിളിച്ച മുദ്രാവാക്യങ്ങളെക്കാള്‍ ഉച്ചത്തില്‍ ചുറ്റിനും കൂക്ക് വിളികള്‍  ഉയര്‍ന്നപ്പോള്‍ സപ്തരായി. 
                                     

   ഒരിക്കലും സമരം ചെയ്യുകയോ ശമ്പളം കൂട്ടി കിട്ടണമെന്ന് സ്വപനത്തില്‍ പോലും ആലോചിക്കുകയോ ചെയ്യാത്ത ഡോക്ടര്‍മാരുടെ സംഘടനയായ I.M.A  'എസ്മ' (Essential Service Maintenance Act) യുടെ വാളുമായി നമുക്ക് നേരെ പാഞ്ഞടുത്തു...അതിനെയും നമ്മള്‍ നമ്മുടെ സംഘശക്തി കൊണ്ട് നേരിട്ടു... 
കള്ള കണക്കുകള്‍ നിരത്തി നമ്മള്‍ പറയുന്നത് കളവാണെന്ന് സമര്‍ഥിക്കാന്‍ ചില മാനേജുമെന്റുകള്‍ നടത്തിയ ശ്രമവും വൃഥാവിലായി...ഏറ്റവും ഒടുവില്‍ എറണാകുളം ലേക്ഷോര്‍ ആശുപത്രിയില്‍ നിരാഹാരം ഇരിക്കുന്നവരുടെ വിരിക്കടിയില്‍ കഴിക്കാന്‍ പഴം ഒളിപ്പിചിരിക്കുന്നു എന്ന തരത്തില്‍ നെറികെട്ട പ്രചാരണങ്ങളും നമ്മള്‍ കണ്ടു...ഏതോ ഒരു വിവരദോഷി ഫോട്ടോ ഷോപ്പില്‍ എഡിറ്റ്‌ ചെയ്ത ചിത്രത്തിനു തെളിവ് സഹിതം നമ്മള്‍ ചുട്ട മറുപടി കൊടുത്തു.
                      
                ( ഈ ചിത്രത്തിന് കടപ്പാട് സഖാവ് അനീഷ് പെരിങ്ങനാട്)
  
       ജീവിക്കാന്‍ ആവശ്യമായ വേതനം, തൊഴില്‍ സുരക്ഷ എന്നീ ന്യായമായ ആവശ്യങ്ങളാണ് നമ്മള്‍ പ്രധാനമായും മുന്നോട്ടു വയ്ക്കുന്നത്. 2009 ഡിസംബറില്‍ മുന്‍കാല പ്രാബല്യത്തോടെ ഇറക്കിയ സര്‍ക്കാര്‍ ഉത്തരവ് അനുസരിച്ചുള്ള ശമ്പളം നല്‍ക്കുന്ന എത്ര ആശുപത്രികള്‍ ഉണ്ട് കേരളത്തില്‍? E.S.I, P.F ആനുകൂല്യങ്ങള്‍ തൊഴിലാളികള്‍ക്ക് കൊടുക്കുന്ന എത്ര മാനേജുമെന്റുകള്‍ കേരളത്തില്‍ ഉണ്ട്? അതൊക്കെ പോകട്ടെ നഴ്സുമാരെ ട്രയിനികളും താല്‍ക്കാലിക അടിസ്ഥാനത്തിലും എടുത്തു പണിയെടുപ്പിക്കുന്ന കാട്ടുനീതിയെ എങ്ങനെ ന്യയികരിക്കനാകും? 

          നമ്മള്‍ മുന്നോട്ടു വയ്ക്കുന്ന ആവശ്യങ്ങള്‍ തികച്ചും ന്യായമായത് കൊണ്ട് എന്തൊക്കെ കള്ള പ്രചാരണങ്ങള്‍ ഉണ്ടായാലും നമ്മള്‍ പിന്നോട്ട് പോകരുത്... ആതി കാവ്യമായ  മഹാഭാരതത്തില്‍ ധര്‍മ്മത്തിന്‍റെ സംതാപനത്തിനു നടന്ന കുരുഷേക്ത്ര യുദ്ധ ഭൂമിയില്‍ മുഴങ്ങി കേട്ട ഒരു മഹത് സന്ദേശമാണ്  "യതോ ധര്‍മ്മ: തതോ ജയ"... എവിടെ ധര്‍മ്മമുണ്ടോ അവിടെ ജയമുണ്ട്....നമ്മള്‍ പോരാടികൊണ്ടിരിക്കുന്നത്    നേരിന്‍റെ പക്ഷത് നിന്നാണ്... നമ്മുടെ മുദ്രാവക്യങ്ങള്‍ ഇടിമുഴക്കങ്ങളായി ഉയരട്ടെ..അത് ചൂഷക വര്‍ഗ്ഗത്തിന്റെ കോട്ട കൊത്തളങ്ങളെ പ്രകമ്പനം കൊള്ളികട്ടെ... അടിമത്തത്തിന്‍റെ കൈ ചങ്ങലകള്‍ പോട്ടിചെറിഞ്ഞു നമ്മള്‍ നേടിയ ഈ സഘശക്തിക്കു മുന്നില്‍ അതിക കാലം പിടിച്ചു നില്ക്കാന്‍ ആര്‍ക്കും കഴിയില്ല...ഇന്നീ സമര മുഖത്ത് വീറോടെ പൊരുതുന്ന സമരഭടന്മാരെ അന്തിമ വിജയം നിശ്ചയമായും നമുക്ക് തന്നെ ...അഭിവാദനങ്ങള്‍ ....

Sunday, 5 February 2012

"ആദ്യം ആശുപത്രികളില്‍ നിന്നും ക്രിസ്തുവിന്‍റെ ചിത്രം മാറ്റുക"




"മനുഷ്യര്‍ക്കായി മരക്കുരിശേന്തിയ 
ജരുസലെമിന്‍ പ്രിയപുത്രന്‍ 
റബര്‍ മുതലാളിമാരുടെ സ്വര്‍ണ 
കുരിശില്‍ തൂങ്ങി മരിക്കുന്നു "
                       
                                            പഠനകാലത്ത് പാടിനടന്ന ഒരു വിപ്ലവ ഗാനമാണിത്, കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ സമ്മേളന പ്രദര്‍ശനത്തില്‍ ലോക ചരിത്രത്തിലെ സാമൂഹിക മുന്നേറ്റങ്ങള്‍ നടത്തിയ വിമോചന പോരളികള്‍ക്കൊപ്പം  ക്രിസ്തുവിന്‍റെ ചിത്രം വച്ചത് വലിയ വിവാധമാക്കി പൊക്കി നടക്കുന്നത് കാണുമ്പോള്‍ ഈ വരികളാണ് ഓര്‍മവരുന്നത്. 
                  B.C 63 മുതല്‍ പലസ്തീന്‍ റോമ സാമ്രാജ്യത്തിന്‍റെ അതീനതയില്‍  ആയിരുന്നു. അക്കാലത്തു  പലസ്തീന്‍റെ ഭരണം ഒന്നെങ്കില്‍ റോമ സാമ്രാജ്യം ഗവര്‍ണര്‍മാര്‍ വഴി നേരിട്ടോ അല്ലെങ്കില്‍ അവിടത്തെ നാടുവാഴികള്‍ വഴിയോയാണ് നടത്തിയിരുന്നത്. ഈ ഭരണം കൊണ്ടു അന്നത്തെ പൊതുസമൂഹം തികഞ്ഞ അസംത്രിപ്തിയില്‍ ആയിരുന്നു എന്നും അവര്‍ ചെറുകൂട്ടങ്ങളായി സങ്കടിക്കാനും ഭരണത്തിനെതിരെ ചെറിയ രീതിയില്‍ ശബ്ദംമുയര്‍ത്തി  തുടങ്ങിയിരുന്നുവെന്നും  അവര്‍ റോമ അടിമത്വത്തില്‍ നിന്നും സമൂഹത്തെ രക്ഷിക്കാന്‍ ഒരു രക്ഷകന്‍ കടന്നു വരുമെന്നും  വിശ്വസിചിരുന്നതായും ഒന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ജൂതചരിത്രകാരന്‍ ജോസെഫസും റോമന്‍ ചരിത്രകാരന്‍ ടാസിടസും എല്ലാ രേഖപ്പെടുത്തിയിട്ടുണ്ട്. അന്നത്തെ ജൂത സമൂഹം അനുഭവിച്ചിരുന്ന ജീവിതയാതനകളുടെ ഒരു ചിത്രികരണമാണ് 1959 -ല്‍ പുറത്തിറങ്ങിയ 'ബെന്‍ ഹുര്‍' (Ben-Hur) എന്ന ചിത്രം.  
                        ജൂദ സമൂഹത്തെ പൌരോഹിത്യ മേല്‍ക്കോയ്മയില്‍ നിന്നും റോമസാമ്രാജ്യ അടിമത്വത്തില്‍ നിന്നും രക്ഷിക്കാനും അവരെ വിശ്വാസത്തിന്റെയും സാമൂഹ്യമാറ്റത്തിന്‍റെയും ശെരിയായ ദിശയില്‍ കൊണ്ടു വരാനാണ് 'ചരിത്ര'ത്തിലെ ക്രിസ്തു കടന്നു വന്നത്.... അതുകൊണ്ടാണ് അവന്‍ ജനങ്ങള്‍ക്കിടയില്‍ സ്വീകര്യനായതും ഒടുവില്‍ 'ഇവന്‍ മോശക്കെതിരെന്നും, വിശ്വാസികളെ വഴിതെറ്റിക്കുന്നെന്നും' ആരോപിച്ചു കാല്‍വരിയിലെ കുരിശിലെ മൂന്നാണിയില്‍ തൂക്കപ്പെട്ടതും.     
                                        
                   ക്രിസ്തുവിനു അന്നത്തെ പുരോഹിത വര്‍ഗത്തോടു ഉണ്ടായിരുന്ന നിലപാടുകള്‍ ബൈബിള്‍ തന്നെ വ്യകതമാക്കുനുണ്ട്. 

                             "നിങ്ങളുടെ നീതി ശാസ്ത്രിമാരുടെയും പരിശന്മാരുടെയും നീതിയെ കവിയുന്നില്ലെങ്കില്‍ നിങ്ങള്‍ സ്വര്‍ഗരാജ്യത്തില്‍ കടക്കുകയില്ല എന്ന് ഞാന്‍ നിങ്ങളോടെ പറയുന്നു" 
                                     ഇത് പറഞ്ഞത് ക്രിസ്തുവാണ് മത്തായിയുടെ സുവിശേഷം അദ്ധ്യായം 5 വാക്യം 20 , ഇന്ന് സാമൂഹ്യ നീതിക്കനുസരിചാണോ എല്ലാ സഭകളിലെയും തിരുമേനിമാരും അച്ഛന്‍ന്മാരും പ്രവര്‍ത്തിക്കുന്നത്? നമ്മള്‍ ആലോചികേണ്ട വിഷയമാണ്‌, കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സംസ്ഥാനത്തെ നഴ്സിംഗ് മേഖലയില്‍ നടക്കുന്ന സമരങ്ങള്‍ തന്നെ പരിശോധിച്ചാല്‍ ആരുടെ നീതിയാണ് അല്ലെങ്കില്‍ ആരുടെ അവകാശങ്ങളാണ് സംരക്ഷിക്കപ്പെടുന്നത് എന്ന് കാണാന്‍ കഴിയും. ജീവിക്കാനുള്ള വേതനം ആവശ്യപ്പെട്ടു തികച്ചും സമാധാനപരമായി  സമരം നടത്തുന്ന നമ്മുടെ നഴ്സിംഗ് സഹോദരി സഹോദരങ്ങളെ വിശ്വസത്തിനെതിരെന്നും നക്സലുകള്‍ എന്നൊക്കെ മുദ്രകുത്തി വര്‍ഗീയ വിഷം ചീറ്റാന്‍ ശ്രമിച്ച് അങ്കമാലിയുടെ തെരുവില്‍ പ്രകടനം നടത്തി ജനങ്ങളുടെ കൂവല്‍ ഏറ്റുവാങ്ങി നാണം കെട്ടു ഒടുവില്‍ ആവശ്യങ്ങള്‍ അഗീകരികേണ്ടി വന്നത് ആരും മറന്നിട്ടില്ല. ഇവിടെ ആരുടെ നീതിയാണ് സംരക്ഷിക്കപ്പെടുന്നത്? എന്‍റെയും നിന്‍റെയും നീതിയാണ് ഈ പുരോഗിത വര്‍ഗത്തിന്‍റെ നീതിയെക്കാള്‍ ഉയര്‍ന്നു നില്‍ക്കുന്നത് എന്ന് ഉത്തമബോധ്യമുള്ളതു കൊണ്ടാണ് ഇന്ന് ഞാന്‍ ക്രിസ്തുവിനെ കുറിച്ച് എഴുതാന്‍ തീരുമാനിച്ചത്.
   
                               തീര്‍ന്നില്ല, മത്തായിയുടെ സുവിശേഷത്തില്‍ തന്നെ അധ്യായം 23, കൈവശം ബൈബിള്‍ ഉള്ളവര്‍ ഒന്ന് വായിച്ചു നോക്കികൊള്‍ക...കപടഭക്തിക്കാരായ ശാസ്ത്രിമാരെയും പരിശന്മാരെയും കുറിച്ചാണ് അത് മുഴുവന്‍ പറയുന്നത്.ഒരു ഭാഗത്ത്‌ വെള്ളയടിച്ച കുഴിമാടങ്ങള്‍ എന്നുവരെ ക്രിസ്തു കപട ഭക്തികാരായ ശാസ്ത്രിമാരെ വിളിക്കുന്നു...അതില്‍ എന്നെ ഏറ്റവും ആകര്‍ഷിച്ചത് അതിലെ 23 -)൦ വാക്യമാണ്....
                  "കപടഭക്തിക്കാരായ ശാസ്ത്രിമാരെ പരിശന്മാരെ നിങ്ങള്‍ക്ക് ഹാ കഷ്ടം; നിങ്ങള്‍ തുളസി, ചതകുപ്പ, ജീരകം ഇവയില്‍ പതാരം കൊടുക്കയും ന്യായം, കരുണ, വിശ്വസ്തത ഇങ്ങനെ ന്യായപ്രമാണത്തില്‍ ഘനമെറിയവ ത്യേജിച്ചുകളയുകയും ചെയ്യുന്നു."
      പഴയ നിയമ പ്രകാരം നമുക്ക് ഉള്ളതിന്റെ ഒരു പങ്കു നമ്മള്‍ ദൈവത്തിനു കൊടുക്കണം...ഇവിടെ ക്രിസ്തു പറയുന്നു പരിശന്മാരെ നിങ്ങള്‍ നിങ്ങളുടെ തോട്ടത്തിലെ തുളസിക്കും ജീരകത്തിനും വരെ പങ്കുകൊടുക്കുന്നു പക്ഷെ ന്യായപ്രമാണത്തില്‍ ഏറ്റവും കനമുള്ളതായി കാണുന്ന ന്യായം, കരുണ വിശ്വസ്തത എന്നിവയെ കണ്ടില്ല എന്ന് നടിക്കുന്നു. ഇന്നത്തെ സഭ നേതൃത്വം ന്യായത്തിനും കരുണക്കും ഒക്കെയാണ് പ്രാധാന്യം കൊടുത്തിരുന്നതെങ്കില്‍  എന്‍റെ പ്രിയ  നഴ്സിംഗ് സഹോദരി സഹോധരങ്ങള്‍ക്ക് ഇന്നീ കത്തുന്ന വെയിലില്‍ ഇരുന്നു പൌരോഹിത്യത്തിന്റെ മുഖത്തിന്‌ നേരെ മുഷ്ടി ചുരുട്ടി ഇന്കുലാബു വിളികേണ്ടി വരില്ലായിരുന്നു....2000  വര്‍ഷങ്ങള്‍ക്കു മുന്‍പ് അന്നത്തെ പുരോഗിതരെ കുറിച്ച് ക്രിസ്തു നടത്തിയ ആ നിരിഷണം ലോകം ഇത്ര മാറിയിട്ടും ഒരു മാറ്റവും ഇല്ലാതെ തുടരുന്നല്ലോ എന്നോര്‍ത്തപ്പോള്‍ അത്ഭുതം തോന്നി...!!!
                 
                              ഒരു കാര്യം ആലോചിച്ചു നോക്കു....ക്രിസ്തുവിന്‍റെ ചിത്രം കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ ചിത്ര പ്രദര്‍ശനത്തില്‍ വച്ചത് വലിയ തെറ്റായി പോയെങ്കില്‍, അത് ക്രിസ്തുവിന്‍റെ സുവിശേഷത്തിന് എതിരായി നിങ്ങള്‍ കാണുന്നുവെങ്കില്‍ എത്ര ക്രിസ്ത്യാനിക്ക് കൊന്തയും കുരിശുള്ള മാലയും ഇടാന്‍ യോഗ്യതയുണ്ട്...? എത്ര ക്രിസ്താനികളുടെ വീടുകളില്‍ നിന്നും ക്രിസ്തുവിന്‍റെ ചിത്രം എടുത്തു മാറ്റേണ്ടി വരും...? എത്ര ആശുപത്രികളുടെ പേരും മാറ്റേണ്ടി വരും? എത്ര സ്ഥാപനങ്ങളില്‍ നിന്നും ഇത്തരം ചിത്രങ്ങളും കുരിശും ഒക്കെ എടുത്തു മാറ്റേണ്ടി വരും....!!! 
             ലോകം കണ്ട ആദ്യത്തെ വിമോചകന്‍ ....ലോക ചരിത്രത്തെ തന്നെ രണ്ടായി വിഭജിക്കാന്‍ തക്ക ശക്തിയുള്ള ആശയങ്ങള്‍ മുന്നോട്ടു വച്ച മഹാപ്രതിഭ....അദ്ദേഹത്തെ അധിഷേപിക്കുകയോ തള്ളി പറയുകയോ അല്ല കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി ചെയ്തത് മറിച്ചു യേശുവെന്ന ചരിത്ര പുരുഷനെ അഗീകരിക്കുകയാണ് ചെയ്ത്തിരിക്കുന്നത്....അതില്‍ ഇത്ര അസഹിഷുണത കാണിക്കുമ്പോള്‍ യേശുവിനെ അഗീകരിക്കുന്നവരെയും നിങ്ങള്‍ അഗീകരിക്കില്ല എന്നാണോ ജനം മനസിലാക്കേണ്ടത്? 

Saturday, 24 December 2011

നന്മയുടെ സന്ദേശം

                     
                    ലോകത്തിനു സ്നേഹത്തിന്റെയും സഹോദര്യത്തിന്റെയും വലിയ സന്ദേശം നല്‍ക്കി ഒന്നാം നൂറ്റാണ്ടില്‍ ജീവിച്ച മഹാനായ മനുഷ്യസ്നേഹി. ഒരു സാധാരണ ജൂദകുടുംബത്തെ പിറവിക്കു തിരഞ്ഞെടുത്തു കൊണ്ട്, വെറുമൊരു കാലിതൊഴുത്തില്‍ പിറക്കുകയും സാധാരണക്കാരില്‍ സാധാരക്കാരന്‍ ആയി വളര്‍ന്നവന്‍...., ദൈവമേ എന്നോട് കരുണ ചെയ്യണമേ എന്ന് പറയാന്‍ മാത്രം ശീലിച്ച മനുഷ്യനെ പരസ്പരം കരുണ കാണിക്കാന്‍ പഠിപ്പിച്ചവന്‍.., ദൈവമേ എന്നോട് ക്ഷെമിക്കണേ എന്ന് പറഞ്ഞു പഠിച്ച മനുഷ്യനെ പരസ്പരം ക്ഷെമിക്കാന്‍ പഠിപ്പിച്ചവന്‍., അങ്ങനെ ദൈവീകമെന്നു മനുഷ്യന്‍ കരുതിയ പലതും നമുക്കും സാധ്യമെന്ന് ലോകത്തെ പഠിപ്പിച്ചവന്‍..
             
                        അവന്‍ ഒരു സാധാരണക്കാരന്‍ ആയിരുന്നു.ആശാരിയായ ജോസെഫിന്റെ മകന്‍ മുക്കുവരെയും ചുങ്കകാരെയും ശിഷ്യന്മാരായി തിരഞ്ഞെടുത്തവന്‍, സമൂഹം പ്രഷ്ടു കല്‍പ്പിച്ച വേശ്യസ്ത്രീയെ കല്ലേറ്കൊണ്ടുള്ള പീഡാമരണത്തില്‍ നിന്നും രക്ഷിച്ചവന്‍ അങ്ങനെ ശെരിക്കൊപ്പം നെഞ്ചുവിരിച്ചു നിന്ന് പോരുതിയവന്‍ ...ഇന്ന് നമ്മള്‍ മതമെന്നും വിശ്വാസമെന്നും  പറഞ്ഞു കൊട്ടിഘോഴിക്കുന്ന, പണക്കൊഴുപ്പില്‍ തിമിര്‍പ്പ് കാണിക്കുന്ന ഒരു വിശ്വാസ പ്രമാണങ്ങളുടെയും പിന്തുണയില്ലാതെ  അവയിലെ കൊള്ളരുതായിമക്കെതിരെ ചാട്ടവാര്‍ എടുത്ത ആദ്യവിപ്ലവകാരി...നമുക്കും അതിനു കഴിയുമെന്ന സന്ദേശം പറയാതെ പറഞ്ഞ മനുഷ്യപുത്രന്‍...........
       
                കുരുടന് കാഴ്ച കൊടുക്കുവാനോ മുടന്തനെ നടത്താനോ കുഷ്ഠ രോഗിയെ സുഖപ്പെടുത്തുവാനോ  മുടന്തനെ നടത്തുവനോ നമുക്ക് കഴിയില്ലായിരിക്കാം, ലാസറിന്റെ മരണം കൊണ്ട് അനാഥമായ കുടുംബത്തിനു അവന്റെ മരണത്തില്‍ നിന്നുള്ള തിരിച്ചു വരവ് കൊണ്ട് ആശ്വാസം കൊടുത്തത് പോലെ ചെയ്യുവാനും നമുക്ക് കഴിയില്ല...എന്നാല്‍ ഇവരോടെല്ലാം കരുണയും സ്നേഹവും കാണിക്കുക എന്നാ ഒരു വലിയ കാര്യം ചെയ്യാന്‍ നമുക്ക് കഴിയും...അത്ഭുത പ്രവര്‍ത്തികളെ മാറ്റി നിര്‍ത്തിയാല്‍ ജീവിതം കൊണ്ട് ക്രിസ്തു നല്‍കുന്ന സന്ദേശവും അത് തന്നെയാണ്.                                                       


                                                 ~എല്ലാവര്‍ക്കും നന്മ വരട്ടെ~
             

Wednesday, 7 December 2011

ബെന്‍സ് കാറില്‍ വരുന്ന ദൈവം!!!



                 ഒരു വര്‍ഷത്തോളം അമൃത ആശുപത്രിയില്‍ ജോലി ചെയ്ത ആളാണ് ഞാന്‍. കഴിഞ്ഞ രണ്ടു ദിവസമായ അമൃതയില്‍ നടക്കുന്ന സമരം ഉള്ളത് പറഞ്ഞാല്‍ ഞാന്‍ ഏറ്റവും സ്വപനം കണ്ട ഒന്നാണ്... ഈ സമരവുമായി മുന്നോട്ടു വന്ന പ്രിയ സുഹൃത്തുക്കള്‍ക്ക് അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുന്നു. കേവലം ശമ്പളവര്‍ധനയില്‍ ഉപരി അവിടെന്നിന്നും ഉയരുന്നത് കാലങ്ങളായി അവിടെ ജോലി ചെയ്യുന്ന നഴ്സുമാര്‍ നേരിടുന്ന മാനസിക പീഡനങ്ങല്‍ക്കെതിരെയുള്ള ഒരു പ്രതിഷേധമാണ്... മനസ്സില്‍ ആണ്ടു കൂടിയ പ്രതിഷേധത്തിന്റെ പ്രതിഫലനം. ഞങ്ങളും മനുഷ്യരാണെന്നും ഞങ്ങള്‍ക്കും ജീവിക്കാനുള്ള അവകാശമുണ്ടെന്നുമുള്ള ഒരു ഓര്‍മപ്പെടുത്തല്‍.    
               
             അമൃത ആശുപത്രി അധികൃതരുടെ ഭാഗത്ത്‌ നിന്നും ഉണ്ടായ പ്രകോപനപരമായ ഒരു നടപടിയാണ് ഇപ്പോള്‍ പ്രത്യക്ഷ സമരത്തിലേക്ക് നയിച്ചത്. കഴിഞ്ഞ മാസം U.N.A എന്നൊരു സംഘടന അമൃതയില്‍ അവരുടെ യൂനിറ്റ് തുടങ്ങി ശമ്പള വര്‍ധനയും അനുബന്ധ ആവശ്യങ്ങളും ഉന്നയിച്ചു കഴിഞ്ഞ ദിവസം ഭാരവാഹികള്‍ സമരത്തിനു നോട്ടിസ് കൊടുത്തു, എന്നാല്‍ നോട്ടിസ് കൊടുത്തവരെ ജോലിയില്‍ നിന്നും പിരിച്ചു വിട്ടുകൊണ്ടാണ് മാനേജുമെന്റ്റ് അതിനോട് പ്രതികരിച്ചത്. ഈ തിരുമാനം പിന്‍വലിക്കണം എന്ന് ആവശ്യപ്പെട്ട U.N.A സംസ്ഥാന നേതാക്കളെ ചര്‍ച്ചക്ക് വിളിച്ചു വരുത്തിയിട്ട് കാണിച്ച  പോക്രിത്തരത്തിനുള്ള പ്രതിഫലമാണ് ഇപ്പോള്‍ അമൃത ആശുപത്രി അനുഭിക്കുന്നത്. ഇരുപതോളം ആളുകള്‍ ആ ചെറുപ്പക്കാരെ തല്ലിചതച്ചു,  തലക്കും കാലിനും ദേഹമാസകലവും പരിക്ക് പറ്റി അവര്‍ ഇപ്പോള്‍ ചികിത്സയിലാണ്. ഇത്തരം ക്രിമിനലുകളെ ഒരു ആശുപത്രിക്കുള്ളില്‍ എന്തിനാണ് വച്ചുപോറിപ്പിക്കുന്നത് എന്ന് മാനേ ജുമെന്റ്റ് വ്യക്തമാക്കണം, അതോടൊപ്പം ഈ ആക്രമണത്തിനു നേതൃത്വം കൊടുത്തവരെയും അതിനു നിര്‍ദേശം കൊടുതവരെയും, അത് ഏതു കൊമ്പത്തെ സ്വാമി ആയാലും നിയമത്തിനു മുന്നില്‍ കൊണ്ട് വരാന്‍ സര്‍ക്കാര്‍ ഇടപെടണം. വിളിച്ചു വരുത്തി ആക്രമിക്കുന്ന മൂന്നാം തരം തെരുവ് ഗുണ്ടകളുടെ സ്ഥിതിയിലേക്ക് അമൃത മാനേജുമെന്റ്റ് തരംതാഴാന്‍ പാടില്ലായിരുന്നു. പിന്നെ 'ചാണകകുഴിയില്‍ നിന്നും ശര്‍ക്കരപാനി പ്രതിഷിക്കാന്‍ കഴിയില്ലലോ..!' അത് കൊണ്ട് അതിനെ കുറിച്ച് ഞാന്‍ കൂടുതല്‍ ഒന്നും പറയുന്നില്ല.
     
                  മൂന്നര മുതല്‍ നാലു ലക്ഷം രൂപ വരെ ചിലവാക്കി മൂന്ന് നാലു വര്‍ഷം കുത്തിയിരുന്നു പഠിച്ചുഒരു ഡിഗ്രിയോ ഡിപ്ലോമയോ നേടി ജോലിയില്‍ പ്രവേശിക്കുമ്പോള്‍ ലഭിക്കുന്നത് 3000 അല്ലെങ്കില്‍ 4000 രൂപ. പലരും ലോണ്‍ എടുത്താണ് പഠിക്കുന്നത് അത് തിരിച്ചടക്കാന്‍ ഉള്ളത് പോലും ജോലിയില്‍ നിന്നും ലഭിക്കുന്നില്ലെങ്കില്‍ ആ ജോലികൊണ്ട് എന്ത് കാര്യം? അതിലെല്ലാം ഉപരിയായി ഒരു ജോലി ചെയ്യുമ്പോള്‍ നമുക്ക് ഒരു ജോബ്‌ സാറ്റിസ്ഫാക്ഷന്‍ ഉണ്ടാകണം, എന്‍റെ അനുഭവത്തില്‍ ഒരു വര്‍ഷത്തെ എന്‍റെ ജോലിക്കിടയില്‍ അങ്ങനെ ഒന്ന് ഞാന്‍ അനുഭവിച്ചിട്ടില്ല. ഓരോ ദിവസവും ജോലിക്ക് കയറുന്നതിനു മുന്‍പ് ഉള്ളില്‍ തീയാണ് കാരണം അത്രയ്ക്കാണ് അവിടെയുള്ള ജോബ്‌ സ്‌ട്രെസ്. നമ്മുടെ കുറ്റം കണ്ടു പിടിക്കാന്‍ മാത്രം നിയോഗിക്കപ്പെട്ട  സൂപ്പര്‍വൈസര്‍മാര്‍ എന്നൊരു വിഭാഗമുണ്ട്, എല്ലാരേം അല്ല ഞാന്‍ ഉദ്ദേശിച്ചത് പക്ഷെ ചിലര്‍, അവരുടെ ചിലപ്പോഴത്തെ സംസാരവും പ്രവര്‍ത്തിയും കാണുമ്പോള്‍ ഇവര്‍ക്ക് നഴ്സിങ്ങില്‍ ആണോ അതോ ആളുകളെ വെറുപ്പികുന്നത്തിലാണോ വിദ്യാഭ്യാസം ലഭിച്ചത് എന്ന് തോന്നി പോകും.
       
                      അമൃതയിലെ മറ്റു ജോലിക്കാരുടെ കാര്യം പറയുകയും വേണ്ട.. സെക്യൂരിറ്റി  ജീവനക്കാരുടെ നിപ്പും ഭാവവും ഒക്കെ കണ്ടാല്‍ അവര് വല്ല അതിര്‍ത്തിയിലും കാവല് നില്‍ക്കുവാണോ എന്ന് തോന്നും. അവിടത്തെ സ്റ്റാഫ്‌ ആണെങ്കില്‍ പോലും എന്തെങ്കിലും ആവശ്യത്തിനു അകത്തു പോകാന്‍ വാതിലില്‍ ചെല്ലുമ്പോള്‍ നമ്മളോടുള്ള പെരുമാറ്റവും കണ്ടാല്‍ ഇന്ത്യയിലേക്ക്‌ നുഴഞ്ഞു കയറാന്‍ ശ്രമിക്കുന്ന വല്ല പാക്കിസ്ഥാന്‍  തീവ്രവാദിയും ആണോ നമ്മള്‍ എന്ന് പോലും സംശയിച്ചു പോകും. രാത്രി 8 മണി മുതല്‍ രാവിലെ 8 മണി വരെയാണ് നൈറ്റ്‌ ഡ്യൂട്ടി, അതും ഒരു പോളകണ്ണടക്കാന്‍ പറ്റില്ല ഡ്യൂട്ടി കഴിഞ്ഞു ഇറങ്ങുമ്പോ ഒരു 9 മണി കഴിയും അതും കഴിഞ്ഞു വല്ലതും കഴിക്കാന്‍ കാന്റീനില്‍ ചെന്നാല്‍ ചിലപ്പോ ദേക്ഷ്യം വരും കാന്റീന്‍ ജീവനക്കാരുടെ പെരുമാറ്റം അതുപോലെയാണ്. കൂടുതല്‍ ഒന്നും ഞാന്‍ പറയുന്നില്ല അവിടെ ജോലി ചെയ്തവര്‍ക്കും ചെയ്യുന്നവര്‍ക്കും അതിനെ കുറിച്ചെല്ലാം വളരെ വ്യക്തമായ ധാരണയുണ്ട്.
           
              1200 കിടക്കകള്‍ ഉള്ള ഒരു ആശുപത്രി,  400 രൂപയാണ് ഏറ്റവും കുറവ് ദിവസ വാടക പിന്നെ ഭക്ഷണത്തിനും മരുന്നിനും 'സേവന'ത്തിനും തുടങ്ങി മുക്കുന്നതിനും മൂളുന്നതിനും വരെ കാശ്, പക്ഷെ നഴ്സുമാര്‍ക്ക് ശമ്പളം കൊടുക്കാന്‍ മാത്രം പൈസ ഇല്ല. പിന്നെ മെഡിസിനും മറ്റു അനുബന്ധ കോഴ്സുകള്‍ക്കും വാങ്ങുന്ന കൊഴക്ക്‌ കൈയും കണക്കുമില്ല.. M.D (Radiology) കോഴ്സിനു 'ഒരു കോടി' രൂപ ഡോണേഷന്‍ കൊടുത്ത ആളെ എനിക്കറിയാം. ഇത്രേം ഒക്കെ പിഴിഞ്ഞുണ്ടാക്കിട്ടു ആതുര സേവനമാണ് പോലും...so called charity in Amrita Hospital is a stupidity....
         
             എവിടെനിന്നാണ് ഈ മഹത്തായ വ്യവസായ സംരഭത്തിന്റെ തുടക്കം, എന്താണ് ഇതിനെല്ലാം ഉള്ള മൂലധനം...ഉത്തരം വളരെ ലളിതമാണ് മനുഷ്യന്റെ വിശ്വാസങ്ങളെ അതി വിധക്തമായി ചൂഷണം ചെയ്താണ് ഇതെല്ലം ഉണ്ടാക്കിയത്. ഇത്തരം കപട സന്യാസിമാരെ സമൂഹം തിരിച്ചറിയണം ഇത്തരം ചൂഷണങ്ങല്‍ക്കെതിരെ പ്രതികരിക്കാന്‍ നമുക്ക് കഴിയണം. "Men or women at or beyond the age of fifty years old or by young monks who wish to renounce worldly and materialistic pursuits and instead dedicate their entire life towards spiritual pursuits" എന്നാണ് സന്യാസത്തിനു വിക്കിപീടിയ നല്‍ക്കുന്ന അര്‍ഥം. ആദിശങ്കരനും, സ്വാമി വിവേകാനന്ദനും ശ്രീ നാരായണ ഗുരുവും തുടങ്ങി ജീവിതം സമൂഹനന്മ എന്ന മഹത്തായ ഒരു ലക്ഷ്യത്തിനു മാറ്റി വച്ച അനേകം സന്യാസിമാര്‍ നമുക്കുണ്ട്. അവരുടെയെല്ലാം മഹത്തായ ജീവിതവുമായി തുലനം ചെയ്യുമ്പോള്‍ സാമ്പത്തിക ലാഭം മാത്രം ലക്‌ഷ്യം വച്ചു പ്രവര്‍ത്തിക്കുന്ന മനുഷ്യനെ കച്ചവട കണ്ണോടെ മാത്രം നോക്കുന്ന സന്യാസ മഠങ്ങള്‍ക്കും , ബെന്‍സ് കാറില്‍ വരുന്ന ഇത്തരം പുതിയ കാല ദൈവങ്ങള്‍ക്കും  എന്ത് പ്രസക്തിയാണ് ഉള്ളത്.

       സമരത്തിനു എല്ലാവിധ ആശംസകളും നേരുന്നു  "നമ: ശിവായ" 


(ചിത്രത്തിനു കടപ്പാട്: മാതൃഭൂമി പത്രം, പത്രത്തോടൊപ്പം സംസ്ക്കാരവും വളര്‍ത്തുന്ന കൂട്ടരാണ് എന്നത് ശ്രദ്ധേയം)