Wednesday 30 July 2014

മഹാത്മാ ഗാന്ധി സര്‍വ്വകലാശാലയില്‍ സംഭവിക്കുന്നത്‌...!!!


                                 



         സര്‍വ്വകലാശാലകള്‍ സമൂഹത്തിലെ തുരുത്തുകള്‍ അല്ല... ഈ സമൂഹത്തിലെ അംഗങ്ങള്‍ തന്നെയാണ് അവിടേക്ക് വരുന്നതും പഠിക്കുന്നതും പുറത്തുവന്നു പഠിച്ചത് പ്രയോഗിക്കുന്നതും. അത്തരം സര്‍വ്വകലാശാലകള്‍ മതേതരത്വത്തിന്റെയും ജനാതിപത്യത്തിന്റെയും  സഹോദര്യത്തിന്റെയും  വിളനിലങ്ങള്‍ ആകേണ്ടതാണ് .. എന്നാല്‍ കഴിഞ്ഞ കുറച്ചു നാളുകളായി ഇതിനു വിപരീതമായ കാര്യങ്ങളാണ്‌ സര്‍വ്വകലാശാലകളില്‍ നടക്കുന്നത്.
   
         കഴിഞ്ഞ കുറച്ചു ദിവസങ്ങളായി M.G സര്‍വ്വകലാശാല ക്യാമ്പസില്‍ നീറി പുകഞ്ഞു നില്‍ക്കുന്ന പ്രശ്നങ്ങള്‍ ഈ വിഷയവുമായി ബന്ധപ്പെട്ടാണ്... സെക്യൂരിറ്റി ജീവനക്കാരുമായി ഉണ്ടായ പ്രശ്നത്തിന്‍റെ പേരില്‍ അഞ്ചു വിദ്യാര്‍ത്ഥികളെ സസ്പണ്ട് ചെയ്തു.. 8 പേരുടെ പേരില്‍ ജാമ്യം ഇല്ല വകുപ്പുകള്‍ ചുമത്തി കേസ് എടുത്തു... അതിനു കാരണമായ സംഭവം ഇതാണ്. ക്യാമ്പസിലെ ഫിലിം ക്ലബുമായി ബന്ധപ്പെട്ട് പ്രൊ വൈസ് ചാന്‍സലറെ കാണുവാന്‍ ചെന്ന വിദ്യാര്‍ത്ഥികളോട് അവിടെ റെജിസ്റ്ററില്‍  പേര് എഴുതണം എന്ന് സെക്യൂരിറ്റി ജീവനക്കാരന്‍ നിര്‍ദ്ദേശിക്കുന്നു..
      മഹാത്മാ ഗാന്ധി സര്‍വ്വകലാശാല വൈസ് ചാന്‍സ്സലാരുടെ പദവി വഹിക്കുന്ന പ്രൊ വൈസ് ചന്സലരുടെ ഓഫീസിലേക്കുള്ള പ്രവേശനത്തിന് ജാതിയവും മതപരവുമായ വിവേചനം കാണിക്കുന്നു എന്ന് സംസ്ഥാന രഹസ്യാനോഷണ വിഭാഗം റിപ്പോര്‍ട്ട് നല്ക്കിയതിനെ തുടര്‍ന്നാണ് ഇത്തരം ഒരു സംവിധാനം അവിടെ ഏര്‍പ്പെടുത്തിയത്
           അത് അനുസരിച്ച് പേരും മറ്റു വിവരങ്ങളും എഴുതികൊണ്ടിരുന്നവരുടെ മുന്നിലൂടെ ഈ റെജിസ്റ്ററില്‍ പേര് എഴുതാതെ കുറച്ചു ആളുകള്‍ കയറി പോകുന്നു.. സ്വാഭാവികമായും ആ വിദ്യാര്‍ഥി അതിനെ ചോദ്യം ചെയ്യുന്നു... അവിടെ ഒരു വാക്കേറ്റം ഉണ്ടായി...അതിനിടയില്‍ 2 സെക്യൂരിറ്റി ജീവനക്കാര്‍ കേട്ടാല്‍ അറക്കുന്ന ഭാഷയില്‍ അസഭ്യം പറയുകയും ജാതിപേരു വിളിച്ച് വിദ്യാര്‍ത്ഥിയെ പിടിച്ചു തള്ളുകയും ചെയ്തു.. വിദ്യാര്‍ഥി നേതാക്കള്‍ ഇടപ്പെട്ട് ആ പ്രശനം പരിഹരിച്ചു . അതിനു ശേഷം PVC യെ കണ്ട് പരാതി ബോധിപ്പിക്കാന്‍ ചെന്നപ്പോള്‍ PVC പറഞ്ഞത് വിദ്യാര്‍ഥികള്‍ സെക്യൂരിറ്റിയെ മര്‍ദിച്ചു എന്ന് പരാതികൂടി ലഭിച്ചിട്ടുണ്ട് രണ്ടും അന്യോഷിച്ചു നടപടി എടുക്കാം എന്നാണ് .. തുടര്‍ന്ന് പുറത്ത് വന്ന വിദ്യാര്‍ത്ഥികള്‍ക്ക് നേരെ അരയില്‍ കിടന്ന ബെല്ട്ടുമായി പാഞ്ഞടുത്ത സെക്യൂരിറ്റി ജീവനക്കാരന്‍  വിദ്യാര്‍ത്ഥികളെ ആക്രമിച്ചു ...”ഞാന്‍ എന്ത് ചെയ്തിട്ടാണ് എന്നെ നിങ്ങള്‍ പിടിച്ചു തള്ളിയത്..ഇനിയും നിങ്ങള്‍ക്കെന്നെ തല്ലണോ?” എന്നുമാത്രമാണ് ആ കുട്ടി  ചോദിച്ചത്.. ഇതായിരുന്നു ആ ആക്രമണത്തിനുപ്രകോപനം ... അവിടെ ഒരു ഉന്തും തള്ളും നടന്നു എന്നത് സത്യമാണ് അതിലുപരി ആ ജീവനക്കാരന് എതിരെ ഒരു കയ്യേറ്റമോ ഒരു അതിക്രമമോ നടന്നിട്ടില്ല....
   

           എന്നാല്‍ അടുത്ത ദിവസം പത്രത്തില്‍ വാര്‍ത്ത വരുന്നു.. വാര്‍ത്ത ഇങ്ങനെ ആയിരുന്നു.. “സര്‍വ്വകലാശാല ക്യാമ്പസില്‍ അസമയത് കണ്ട വിദ്യാര്‍ത്ഥികളെ ചോദ്യം ചെയ്ത സെക്യൂരിറ്റി ജീവനക്കാരനെ ഒരുപറ്റം വിദ്യാര്‍ഥികള്‍ ആക്രമിച്ചു... നാലു പേരെ സര്‍വ്വകലാശാല സസ്പണ്ട് ചെയ്തു... “ ഇത്തരത്തില്‍ വസ്തുതാ വിരുതമായ ഒരു വാര്‍ത്തയുടെ ഉറവിടം തേടും മുന്‍പ് സര്‍വ്വകലാശാലയിലെ വിദ്യാര്‍ഥി എന്ന നിലക്ക് ഒന്ന് രണ്ടു ചോദ്യങ്ങള്‍ ചോദികട്ടെ...

             M.G സര്‍വ്വകലാശാല ക്യാമ്പസില്‍ ബിരുദാനന്തര ബിരുദ കോഴ്സുകള്‍ മാത്രമാണ് ഉള്ളത്... 1100 ല്‍ കൂടുതല്‍ വിദ്യാര്‍ഥികള്‍ പഠിക്കുന്ന ഈ ക്യാമ്പസില്‍ M Phil, PhD കോഴ്സുകള്‍ ചെയ്യുന്നവരാണ് ഭൂരിപക്ഷം ... പഠനത്തിനും ഗവേഷണത്തിനും 24 മണിക്കൂര്‍ തികയാതെ വരുന്ന ഈ വിദ്യാര്‍ത്ഥികള്‍ക്ക് ഏതാണ് ഈ പറയുന്ന അസമയം...!!!

സര്‍വ്വകലാശാലയിലെ സോഷ്യല്‍ സയന്‍സ് വകുപ്പ് ഒഴികെ മറ്റെല്ലാം ഒരു മതില്‍കേട്ടിനകത്താണ് പ്രവര്‍ത്തിക്കുന്നത്....
      Physics, Chemistry, Environment Science, Computer Science തുടങ്ങിയ ഡിപാര്‍റ്റുമെന്ടുകളില്‍ 24 മണിക്കൂര്‍ ലാബ്‌ പ്രവര്‍ത്തിക്കുന്നു... 
      സ്വന്തമായി കമ്പ്യൂട്ടറും ഇന്റര്‍നെറ്റ്‌ സൗകര്യവും ഇല്ലാത്ത നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്കായി  24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ഒരു വെബ്‌ സെന്റെര്‍ സര്‍വ്വകലാശാല ക്യാമ്പസില്‍ ഉണ്ട്... 
      രാവിലെ 8 മുതല്‍ രാത്രി 8 വരെ പ്രവര്‍ത്തിക്കുന്ന ലൈബ്രറി ഈ ക്യാമ്പസില്‍ ഉണ്ട്... 
      24 മണിക്കൂര്‍ പ്രവര്‍ത്തിക്കുവാന്‍ വേണ്ടി ഒരു വായനാ മുറി ലൈബ്രറിയോട് ചേര്‍ന്ന് തുറന്നു പ്രവര്‍ത്തിക്കാന്‍ വിദ്യാര്‍ഥി പ്രതിനിതികള്‍ നടത്തിയ ചര്‍ച്ചയില്‍ ധാരണആയിട്ടുണ്ട് .... 

      ഇതെല്ലം വിദ്യാര്‍ത്ഥികളുടെ പഠനത്തിനും ഗവേഷണത്തിനും വേണ്ടിയാണു.. അതായത് 24 മണിക്കൂറും ഇവിടത്തെ പഠന സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്താന്‍ ഈ കുട്ടികള്‍ക്ക് അവകാശമുണ്ട്..

      മറ്റൊരു ആരോപണം ചിലര്‍ പ്രചരിപ്പിക്കുന്നത് ഈ ക്യാമ്പസില്‍ മുഴുവന്‍ അനാശാസ്യമാണ് എന്നാണ്.. ജീവനക്കാരുടെ സംഘടനകളുടെ തലപ്പത്ത് ഉത്തരവതിത്വപ്പെട്ട പദവിയില്‍ ഇരിക്കുന്നവര്‍ ഒരു ഉളുപ്പും ഇല്ലാതെ ഇത്തരം നുണകഥകള്‍ പ്രചരിപ്പിക്കുന്നു... ഒരു ആണും പെണ്ണും ഒരുമിച്ചു നടന്നു പോകുന്നതോ, ഒരു പത്ത് മിനിറ്റ് ഇരുന്നു സംസാരിക്കുന്നതോ കണ്ടാല്‍ അതിനെ ഒക്കെ അനാശാസ്യത്തിന്‍റെ മസാല ചേര്‍ത്ത് വിളബാന്‍ ഇവിടെ ചിലര്‍ക്ക് വല്ലാത്ത തിടുക്കമാണ്.... എന്നാല്‍ ഞങ്ങള്‍ അഭിമാനത്തോടെ പറയും ഈ ക്യാമ്പസില്‍... ഒരു പെണ്‍കുട്ടിയെ പോലും പൂവാലന്മാര്‍ ശല്യപ്പെടുത്തിയിട്ടില്ല ... സമൂഹം പറയുന്ന തരത്തിലുള്ള ഒരു ചീത്തപ്പേരും ഒരാളുപോലും കേള്‍പ്പിച്ചിട്ടില്ല... ഇന്ന് വരെ ഒരു അമ്മതൊട്ടിലിലും ഒരു കുഞ്ഞിനെ പോലും നിക്ഷേപിച്ചിട്ടില്ല...!!! 
  
       ഇതിനോട് ചേര്‍ത്ത് മറ്റൊരു കാര്യം കൂടി, ഏതാനും മാസങ്ങള്‍ക്ക് മുന്പ് വളരെ വിചിത്രമായ ഒരു ഉത്തരവ് ഇറങ്ങുകയുണ്ടായി .. സര്‍വ്വകലാശാല വനിതാ ഹോസ്റ്റലില്‍ നിന്നും 6 മണിക്ക് ശേഷം പെണ്‍കുട്ടികള്‍ പുറത്തിറങ്ങരുത്..അത്തരത്തില്‍ ഇറങ്ങുന്നവര്‍ മറ്റുപല ആവശ്യങ്ങല്‍ക്കുമാണ് ഇറങ്ങുന്നത് എന്ന് ചില അധികാരികള്‍ പ്രചരിപ്പിച്ചു... ക്യാമ്പസിലെ ചില ഇടങ്ങള്‍ കേന്ദ്രീകരിച്ച് ആണ്‍കുട്ടികളും പെണ്‍കുട്ടികളും ‘വ്യവഹാരത്തില്‍’ ഏര്‍പ്പെടുന്നു എന്ന് ചിലര്‍ എഴുതിനല്‍കി....!! . മറ്റു കോളേജു ക്യാമ്പസുകള്‍ പോലെയല്ല സര്‍വ്വകലാശാല ക്യാമ്പസ് ഇവിടെ പഠിക്കുന്നവരുടെ നിലവാരത്തെ കുറിച്ച് ആദ്യമേ വിവരിച്ചല്ലോ... ഞങ്ങള്‍ ഉയര്‍ത്തിയ ചോദ്യം ഇതാണ്.. ഒരേ പരീക്ഷയെഴുതി പ്രവേശനം നേടി ഒരേ കോഴ്സ് തിരഞ്ഞെടുത്തു ഒരേ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തി പഠിക്കേണ്ട വിദ്യാര്‍ത്ഥികള്‍ക്ക് ആണെന്നും പെണ്ണെന്നും തിരിച്ച് എന്തിനാണ് ഇങ്ങനെ വിലക്ക് ഏര്‍പ്പെടുത്തുന്നത്? ആണിനും പെണ്ണിനും ഒരേ സ്വാതന്ത്ര്യം ഉറപ്പുതരുന്ന ഭരണഘടന നിലനില്‍ക്കുന്ന നാട്ടില്‍ ഒരു സര്‍വ്വകലാശാല തന്നെ ഇത്തരത്തില്‍ നഗ്നമായ ഭരണഘടന ലഘനം നടക്കുമ്പോള്‍ അത് എത്ര ദൂര വ്യാപക പ്രത്യാഘാതങ്ങള്‍ ആയിരിക്കും സമൂഹത്തില്‍ ഉണ്ടാക്കുവാന്‍ പോകുന്നത്?


                 വിദ്യാഭാസ സ്ഥാപങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയാണു.. അവിടെ അവര്‍ക്ക് അതിനുള്ള സൗകര്യം ഒരുക്കുക എന്നതാണ് അധികാരികളുടെ ഉത്തരവാധിത്വം .. എന്നാല്‍ അതിനു പകരം ചിലരുടെ ധഷ്ട്യത്ത്തിനും അഹങ്കാരത്തിനും സ്വന്തം താല്പര്യം സംരഷിക്കുന്നതിനും  വേണ്ടി അധികാരം ഉപയോഗിക്കുന്നതെന്നാണ്‌ നമുക്ക് വ്യക്തമാകുന്നത്...
നിങ്ങള്‍ക്ക് വിദ്യാര്‍ത്ഥികളോടും അവരുടെ വിദ്യാഭ്യാസത്തോടും അല്‍പ്പമെങ്കിലും കൂറ് ഉണ്ടെങ്കില്‍ നിങ്ങള്‍ ആദ്യം ചെയ്യേണ്ടത് 
പണി പൂര്‍ത്തിയായിട്ടും ഒന്നര വര്‍ഷമായി വിദ്യാര്‍ത്ഥികള്‍ക്ക് തുറന്നു കൊടുക്കാത്ത ആണ്‍ കുട്ടികളുടെ ഹോസ്റ്റല്‍ തുറന്നു കൊടുക്കുകയാണ്..
നിങ്ങള്‍ ചെയ്യേണ്ടി ഇരുന്നത് സര്‍വ്വകലാശാല കാമ്പസിലെ department കളെ ബാധ്ധിപ്പിക്കുന്ന റോഡ്‌ തകര്‍ന്നു തരിപ്പണമായി കിടക്കാന്‍ തുടങ്ങിയിട്ട് കാലം കുറ ആയി..അത് പരിഹരിക്കണമായിരുന്നു...
നിങ്ങള്‍ ചെയ്യേണ്ടി ഇരുന്നത് ലേഡിസ് ഹോസ്റ്റല്‍ വരെയെങ്കിലും കൃത്യമായി വഴിവിളക്കുകള്‍ തെളിയുന്നുണ്ട് എന്ന് ഉറപ്പ് വരുത്തുക ആയിരുന്നു...
റിസര്‍ച്ച് കമ്മിറ്റികള്‍ രൂപികരിച്ചു ഗവേഷണത്തിനു സൗകര്യം ഒരുക്കണമായിരുന്നു..
ഹോസ്റ്റല്‍ കമ്മിറ്റികള്‍ രൂപികരിച്ചിട്ടു വര്‍ഷങ്ങളായി...അതിനുള്ള നടപടികള്‍ സ്വീകരിക്കണമായിരുന്നു...
gender discrimination തടയുന്നതിന് committee രൂപികരിക്കണമായിരുന്നു...
ഇതൊന്നും ചെയ്യാതെ വിദ്യാര്‍ത്ഥികളും ജീവനക്കാരും തമ്മില്‍ ഉണ്ടായ ഒരു ചെറിയ പ്രശനത്തെ പര്‍വ്വതീകരിച്ച് വിദ്യാര്‍ഥി രാഷ്ട്രിയം കാരണം ഇവിടെ മൊത്തം കുഴപ്പമാണ് എന്ന് പ്രചരിപ്പിക്കുക അല്ല വേണ്ടിയിരുന്നത്...

              അഞ്ചു വിദ്യാര്‍ത്ഥികള്‍ക്ക് മേല്‍ എടുത്ത നടപ്പടി ഏകപക്ഷീയമായി പോയി എന്ന് പറയാതെ വയ്യ... ജീവനക്കാര്‍ നല്‍കിയ പരാതിയില്‍ നടപടി വരികയും വിദ്യാര്‍ഥികള്‍ നല്‍കിയ പരാതിയില്‍ പറയുന്ന ആളുകളെ ഒന്ന് വിളിച്ചു ചോദിക്കുക പോലും ചെയ്യാത്ത നടപടി അംഗീകരിക്കാന്‍ കഴിയില്ല.. ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത് നിങ്ങളുടെ ധാര്‍മ്മികിതയാണ്... നിങ്ങള്‍ ആര്‍ക്കൊപ്പം നില്‍ക്കുന്നു എന്നതാണ് സംശയം...വിദ്യാര്‍ത്ഥികള്‍ക്ക് ഒപ്പമെങ്കില്‍ അവരുടെ പ്രശ്നങ്ങള്‍ക്ക് ആയിരിക്കണം മുന്‍ഗണന...


       വൈസ് ചാന്‍സിലര്‍ പദവിയില്‍ നിന്ന് ഒരാള്‍ അയോഗ്യത കല്‍പ്പിച്ചു പുറത്താക്കപ്പെട്ട നാണക്കേട് മറയ്ക്കാന്‍.. അഭിമാനപ്പൂര്‍വം കഴിഞ്ഞ നാലു വര്‍ഷമായി നടന്നു വന്ന ഏകജാലക സംവീധാനം തകര്‍ന്നതിന്‍റെ നാണക്കേട്‌ മറയ്ക്കാന്‍ ഞങ്ങള്‍ ഉയര്‍ത്തിയ പ്രശ്നങ്ങളെ മൂടിവയ്ക്കാന്‍ ഈ അവസരം ഉപയോഗപ്പെടുത്താം എന്നാണ് നിങ്ങളുടെ വ്യമോഹമെങ്കില്‍ ഞങ്ങള്‍ക്ക് പറയാനുള്ളത് ഇത് കൊണ്ടൊന്നും നിങ്ങളുടെ കൊള്ളരുതായ്മകള്‍ മറയ്ക്കാന്‍ കഴിയില്ല... കൂടുതല്‍ ശക്തിയോടെ ഞങ്ങള്‍ തിരിച്ചു വരും... പാബ്ലോ നെരുദ എഴുതിയ പോലെ...”നിങ്ങള്‍ക്ക് പൂക്കളെ നുള്ളിയെറിയന്‍ കഴിഞ്ഞേക്കും... പക്ഷെ വസന്തത്തിന്‍റെ വരവിനെ തടയാനാകില്ല....!!!” 

Tuesday 15 October 2013

ദുസ്വപ്നം

ഇരുട്ട് ...ദൂരെ ഒരല്‍പം വെളിച്ചം
മങ്ങിയ വെളിച്ചത്തില്‍ രണ്ടുപേര്‍
ഒന്നൊരു യുവതി കൈയിലൊരു കുഞ്ഞ്
വിഷാദം തങ്ങി നില്‍ക്കുന്ന മുഖവുമായി ഒരു യുവാവ്‌
യുവതിയോട് വിങ്ങിപ്പൊട്ടി കൊണ്ട് അവന്‍
നമുക്കവനെ നഷ്ടപ്പെട്ടു...
ഇരുളില്‍ നിന്ന് തങ്ങലുകള്‍ കൂട്ടകരച്ചിലുകള്‍





ഇരുളകന്നു വെളിച്ചം പരക്കുന്നു
ഒരു ജനസഞ്ചയം
മുന്നില്‍ മണി കിലുക്കി ഒരു ബാലന്‍
പിന്നില്‍ കറുത്ത കൊടി

ഒരു മൈതാനം
ഒരു വശത്ത് അലങ്കരിച്ച പന്തല്‍
നാലു ശവപ്പെട്ടികള്‍
മുഖം വെട്ടിമാറ്റിയ ശവങ്ങള്‍
പകരം വെള്ളിയില്‍ തീര്‍ത്ത മുഖങ്ങള്‍
വെയിലില്‍ അവ തിളങ്ങി...
മൈക്കിലൂടെ പ്രഭാഷകന്‍ നല്ലത് മാത്രം പറയുന്നു
മൂക്കത്ത് വിരല്‍ വച്ചു ജനം

ഞാന്‍ എഴുതികൊണ്ട്
ഇരിക്കുക ആയിരുന്നു
പിന്നില്‍ നേര്‍ത്ത സ്വരം
"എഴുത്ത് മതിയാക്കാം
നിന്‍റെ വെള്ളിമുഖം തയ്യാറാണ്"

....ഞെട്ടി ഉണര്‍ന്നു....

Wednesday 19 June 2013

"തിരിച്ചറിവ്"


               മണികൂറുകള്‍ നീണ്ട യാത്രക്ക് ശേഷം താഴെ ഇറങ്ങിയതാണ്, എയര്‍ ഹോസ്റ്റെസ് ആകാന്‍ ആഗ്രഹിച്ചതാണെങ്കിലും ഇത് ഇത്ര വിരസമയിരിക്കുമെന്ന് അവള്‍ കരുതിയിരുന്നില്ല. കയറുന്നത് മുതല്‍ നിലംതോടും വരെ കമ്പനി പഠിപ്പിച്ചു ശീലിപ്പിച്ച ചിട്ട വട്ടങ്ങള്‍ മാത്രമെ നടക്കു, അല്ലെങ്കിലും പതിനായിര കണക്കിന് അടി മുകളില്‍ പറക്കുന്ന വിമാനത്തിനുള്ളില്‍ അതില്‍ കൂടുതല്‍ എന്ത് ചെയ്യാനാണ്. നിലത്തു നിന്ന് ഉയര്‍ന്നാല്‍ എല്ലാം ഒന്ന് പോലെ..യാത്രകരുടെ തൃപ്തി മാത്രമാണ് ലക്ഷ്യം, ഇടയ്ക്കിടെ മാറി വരുന്ന മുഖങ്ങള്‍ ഒഴിച്ച് നിര്‍ത്തിയാല്‍ ഒന്നും ഒരു മാറ്റവും ഇല്ലാതെ തുടരുന്നു.  വരിപൂശിയ ചായങ്ങള്‍ കൊണ്ട് മുഖവും മനസും മൂടണം, ഉള്ളില്‍ കനല്‍ എരിയുമ്പോഴും മുഖത്തെ പുഞ്ചിരി മായാതെ നിര്‍ത്തണം, ചിലര്‍ ആത്മാര്‍ഥമായി ചിരിക്കുമ്പോള്‍ ചില ചിരികള്‍ ചിരിക്ക് വേണ്ടിയുള്ള ചിരിയാണ്. 
            
          ഇനി അടുത്ത പറക്കല്‍ നാളെ രാവിലെയാണ്, അത് വരെ വിശ്രമം. ഒന്ന് കുളിചിട്ട് നന്നായി ഒന്ന് നടു നിവര്‍ത്തി കിടന്നുറങ്ങണം എന്ന് മോഹിച്ചാണ് പരിശോധനകള്‍ എല്ലാം കഴിഞ്ഞ് പുറത്തിറങ്ങിയത്. പുറത്ത് ഹോട്ടലിലേക്കുള്ള  ബസ്‌ കാത്തു കിടപ്പുണ്ടായിരുന്നു. ബസ്‌ വിമാന താവളം പിന്നിട് നിരത്തിലേക്ക് എത്തി. കത്തുന്ന ചൂടാണ് പുറത്ത്..നിറത്തില്‍ പുകതുപ്പി അനേകം വാഹനങ്ങള്‍, ചൂടില്‍ വാടിയ മുഖങ്ങള്‍ , വഴിയോര കച്ചവടക്കാര്‍ , നടന്നു പോകുന്നവര്‍, പിച്ചക്കാര്‍ .. എല്ലാവരെയും കണ്ടു അവള്‍ ബസിന്‍റെ സൈഡ് സീറ്റില്‍ ഇരുന്നു.  വിശ്രമം മാത്രമായിരുന്നു മനസ്സില്‍, ചൂട് മുഖത്ത് തട്ടി അവള്‍ കര്‍ട്ടന്‍ വലിച്ചിട്ട് സീറ്റിലേക്ക് ചാഞ്ഞിരുന്നപ്പോഴേക്കും ബസ്‌ നിന്നു. ബ്ലോക്കാണ്, ഏതോ യുവജന പ്രസ്ഥാനത്തിന്‍റെ സമരമാണ്. പ്രകടനം കടന്നു വന്നു കൊണ്ടിരിക്കുന്നു, മുഷ്ടി ചുരുട്ടി ഒരാള്‍ മുദ്രാവാക്യം വില്ച്ചു കൊടുന്നു...മറ്റുള്ളവര്‍ ആവേശത്തോടെ ഏറ്റു വിളിക്കുന്നു....
           "സാമ്രജത്വം തുലയട്ടെ ... 
          ജനാതിപത്യം പുലരട്ടെ ... 
          തൊഴിലാളി വര്‍ഗം വിജയികട്ടെ ..
         സോഷ്യലിസം വിജയിക്കട്ടെ..." 
വെയിലും ചൂടും വകവയ്കാതെ അത് മുന്നോട്ട് നീങ്ങി ... 'ഇവനൊന്നും ഒരു പണിയും ഇല്ലേ... മനുഷ്യനെ മെനകെടുത്താന്‍ ...എന്തിനാ ഇങ്ങനെ മനുഷ്യനെ ബുദ്ധിമുട്ടിക്കുന്നെ ...' ഉള്ളില്‍ തോന്നിയ ദേക്ഷ്യം മറച്ചു വയ്ക്കാതെ അവള്‍ പിറുപിറുത്തു.... തന്‍റെ സമയം കളഞ്ഞ പ്രകടനകരെ മനസില്‍ ശപിച്ചു കൊണ്ട് അവള്‍ സീറ്റില്‍ അമര്‍ന്നിരുന്നു..
       
             അവള്‍ എന്നും അങ്ങനെ ആയിരുന്നു...സൗഹൃദങ്ങള്‍ക്ക് പോലും എനിക്കെന്ത് ലാഭമെന്ന പരിഗണന കൊടുക്കുന്ന പുതിയ കാല യുവത്വത്തിന്‍റെ പ്രതീകമായിരുന്നു അവള്‍ . മറ്റുള്ളവര്‍ അവരുടെ സൗകര്യത്തിന് വേണ്ടി ഉണ്ടാക്കി എടുത്ത നിയമങ്ങള്‍ക്ക് അടിമപെട്ടാണ് ഇന്ന് വരെ അവള്‍ ജീവിച്ചത് . പ്രതികരങ്ങളോട്, പ്രതിഷേധങ്ങളോട് , വാര്‍ത്തകളോട്, മാറ്റങ്ങളോട്, മാറ്റങ്ങള്‍ ആഗ്രഹിക്കുന്നവരോട് തുടങ്ങി  ഒഴുക്കിനെതിരെ നീന്തുന്നവരെ ഒഴുക്കിനെ പ്രതിരോധിക്കാന്‍ ശ്രമിക്കുന്നവരെ ഒന്നും അവള്‍ക്കു ഉള്‍കൊള്ളാന്‍ കഴിഞ്ഞിരുന്നില്ല..
          
          ബ്ലോക്ക് മാറി യാത്ര തുടര്‍ന്നു...കുളി വിശ്രമം...എല്ലാം മറന്നൊരു ഉറക്കം...  ചായകൂട്ടങ്ങള്‍ കൊണ്ട് മുഖം മറച്ചു... ആവര്‍ത്തിച്ച്‌ ശീലിച്ച ചേഷ്ടകള്‍ കൊണ്ട് വ്യക്തിത്വം മറച്ച് അടുത്ത യാത്ര...
    
        തിരികെ എത്തുമ്പോള്‍ അവളെ കാത്ത് പിരിച്ചു വിടാനുള്ള നോട്ടീസ് കാത്തു കിടന്നിരുന്നു... അവള്‍ മാത്രമായിരുന്നില്ല അവള്‍ക്കൊപ്പം അനേകം പേരും ഉണ്ടായിരുന്നു... പൊരി വെയിലില്‍ ഇടിവെട്ടും പോലെ മുദ്രാവാക്യം വിളിച്ചു നീങ്ങിയ യുവാക്കളെ അവള്‍ ഓര്‍ത്തു..അനേകം സമര പോരാട്ടങ്ങളില്‍ കൈ മെയ്യ് മറന്ന് മുന്നില്‍ നിന്ന് പൊരുതിയ ആയിരങ്ങളെ അവള്‍ ഓര്‍ത്തു...സംഘ ശക്തി കൊണ്ട് കൂറ്റന്‍ കോട്ടകളെ പ്രകമ്പനം കൊള്ളിച്ച് വീരേതിഹാസം രചിച്ചവരുടെ കഥകള്‍ അവള്‍ക്ക് ഊര്‍ജ്ജം പകര്‍ന്നു..പിരിച്ചു വിടപ്പെവരുടെ മുന്നില്‍ നിന്ന് മുഷ്ടി ചുരുട്ടി ആകാശത്തിലേക്ക് എറിഞ്ഞ് അവള്‍ വിളിച്ചു.
              "മുതലാളിത്വം തുലയട്ടെ ...തൊഴിലാളി വര്‍ഗം ജയികട്ടെ...."

Tuesday 26 February 2013

"മുന്‍വിധി"



(തളര്‍ന്നിരിക്കുന്ന പെണ്‍കുട്ടിയോട് ഇരുട്ടില്‍ നിന്നൊരു  പുരുഷശബ്ദം)

നിനക്ക് ഒന്ന് കരഞ്ഞു ബഹളം വച്ച് കൂടായിരുന്നോ?
       ഞാന്‍ കരഞ്ഞത് ആരും കേട്ടില്ല ...കരയാതെ ഇരിക്കാന്‍ ചിലര്‍ കഴുത്തിന്‌ കുത്തി പിടിച്ചു

നീ ചതിക്കപ്പെട്ടതാണെന്ന് നിന്‍റെ അടുത്ത് വന്നവരോട് പറഞ്ഞില്ലേ?
       പറഞ്ഞു...കരഞ്ഞു പറഞ്ഞു...എല്ലാരും ഇങ്ങനൊക്കെയാണ് പറയുന്നത് എന്നായിരുന്നു മറുപടി...

ഇറങ്ങി ഓടാഞ്ഞതെന്തു? അത് ചെയ്തു കൂടായിരുന്നോ?
        രണ്ട് കാലുകള്‍ നിലത്തുറപ്പിച്ചു നില്‍ക്കാനെങ്കിലും കഴിഞ്ഞിരുന്നെങ്കില്‍

കുറെ ഒക്കെ നിങ്ങള്‍ നൊക്കണം ...  നേരെ ചൊവ്വേ തുണി ഉടുത്ത് ഒക്കെ നടക്കണം..അല്ലെ ഇതൊക്കെ നടക്കും..
       ആറു വയസുള്ള കുഞ്ഞ് എന്ത് അവയവം പുറത്തു കാണിച്ചു തുണി ഉടുത്തിട്ടാണ് സര്‍ പീഡിപ്പികപ്പെട്ടത്... എണ്‍പത്കാരിയെ പീഡിപ്പിക്കുന്നത് അവയവ ഭംഗി കണ്ടിട്ടാണോ???

അടങ്ങി ഒതുങ്ങി വീട്ടില്‍ ഇരിക്കണം.... കറങ്ങി നടന്ന ഇങ്ങനൊക്കെ നടക്കും....
      പെണ്ണിനെ കാണുമ്പോഴേ കാമം അണപൊട്ടി ഒഴുകുന്ന ഭ്രാന്തന്മാരോട് പറയു സര്‍ വീട്ടില്‍ ഇരിക്കാന്‍.. ഈ ലോകം എന്‍റെതു കൂടിയാണ്..

നിനക്ക് ഭ്രാന്താണ്..ആണുങ്ങള്‍ വീടിലിരുന്നാല്‍ അരിക്കുള്ളത് ആരു കൊണ്ട് വരും?
       പെണ്ണ് ജോലി ചെയ്തു അരിവാങ്ങിയ അത് വേവില്ലേ ...?? അത് തൊണ്ടയില്‍ നിന്നും ഇറങ്ങില്ലേ?? അതോ അത് കഴിച്ചാല്‍ മലബന്ധം വരുമോ?

അവളുടെ അഹങ്കാരം കണ്ടില്ലേ.... ചെറുപ്പത്തില്‍ ഒളിചോടിയവള്‍ അല്ലെ നീ.. നിനക്ക് വേശ്യപണി അല്ലായിരുന്നോ?
     കൌമാരത്തില്‍ ഏതൊരാള്‍ക്കും തോന്നുന്ന പ്രണയം, നിങ്ങള്‍ക്കും തോന്നിയിട്ടില്ലേ? മനസുകൊണ്ട് ഒരാളെ ഇഷ്ട്ടപ്പെടുന്നത്തെ തെറ്റാണോ?  ചതിക്കപ്പെടുമെന്ന് കരുതിയില്ല.... വിറ്റവനും പ്രാപിച്ചവനും ഞെളിഞ്ഞു നടക്കുമ്പോള്‍ ചതിക്കപ്പെട്ടവളെ വീണ്ടും വീണ്ടും ക്രുശിക്കാന്‍ നിങ്ങള്‍ക്ക് നാണമില്ലേ ....??? വേശ്യയാണ്‌ പൊലും... എങ്ങനാണ് വേശ്യകള്‍ ഉണ്ടാകുന്നത് .... നാല്‍പ്പതോളം ആളുകള്‍ പിച്ചി ചീന്തുമ്പോള്‍ വാടിയ താമര തണ്ട് പോലെ നിസഹയായി കിടന്നു പോയ ഞാന്‍ വേശ്യയാകുന്നത് എങ്ങനെ.... നിങ്ങള്‍ എന്‍റെ സാമ്പത്തിക ശേഷിയെ കുറിച്ച് തിരക്കിയിട്ടുണ്ടോ ... എന്‍റെ വീട്ടില്‍ അരി വാങ്ങുന്നത് എങ്ങനെ എന്ന് തിരക്കിയിട്ടുണ്ടോ ???

പണ്ട് ഉണ്ടാക്കിയത് ഒക്കെ തീര്‍ന്നു കാണും ...    
      പതിനേഴു കൊല്ലമായി ഞാന്‍ ഇത് തന്നെ പറയുന്നു , അന്ന് മുതല്‍ നിങ്ങള്‍ക്ക് എന്നെ അറിയില്ലേ ...  

അന്തസുണ്ടേ പോയി തൂങ്ങി ചാകെടി ...അല്ലാതെ ഇങ്ങനെ ചാനല്‍ തിണ്ണ നിരങ്ങുക അല്ല വേണ്ടത് ... 
               മരണം കൊണ്ട് അന്തസ് കാണിക്കണമെങ്കില്‍ ആദ്യം തൂങ്ങേണ്ടത് ഞാന്‍ ചൂണ്ടി കാണിച്ചവരാണ് , എനിക്ക് ജീവിക്കണം .. ഈ ലോകത്ത് തന്നെ ...  
    ഹേയ് ഹേയ് നിങ്ങള്‍ ഒന്ന് വെളിച്ചത്തേക്ക് വരു.... ഞാന്‍ ആ മുഖമൊന്നു കാണട്ടെ ...    
അയാള്‍ മെല്ലെ വെളിച്ചത്തേക്ക് ..... 
          നിങ്ങള്‍ .... നിങ്ങളായിരുന്നില്ലേ ആ ജഡ്ജി .....!!!  

Thursday 8 November 2012

"തെമ്മാടികുഴി "



1

'തൂവാനതുമ്പികള്‍' എത്രാമത്തെ പ്രാവശ്യമാണ് കണ്ടത് എന്ന് ഓര്‍മയില്ല... ഇന്നലെ രാത്രിയിലും  അത് കണ്ടുകൊണ്ടാണ് ഉറങ്ങാന്‍ കിടന്നത്... ആല്‍ത്തറയില്‍ ഇരിക്കുന്ന ജയകൃഷ്ണനോട് രാധ : "ഇനി വരുമ്പോള്‍ ക്ലാര  ഇപ്പോള്‍ ജയേട്ടന്‍ ഇപ്പൊ ഈ കണ്ട ക്ലാര ആയിരിക്കില്ല" എന്ന് പറയുന്ന സീന്‍ വരെ ഓര്‍മ്മയുണ്ട്..രാധ  നല്‍കിയ പിന്തുണയില്‍ ജയകൃഷ്ണന്‍റെ കണ്ണുകളിലേക്കു ഒരു പുതിയ വെളിച്ചം കടന്നു വരുന്നതും കണ്ടു.... പിന്നീടു എപ്പോഴോ ഉറങ്ങി സ്വപനം മുഴുവന്‍ തിമിര്‍ത്തു പെയ്യുന്ന മഴയും, ജയകൃഷ്ണനും, രാധയും, ക്ലാരയുമായിരുന്നു...
"ഇനി വരുമ്പോള്‍ ക്ലാര ജയേട്ടന്‍ ഇപ്പൊ ഈ കണ്ട ക്ലാര ആയിരിക്കില്ല..." ആരോ മനസിന്‍റെ എട്ടു ദിക്കുകളില്‍ നിന്നും വിളിച്ചു പറയും പോലെ തോന്നി അത് വീണ്ടും വീണ്ടും പ്രതിധ്വനിച്ചു കൊണ്ടേ ഇരിന്നു ആദ്യത്തെക്കാള്‍ ഉച്ചത്തില്‍ രണ്ടാമത്, അതിലും ഉച്ചത്തില്‍ മൂന്നാമത്, അതിലും ഉച്ചത്തില്‍ അടുത്തത്..... ഒടുവില്‍ അസഹനീയമായപ്പോള്‍ ഉണര്‍ന്നു...
സമയം രാത്രി ഒരു മണി...അടുക്കളയിലെ ഷെല്‍ഫില്‍ ബാക്കിയിരുന്ന മദ്യകുപ്പി കാലിയാകാന്‍ അധികസമയം വേണ്ടിവന്നില്ല..വീണ്ടും 'തൂവാനതുമ്പികള്‍' പഴയ ആല്‍ത്തറയില്‍ ജയകൃഷ്ണന്‍, താഴെ നില്‍ക്കുന്ന രാധ 
"ജയേട്ടന്‍ ഇനി കാണുമ്പോള്‍ ക്ലാര എപ്പോ ഈ കണ്ട ക്ലാരയായിരിക്കില്ല"
ജയകൃഷ്ണന്‍ : "ഒരിക്കലുമാകില്ല, അതെനിക്കറിയാം"
രാധ: "അതു മനസിലുറച്ചു കഴിഞ്ഞാല്‍പിന്നെ ജയേട്ടന്‍ ഒരിക്കലും ക്ലാരയെ കാണാന്‍ പോകില്ല" 
 ഒരു പുതിയ ഉണര്‍വ് കിട്ടിയ പോലെ ജയകൃഷ്ണന്‍റെ കണ്ണുകളില്‍ തിളക്കം......
"F***k off.....എടാ ജയകൃഷ്ണ ചെറ്റേ നിനക്കെങ്ങനെയാട ക്ലാരയെ മറക്കാന്‍ പറ്റുന്നെ....പുല്ലേ....." കഴിഞ്ഞ കുറച്ചു ദിവസങ്ങലിലെ പതിവ് പോലെ  പാതിരാത്രി ജയകൃഷ്ണനെ തെറി വിളിക്കുമ്പോള്‍ അപ്പുറത്തും ഇപ്പുറത്തും താമസിക്കുന്നവരെ കുറിച്ചൊന്നും ഓര്‍ത്തില്ല ... "ഒരു പുതിയ പെണ്ണു അതും നിന്നെ ഒരിക്കെ തള്ളി പറഞ്ഞ പെണ്ണ്, വന്നു രണ്ടു വര്‍ത്താനം പറഞ്ഞപ്പോ മറക്കാനുള്ള ബന്ധമാണോ നീയും ക്ലാരയും തമ്മില്‍ ഉണ്ടായിരുന്നത്...കോപ്പേ...എടാ പുല്ലേ ഇനി അടുത്ത മഴ പെയ്യുമ്പോള്‍ ക്ലാര നിന്‍റെ മനസിലേക്ക് വരില്ലേ...ഇനി നീ ട്രെയിന്‍ കാണുമ്പോള്‍ നീ ക്ലാരയെ ഓര്‍ക്കില്ലേ....ഇനി നീ തങ്ങളുടെ മലമുകളിലെ വീട്ടില്‍ നിന്ന് അങ്ങ് ദൂരെ നിന്നും ഭ്രാന്തന്‍റെ നിലവിളി കേക്കുമ്പോള്‍ നീ ക്ലാരയെ ഓര്‍ക്കില്ലേ..ഇനി നീ ഒരു കന്യാസ്ത്രീയെ കാണുമ്പോള്‍ ഓര്‍ക്കിലെട ക്ലാരയെ...നിന്‍റെ വീട്ടിലെ ഫോണ്‍ ബെല്‍ അടിച്ചാല്‍ ആദ്യം നിന്‍റെ മനസ്സില്‍ വരുന്നത് ക്ലാര ആയിരിക്കില്ലേ...ഒരു കത്ത് വീട്ടിലോട്ടു വന്നാല്‍ നിന്‍റെ മനസ്സില്‍ ആദ്യം വരുന്നത് അവളുടെ മുഖമായിരിക്കില്ലേ....എന്നിട് മനസിലങ്ങോട്ടു ഉറപ്പിക്കാന്‍ പോണു പോലും...ഫാ!!  .. ആണായ വാക്കിന് വ്യവസ്ഥ വേണം...അവളെ കെട്ടും എന്ന് പറഞ്ഞാല്‍ കെട്ടണം...അല്ലാതെ ഈ ഞഞ്ഞാ പിഞ്ഞാ പരിപാടി കാണിക്കരുത്...കേട്ടോട ചെറ്റേ..." സ്ക്രീനില്‍ പോസ് ചെയ്തു വച്ച തിളങ്ങുന്ന കണ്ണുകളുള്ള ജയകൃഷ്ണനെ നോക്കി വീണ്ടും വീണ്ടും വീണ്ടും വീണ്ടും വായില്‍ തോന്നിയത് ഒക്കെ പറഞ്ഞു...പറഞ്ഞു പറഞ്ഞു പിന്നെയും മയക്കത്തിലേക്കു....

2
പുറത്ത് ഇടിവെട്ടി മഴ...തുറന്നിട്ട ജനല്‍ വഴി മഴത്തുള്ളികള്‍ മുറിയിലേക്ക് അടിച്ചു കയറി ...തണുത്ത കാറ്റു വല്ലാത്ത കുളിര് മുറിയാകെ നിറച്ചു...കുളിര് കൊണ്ടാണ് വീണ്ടും എഴുന്നേറ്റത്...
"ങ്ങ...എഴുന്നേറ്റോ...."
മുറിയുടെ അരണ്ട കോണില്‍ നിന്നും നല്ല പരിചിത ശബ്ദം....
"ങേ...ആരാ?" ഉറക്കചിവയില്‍ ചോദിച്ചു....
"ഒന്നിങ്ങട്‌ എഴുന്നേറ്റ് വാടോ..." അപരിചിതന്‍....
"ആരാ ...എങ്ങന എന്‍റെ മുറിയില്‍ കയറിയേ...."
"ശെ....പറഞ്ഞ മനസിലാകില്ലച്ച എന്താ ചെയ്ക്ക..." അപരിചിതന്‍ ഇരുണ്ട വെളിച്ചത്തില്‍ എഴുനേറ്റ് ചെന്ന് ലൈറ്റ് ഇട്ടു... മുറിയില്‍ വെളിച്ചം പരന്നു അതാ മുന്നില്‍  വെള്ള ഷര്‍ട്ടും ഇട്ട്, വെള്ളമുണ്ട് മടക്കി കുത്തി, കയില്‍ ഒരു തുണി സഞ്ചിയുമായി ജയകൃഷ്ണന്‍ ...!!! 
"ങേ...ഇതെന്താ...ഇപ്പൊ..." ഇടറിയ ശബ്ദത്തില്‍ ചോദിച്ചു....
"ഹ...ഇത് നല്ല കൂത്ത്  ....നീ എജാതി തെറിയ എന്നെ എന്നും വിളിക്കണേ....... അപ്പൊ ഒന്ന് കണ്ടു പോകാന്നു വച്ചു..."
ഞാന്‍ ഒന്ന് പരിഭ്രമിച്ചു ചുറ്റും നോക്കി...ആ ദേവമാത ബാബുവോ മറ്റു സില്‍ബന്ധികളോ ഒക്കെ കൂടെ ഉണ്ടെങ്കി അക്കെ ഇടങ്ങേറാക്കും....
"നീയ് പേടിക്കണ്ട്ര...ഞാന്‍ തന്നെള്ളൂ..." ജയകൃഷ്ണന്‍ എന്‍റെ മനസ് വായിച്ചിട്ടേന്നോണം പറഞ്ഞു....
"ഹ...ഇങ്ങട്ട് എഴുന്നെക്കാന്‍ ...." ജയകൃഷ്ണന്‍ എന്‍റെ കൈക്ക് പിടിച്ചു പൊക്കി എടുത്തു..."അങ്ങനെ....."
"ഇമ്മക്കൊരോ നാരങ്ങാ വെള്ളം കാച്ചിയാലോ..." ഒരു കുതൃതി  ചിരിയോടെ ജയകൃഷ്ണന്‍ ....
"ആവാം...പക്ഷെ....എന്‍റെ കൈയില്‍ സ്റ്റോക്ക്‌ ഇല്ല..."
"ഹ...സ്റ്റോക്ക്‌ എന്‍റെ കൈയിലിണ്ട് ഇഷ്ട......ഋഷിയെ കുടിപ്പിച്ചു കിടത്തിയന്ന് ഡേവിഡ് ചേട്ടന്‍റെ  കൈയീന്നു പൊതിഞ്ഞു വാങ്ങി വന്ന കുപ്പി എന്‍റെ കൈയില്‍ ഇണ്ടന്ന് ...പിന്നെ ഒരു ധൈര്യത്തിന് രണ്ട് മൂന്നെണ്ണം വേറേം ഉണ്ട്...നിന്‍റടുത്തെക്ക വന്നെന്നു ഞാന്‍ ഓര്‍ക്കണ്ടേ ചെങ്ങായി......" ജയകൃഷ്ണന്‍റെ ചുണ്ടില്‍ വീണ്ടും കള്ള ചിരി...
ജയകൃഷ്ണന്‍ തുണി സഞ്ചിയില്‍ നിന്ന് പൊതിഞ്ഞു വച്ച കുപ്പിയെടുത്തു...പൊതി തുറന്നു കുപ്പി എടുത്തപ്പോ പൊതിഞ്ഞു വന്ന പത്രത്തിലെ ഡേറ്റ് കണ്ടത്...ജനുവരി 16, 1988...!!!
"എന്തൂട്ര...കുന്തം വിഴുങ്ങിയോലെ നോക്കണേ...."
"അല്ല ആ ഡേറ്റ്..."
"ഡേറ്റോ...എന്തുട്ട് ഡേറ്റ്...??"
"ആ പത്രത്തിലെ ഡേറ്റ്....അന്നാ അവളുടെ ബര്‍ത്ത് ഡേ...." തെല്ല് അത്ഭുതത്തോടെ ഞാന്‍ പറഞ്ഞു...
"അവളുടെന്ന് പറയിമ്പേ...ഓ, നമ്മടെ കല്യാണം കഴിഞ്ഞ കുട്ടിടെ... " ജയകൃഷണന്‍റെ മുഖത്ത് ആ കള്ളചിരി വീണ്ടും...
"അല്ല നിങ്ങളിതെങ്ങനെ???"
"ഒക്കെ നമ്മളറിയും...നീയെ എന്നാ കരുതിയെ..ഡേറ്റ് കണ്ടപ്പോ ഓര്‍ത്തല്ലേ ....അതാണ് ട്രെയിന്‍ കാണുമ്പോ ഓര്‍ക്കില്ലേ.... കത്ത് കാണുമ്പോ ഓര്‍ക്കില്ലേ....ഉവ...ഈ സൈസ് സാധനങ്ങള് നമ്മള് കൊറേ കണ്ടിട്ടിണ്ട്..."
" അല്ലേലും ബന്ധങ്ങളുടെ കാര്യത്തില്‍ ഞാനൊരു നാണം ഇല്ലാത്തവന.. എന്തെരെ കിട്ടിയാലും പിന്നേം ചെല്ലും പുറകെ..." ആരോടെന്നില്ലാതെ  ഇത് പറയുമ്പോള്‍ എനിക്ക് തെല്ലും ചമ്മല് തോന്നിയില്ല...സത്യം അതായതു കൊണ്ടാകും...
"നീ കൂടുതലൊന്നും പറയണ്ട....ഗ്ലാസ് എട്...നമുക്കിവനെ അങ്ങട്ട് പൂശാം ...എന്നിട്ടാ  സംസാരിക്കാം...എന്തെ...."
പിന്നെ കുറെ നേരം ടയലോഗ് ഇല്ലായിരുന്നു, ആക്ഷന്‍ മാത്രം....നിറയുന്ന ഗ്ലാസുകള്‍ കാലി യാകുന്ന കുപ്പിക്കള്‍ ...ആ രംഗം കുറച്ചു നേരം നീണ്ടു നിന്നു.

3
മദ്യം തലയ്ക്കു പിടിച്ചു കഴിഞ്ഞപ്പോ ജയകൃഷ്ണന്‍ ചോദിച്ചു 
"എന്തുട്ടിനാട എന്നെ എന്നും തെറി വിളിക്കണേ ചവി..ഞാന്‍ എന്തൂട്ട് പണ്ടാര ചെയ്തെ...."
"അത് പിന്നെ നിങ്ങള്‍ ക്ലാരയെ കേട്ടഞ്ഞേ എന്നാ...." ഇപ്പൊ ഇത് പറയുമ്പോ ടിവിയില്‍ നോക്കി തെറി വിളിക്കണേ ഉശിരോന്നും ഉണ്ടായിരുന്നില്ല....
"ഹ...ഇതാ ഇപ്പൊ നന്നായെ...ഞാന തെറ്റുകാരന്‍ ..." 
"ക്ലാര പോയത് പോട്ടെ....പിന്നെ എന്തിനാ രാധയെ കെട്ടിയെ...നിങ്ങള്‍ ക്ലാരയെ സ്നേഹിചിരുന്നെ അതിനു പറ്റുമായിരുന്നോ?" 
"പിന്നെന്ന..ഞാന്‍ സന്യസിക്കണായിരുന്നോ?" ജയകൃഷ്ണന്‍റെ വാക്കുകളില്‍ അല്പം ദേഷ്യം ഉണ്ടോ? 
"എന്നല്ല....എന്നാലും ഒരു പെണ്ണിനെ സ്നേഹിച്ചിട്ടു മറ്റൊരു പെണ്ണിന്‍റെ കൂടെങ്ങനെ ജീവിക്കും....???"  
"ഹേയ്...അതിപ്പോ അവള്‍ക്കു പറ്റുങ്കി എനിക്ക് പറ്റില്ലേ....അവളും ആഗ്രഹിക്കുന്നത് അതാണെങ്കില് "
"ശെരി...അത് പോട്ടെ....ക്ലാരയെ വിട്...അവളെ നമുക്ക് മാറ്റി നിര്‍ത്താം...മറ്റൊരു പെണ്ണായിരുന്നു ആ സ്ഥാനത്തെങ്കില്‍ ... കൂടെ ജീവിക്കാന്‍ ആഗ്രഹമുണ്ടെങ്കിലും മറ്റു പല കാരണങ്ങള്‍ കൊണ്ടും പിരിയേണ്ടി വന്നാല്‍ .....? അവളുണ്ടാകില്ലേ മനസ്സില്‍...? "
"എന്‍റെ ചെങ്ങാതി...നീ ഇങ്ങനെ കൊഴക്കണേ ചോദ്യോക്കെ ചോദിക്കല്ലേ...." ജയകൃഷ്ണന്‍ ഒഴിഞ്ഞു മാറാന്‍ ഒരു ശ്രമം  നടത്തി....പിന്നെ പറഞ്ഞു...."ആഗ്രഹിച്ചത് എല്ലാം കിട്ടിയാല്‍  പിന്നെ ജീവിക്കുന്നതില്‍ എന്തുട്ട ഒരു സുഖം....നമുക്കൊക്കെ സുഖികണ്ടേ...വിഷമിചിരിക്കുബെ കിട്ടണ സന്തോഷത്ത്തിനല്ലേ കൂടുതല്‍ മധുരം...."
"ഫിലോസഫി...ഫിലോസഫി...ഇങ്ങോട്ട് ഇറക്കണ്ട...." കുറെ ആളുകള്‍ കുറെ നാളായി പറയുന്നത് ആയതു കൊണ്ട് എനിക്ക് കെട്ടാതെ ദേക്ഷ്യം വന്നു...മറ്റുള്ളവരുടെ ജീവിതത്തെ നോക്കി പറയാന്‍ എളുപ്പമുള്ള ഒന്നാണല്ലോ ഫിലോസഫി....മദ്യം ചെറുതായി തലക്കു പിടിച്ചു തുടങ്ങി...നാക്ക്‌ പതുക്കെ കുഴഞ്ഞു തുടങ്ങി....
"എന്നാ ഒരു ഉദാഹരണം പറയാം...ടൈറ്റാനിക് കണ്ടില്ലേ നീയ്....അതില് പാവം ജാക്ക് റോസിനെ എടുത്തു പലക പുറത്ത് കിടത്തിട്ടു വെള്ളത്തില്‍ കിടന്നു....ഒടുക്കം ജാക്ക് ചത്തു...റോസോ..കിട്ടിയ വള്ളത്തെ കേറി കരപിടിച്ചു ... അത്രെഒക്കെ ഒള്ളു....എന്തിനാ അങ്ങോട്ട്‌ പോണേ...ന്മബടെ രമണന്‍ ....ചന്ദ്രികയെ എത്ര സ്നേഹിച്ചു.....ഒടുക്കം അവളാ പോയി...രമണന്‍ മരണനുമായി എന്തായി....??? അതുകഴിഞ്ഞ് ലോകത്ത് എത്ര രമണന്മാര്‍ ഉണ്ടായി....വല്ലോം മാറിയ...." ജയകൃഷ്ണന്‍ ഉദാഹരണങ്ങള്‍ നിരത്തി....
"അതൊക്കെ സിനിമേം കഥേം കവിതയുമോക്കെയല്ലേ....അതാണോ ജീവിതം?" ജയകൃഷ്ണനെ പറഞ്ഞു മുഴിവിപിക്കാന്‍ വിടാതെ ഞാന്‍ ചോദിച്ചു...
"വേണ്ട ജീവിതത്തിലോട്ട് വരാം , ഇതിപ്പോ നിന്‍റെ പരിചയത്തില്‍ തന്നെ ഉണ്ടല്ലോ അങ്ങനെ കൊറേ കുട്ടിയോള്...ഇല്ലേ...."
"അതുണ്ട്..."
"ഉണ്ടല്ലോ...അവര് ജീവിക്കണില്ലേ..??" ജയകൃഷ്ണന്‍ പറയുന്നതില്‍ കാര്യമുണ്ടെന്നു തോന്നി....കൂടെ പഠിച്ച പ്രേമിച്ചു നടന്ന എത്രെപേര്‍ വേറെ കെട്ടി...
"അതാ പറഞ്ഞെ...നിനക്ക് നഷ്ടപ്പെട്ടു എന്ന് തോന്നണത് വെറും തോന്നലാന്ന്..."
"എന്നാലും ജയെട്ട...ഞാന് .... അവള്....ആ നാരങ്ങ വെള്ളം നമ്മള്‍ കുടിച്ചിട്ടില്ല..അതിന്‍റെ കാശ് കൊടുക്കരുത്...." നാക്ക്‌ വല്ലാതെ കുഴയുന്നു...
"എന്തൂട്ടാ നീയ് ഈ പറയണേ....നീയും ഋഷി ക്ക് പഠിക്യാ..."
"ജയെട്ട രമണന്‍ ചാകരുതയിരുന്നു....വളരെ മോശമായി പോയി....എന്നാലും...ശെ ...." മദ്യലഹരിയില്‍ എന്തെല്ലാമോ പുലംബാന്‍ തുടങ്ങി....
"നീയെ...ഒരു കാര്യം ചെയ്യ്  നിന്‍റെ പണ്ടാരം ഓര്‍മ്മകള്‍ എല്ലാങ്ങടെ ഒരു കുഴിയ കുത്തി മൂട്....ഒരു തെമ്മാടി കുഴി....ദുര്‍മരണം സംഭവിച്ചവര്‍ക്ക് ഉള്ളതാ തെമ്മാടി കുഴി....അതാകുമ്പോ...ആണ്ടു കുര്‍ബാനയും ഇല്ല തലക്കല്‍ മെഴുകുതിരി വെക്കലും ഇല്ല...ആണ്ടാണ്ടുക്ക്  ഓര്‍മ്മ പുതുക്കലും ഇല്ല..."
പിന്നെ എന്തെല്ലാമോ ജയകൃഷ്ണന്‍ പറഞ്ഞു...മങ്ങിയ ബോധത്തില്‍ വ്യക്തമായി കേട്ടത് തെമ്മാടി കുഴിയെ പറ്റി മാത്രം...
  നേരം പര പരാ വെളുത്ത ശേഷമാണു ഉണര്‍ന്നത്...അവിടെങ്ങും ജയകൃഷ്ണനെ കണ്ടില്ല...രാവിലത്തെ വണ്ടിക്കു വീട്ടിലെത്തി ഇപ്പോള്‍ പറമ്പില്‍ പണിക്കാരെ ശകാരിച്ചു നിക്കുന്നുണ്ടാകും.....പോസ് ചെയ്തു വച്ച ടി വി സ്ക്രീനില്‍ ജയകൃഷ്ണന്‍റെ തിളങ്ങുന്ന കണ്ണുകള്‍  ....മുറിയില്‍ ചിതറി കിടക്കുന്ന കിംഗ്‌ ഫിഷര്‍ ബിയര്‍ കുപ്പികള്‍ ...സിഗരറ്റ് ചാരം.... ചുമരിലെ കണ്ണാടിയില്‍ സ്വന്തം മുഖം കണ്ടു...ജയകൃഷ്ണന്‍റെ കണ്ണുകളിലെ തിളക്കം എന്നിലും കണ്ടപോലെ....
 "ഇനി വരുമ്പോള്‍ ക്ലാര ഇപ്പൊ കണ്ട ക്ലാര ആയിരിക്കില്ല...." ആരോ വീണ്ടും ഉള്ളില്‍ നിന്നും പറഞ്ഞു....അത് മനസില്‍ ഉറപ്പിച്ചു....തുറന്നു കിടന്ന ജനലൂടെ ഒരു കാറ്റ്  നിലത്തു കിടന്ന ആ പഴയ പേപ്പര്‍ നിരക്കി മുന്നിലെത്തിച്ചു...കൈയിലെടുത്തു ഡേറ്റ് വായിച്ചു....1988 ജനുവരി 16....പത്തിരുപതു വര്‍ഷം മുന്നുള്ള ഒരു തിയതി എന്നതിലപ്പുറം ഒരു കൌതുകവും അതിനോട് തോന്നിയില്ല....എന്‍റെ ഉള്ളില്‍ ഞാന്‍ കുഴിച്ച തെമ്മാടി കുഴികുള്ളില്‍ ചില ഓര്‍മ്മകള്‍  അടക്കം ചെയ്തു കഴിഞ്ഞത് ഞാന്‍ തിരിച്ചറിഞ്ഞു. 

Sunday 30 September 2012

" പ്രണയസുഗന്ധം പരത്തുന്ന നിശാഗന്ധി"


       
                            ഫേസ്ബുക്കില്‍ നന്ദിതയുടെ കവിതകള്‍ എന്നപേരില്‍ പ്രസിദ്ധീകരിക്കുന്ന ഒരു പേജിലാണ് ആദ്യമായി നിശാഗന്ധിയെ കാണുന്നത്. അതുവഴി ഇതള്‍ കൊഴിഞ്ഞൊരു നിശാഗന്ധി എന്ന ബ്ലോഗും ശ്രദ്ധയില്‍പ്പെട്ടു. പൂത്തുലഞ്ഞു സുഗന്ധം പരത്തുന്ന ഒരു നിശാഗന്ധി പുഷ്പം പോലെ സുന്ദരമായ കവിതകള്‍ ... മിക്കവയും വളരെ ചെറിയ വാക്കുകളില്‍ എഴുതിയത് എങ്കിലും സുന്ദരം. കവിതകളെ കുറിച്ച് ആധികാരികമായി വിശകലം ചെയ്യാന്‍ ഒന്നും എനിക്കറിയില്ല..(പണ്ട് പത്താം ക്ലാസില്‍ മലയാളം സര്‍ കുറെ ശ്രമിച്ചു പരാജയപ്പെട്ടതാണ്..!! മലയാളത്തിനു ക്ലാസ്സ്‌ ടെസ്റ്റില്‍ തോറ്റു പോകുന്നതിനെ കുറിച്ച് ആലോചിച്ചു നോക്കു ..എന്‍റെ  ജീവിതത്തില്‍ അതും സംഭവിച്ചിട്ടുണ്ട്)  പക്ഷെ ഒരു ആസ്വധകന്‍ എന്നാ നിലയില്‍ ഞാന്‍ ആഗ്രഹിക്കുന്നത് നല്‍കുവാന്‍ ഈ കവിയത്രിക്ക് കഴിഞ്ഞു. എന്നെ ഏറ്റവും ആകര്‍ഷിച്ചത് മിക്ക കവിതകളിലും നിറഞ്ഞു നില്‍കുന്ന പ്രണയത്തിന്‍റെ  മാസ്മരികതയാണ് (പ്രായത്തിന്‍റെ ആയിരിക്കും) ... പ്രണയം അതിന്‍റെ എല്ലാ തീവ്രതയോടും കൂടി പ്രതിഫലിക്കാന്‍ കവിതകള്‍ക്ക് കഴിയുന്നു. ചെറിയ ഒരു ഉദാഹരണം പ്രപഞ്ചം എന്നാ കവിതയിലെ ഏതാനും വരികള്‍
                                "ഓരോ ഈരടിയും
                                 നിന്നെകുറിച്ചാണെങ്കില്‍
                                 ഈ പട്ടും,
                                 ഓരോ കിരണവും
                                 നിന്നെ തൊടുന്നുവെങ്കില്‍
                                  ഈ സൂര്യനെയും
                                  ഓരോ തുള്ളിയും
                                നിന്നെ ചുംബിക്കുന്നുവെങ്കില്‍
                                 ഈ മഴയും
                                ഓരോ മരണവും
                               നിന്നോട്  ചേരുന്നുവെങ്കില്‍  
                                ഈ മൃതിയും,
                                ഞാന്‍ സ്വന്തമാക്കാം!!! "
   ഒരിക്കലെങ്കിലും പ്രണയിച്ചിട്ടുള്ളവര്‍ക്ക് ഈ വരികള്‍ ചങ്കില്‍ തറക്കും തീര്‍ച്ച....
                              
അത് പോലെ പോസ്റ്റ്‌മാര്‍ട്ടം എന്ന കവിത വെറും പന്ത്രണ്ട്  വരികള്‍ അതിനുള്ളില്‍ മരണത്തിന്‍റെ,  ജീവിതത്തിന്‍റെ,  സ്വപ്നങ്ങളുടെ, നഷ്ടത്തിന്‍റെ, നിസഹായതയുടെ ഒക്കെ തീവ്രവികാരങ്ങള്‍ വായനക്കാരന് സമ്മാനിക്കാന്‍ കവിതയ്ക്ക് കഴിയുന്നു ..അത് തന്നെയാണ് ഞാന്‍ ഈ കവിതകള്‍ ഇഷ്ടപ്പെടുവാന്‍ കാരണം..  
              മറ്റൊരു അത്ഭുതം കവിതകളുടെ ഒഴുക്കാണ് ഈ കഴിഞ്ഞ മാസം മാത്രം ബ്ലോഗില്‍ വന്നത് 100 കവിതകള്‍ !! കവിതകളുടെ ഒരു തരം ഒഴുക്കാണ് എങ്ങനെയാ ഒന്ന് പറയുക (ദയവു ചെയ്തു പ്രഞ്ചിയെട്ടനില്‍ T.G രവി പറയുന്ന ഉദാഹരണം ആരും പറയരുത് പ്ലീസ്), ഈ കര്‍ക്കടമാസത്തില്‍ തോരാതെ പെയ്യുന്ന മഴപോലെ, മഴ പെയ്തു തോര്‍ന്നാലും ശാഖകളില്‍ നിന്നും ഇട്ടു വീഴുന്ന മഴത്തുള്ളികള്‍ പോലെ ഇങ്ങനെ ഇടതടവില്ലാത്ത ഒഴുക്ക്...  ഇത്ര അതികം എഴുതുമ്പോഴും ഓരോ കവിതയിലും ആശയത്തിലും അവതരണത്തിലും  മികവു പുലര്‍ത്താനും കഴിയുന്നു.
          "പ്രിയ നിശാഗന്ധി, ഇതള്‍ കൊഴിഞ്ഞ നിശാഗന്ധി എന്നതിലും നിനക്ക് ചേരുന്നത് സുഗന്ധം പരത്തുന്ന നിശാഗന്ധി എന്നാവും പ്രണയം തുളുമ്പുന്ന കവിതകളുടെ സുഗന്ധം പരത്തി  നീ ഇനിയും ആയിരം വര്‍ഷങ്ങള്‍ പൂത്തുലഞ്ഞു നില്കട്ടെ എന്ന് ആശംസിക്കുന്നു.."           

ബ്ലോഗ്‌ ലിങ്ക് കൊടുക്കുന്നു ആസ്വദിക്കുക "ഇതള്‍ കൊഴിഞ്ഞൊരു നിശാഗന്ധി"  

Thursday 16 August 2012

"നഷ്ടപ്പെടുവാന്‍ ഇല്ലെന്നോന്നും ഈ കൈ വിലങ്ങുകള്‍ അല്ലാതെ...!!!"



                                      1685 ല്‍ , ഇന്ന് കാണുന്ന യാത്ര സൗകര്യങ്ങളെ കുറിച്ച് മനുഷ്യന്‍ ചിന്തിച്ചിട്ടു പോലും ഇല്ലാത്ത കാലത്ത് ഇന്നത്തെ ഇറാക്കിലെ മൌസിള്‍  പട്ടണത്തിനു സമീപം കാരകൊഷ് (Karakosh) നിന്നും അത്യോക്യ സിഹസനത്തില്‍ നിന്നുള്ള കല്പന പ്രകാരം ഒരു തിരുമേനി കേരളത്തില്‍ എത്തി.... കേരളത്തിലെ സിറിയന്‍ ക്രിസ്ത്യാനികള്‍ നയിക്കാന്‍ ഒരു നേതൃത്വം ഇല്ലാതെ ബുദ്ധിമുട്ടുകയും അവര്‍ പരിശുദ്ധ അത്യോക്യ സിംഹാസനത്തില്‍ നിന്നും അകന്നു മാറി പോകുന്നതുമായ സാഹചര്യം ഉണ്ടായപ്പോഴാണ് ഒരു തിരുമേനിയെ ഇങ്ങോട്ട് അയക്കാനും ഇവിടത്തെ സഭയെ നിലനിര്‍ത്താനും സഭ നേതൃത്വം തീരുമാനിച്ചത്. ഈ ദൌത്യം ഏറ്റെടുക്കുമ്പോള്‍ അദ്ദേഹത്തിന് 92 വയസായിരുന്നു പ്രായം. അങ്ങനെ അന്ന് വന്നു, സഭക്ക് പുതിയ നേതൃത്വത്തെയും വാഴിക്കുകയും വിശ്വാസികളെ തിരികെ കൊണ്ട് വരികയും ചെയ്ത യാക്കോബ സഭ പരിശുദ്ധനായി പ്രക്യപികുക്കയും ചെയ്ത തിരുമേനിയാണ് ബസേലിയോസ് ബാബാ എന്ന് അറിയപ്പെടുന എല്‍ദോ മാര്‍ ബസേലിയോസ് തിരുമേനി.
    ഈ സംഭവങ്ങളെ കുറിച്ച് ചെറുപ്പത്തില്‍ വീട്ടിലെ മുതിര്‍ന്നവര്‍ പറഞ്ഞു തന്ന കഥ ഇപ്രകാരമാണ്..കൊഴികോട് കപ്പല്‍ ഇറങ്ങിയ അദ്ദേഹം പറങ്കികളുടെ ആക്രമണത്തില്‍ നിന്നും രക്ഷപെടാന്‍ തമിഴ്നാട്ടിലെക്ക് കടന്നു, തമിഴ്നാട്‌ വഴിയായിരുന്നു പിന്നീടുള്ള യാത്ര. അവിടെന്നു കേരളത്തിലേക്ക് പ്രവേശിക്കുന്നത് മൂന്നാറിന് സമീപം പള്ളിവാസല്‍ എന്ന പ്രദേശം വഴിയാണ് (അവിടെ കൂടെ ഉണ്ടായിരുന്ന അച്ചന്മാര്‍ക്കും ശെമ്മാശന്മാര്‍ക്കും ഒപ്പം ഒരു കുരിശുനാട്ടി പ്രാര്‍ത്ഥിച്ചു എന്നും അതുകൊണ്ടാണ് ആ പ്രദേശത്തിനു പള്ളിവാസല്‍ എന്നു പേരുവന്നത് എന്നും ഐതീഹ്യം) ഇപ്പോള്‍ പോലും കാട്ടുമൃഗങ്ങളുടെ ശല്യമുള്ള ആ പ്രദേശങ്ങളുടെ അന്നത്തെ അവസ്ഥ ഊഹിക്കാവുന്നതെ ഒള്ളു. അങ്ങനെ കടും മേടും മലയും  താണ്ടി കോതമംഗലത്ത് എത്തുമ്പോള്‍ കൂടെ അവശേഷിച്ചത് ഒരു ശെമ്മാശന്‍ മാത്രം, ബാക്കി ഉള്ളവരെ കട്ട് മൃഗങ്ങള്‍ കൊലപ്പെടുത്തിയിരുന്നു. കോതമംഗലത്തിനടുത്ത് കൊഴിപിള്ളി എന്നാ സ്ഥലത്ത് വച്ച് അവിടെ പശുവിനെ തെറ്റി കൊണ്ട് നിന്ന ഒരു നായര്‍ യുവാവിനോട് പള്ളിയിലേക്കുള്ള വഴി ചോദിച്ചു, പക്ഷെ പുലി ശല്യം ഉള്ളതിനാല്‍ പശുക്കളെ തനിയെ വിട്ടിട്ടു വരാനുള്ള ബുദ്ധിമുട്ടു അറിയിച്ചപ്പോള്‍ കയ്യില്‍ ഇരുന്ന സ്ലീബ കൊണ്ട് ഒരു വൃത്തം വരക്കുകയും പശുക്കള്‍ ആരും പറയാതെ തന്നെ അച്ചടക്കത്തോടെ അതിനുള്ളില്‍ കയറി നില്‍ക്കുകയും ചെയ്തു. ഇത് കണ്ടു അത്ഭുതപ്പെട്ട യുവാവ്‌ പ്രസവ വേദനയാല്‍ വിഷമിക്കുന്ന സഹോദരിയുടെ കാര്യം പറയുകയും തിരുമേനി  ഒരു കരിക്ക് വാഴ്ത്തി കൊടുക്കുകയും അത് കഴിച്ച യുവതി വേദനയെല്ലാം മാറി സുഖം പ്രാപിക്കുകയും ചെയ്തു.. യുവാവ്‌ വീട്ടിലെക്കു പോകുമ്പോഴും തിരിച്ചുമുള്ള വഴിയില്‍ ഈ അത്ഭുതങ്ങളെ കുറിച്ച് പറഞ്ഞത് കേട്ട് അനേകം ആളുകള്‍ എത്തി  ചേരുകയും അവര്‍ തിരുമേനിയെ ആഘാഷ പൂര്‍വ്വം പള്ളിയിലേക്ക് ആനയിക്കുകയും ചെയ്തു. 1685, കന്നി മാസം 19 നു കാലംചെയ്ത് തിരുമേനിയെ കന്നി 20 നു കബറടക്കി. എല്ലാവര്‍ഷവും കന്നി  20 നു തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാള്‍ കൊണ്ടാടി വരുന്നു. അന്ന് കൊഴിപിള്ളിയില്‍ നിന്നും പള്ളിയിലേക്ക് വഴികാണിച്ച സംഭവത്തിന്‍റെ ഓര്‍മയ്ക്ക് ഇന്നും പെരുന്നാളിന് കൊഴിപള്ളി കുരിശിങ്കലെക്കുള്ള പ്രദക്ഷിണത്തിനു (റാസ) മുന്നില്‍ ആ പഴയ നായര്‍ തറവാട്ടിലെ ഇപ്പോഴത്തെ അവകാശി വിളക്ക് എടുക്കുന്ന ഒരു ചടങ്ങ് ഉണ്ട്, ആ    തറവാട്ടില്‍ നിന്നുള്ള അവകാശികള്‍ വന്നു വിളക്കെടുത്താലേ പ്രദക്ഷിണം ഇറങ്ങു. 
       കോതമംഗലം ചെറിയ പള്ളി എന്നറിയപ്പെടുന്ന മാര്‍ തോമ ചെറിയ പള്ളിയില്‍ തിരുമേനിയെ  കബറടക്കി, അന്ന് ഒരു ചെറിയ സമൂഹമായിരുന്ന അവിടത്തെ ക്രിസ്ത്യാനികള്‍ വലിയ ഒരു സമൂഹമായി വളര്‍ന്നു. അതിനൊപ്പം പള്ളിയും വളര്‍ന്നു...കന്നി ഇരുപതിനും അല്ലാതെയും അനേകം ആളുകള്‍ എത്താന്‍ തുടങ്ങി ചുറ്റും അനേകം വ്യാപാര സ്ഥാപനങ്ങളും മറ്റു അനുബന്ധ സൗകര്യങ്ങളും വളര്‍ന്നു..പള്ളിക്ക് പുതിയ കെട്ടിടങ്ങള്‍ ഉണ്ടായി... സ്ഥാപനങ്ങള്‍ തുടങ്ങി, സ്കൂള്‍ തുടങ്ങി, ആര്‍ട്സ് കോളേജ് തുടങ്ങി, എഞ്ചിനിയറിങ്ങ് കോളേജ് തുടങ്ങി, ആശുപത്രി തുടങ്ങി, ഡെന്റല്‍ കോളേജ് തുടങ്ങി, നഴ്സിംഗ് കോളേജ് തുടങ്ങി....ഇതിനെല്ലാം ഈ പരിശുദ്ധന്‍റെ പേരും ഇട്ടു കൊടുത്തു...പിന്നെ മുന്‍ പിന്‍ നോക്കേണ്ടി വന്നിട്ടില്ല....കച്ചവടം കുശാല്‍ .... (ഇത്രയും കഥ പറഞ്ഞത് ഒരു യാക്കോബായ വിശ്വാസിയുടെ മനസ്സില്‍ ആ പേരിനുള്ള സ്ഥാനവും അത് ഏതു രീതിയില്‍ മാര്‍കറ്റ് ചെയ്യപ്പെട്ടു എന്ന് മനസിലാക്കാന്‍ മാത്രമാണ്)
 
          ഇനി പറയുന്നത് കഴിഞ്ഞ 114 ദിവസങ്ങളായി നടന്നു കൊണ്ടിരിക്കുന്നത്... കേരളത്തില്‍ കരുത്താര്‍ജിച്ച നഴ്സിംഗ് മുന്നേറ്റത്തിനു മാര്‍ ബസേലിയോസ് മെഡിക്കല്‍ മിഷന്‍ ആശുപത്രിയും വേദിയായി...മറ്റിടങ്ങളില്‍ നിന്നും വ്യത്യസ്തമായി  ഒരു വിട്ടു വീഴ്ചക്കും തയ്യാറാകാതെ മാനേജുമെന്‍റ് തികച്ചും നിരുത്തരവാതിത്വ പരമായാണ് ഈ പ്രശ്നത്തെ സമീപിച്ചത്. നിയമ പ്രകാരം നിര്‍ത്തലാക്കിയ ബോണ്ട് സമ്പ്രദായം ഇന്നും തുടരുന്നു...സര്‍ക്കാര്‍ ഉത്തരവുകള്‍  പ്രകാരമുള്ള ശമ്പളം നല്കാന്‍ തയ്യാറാകുന്നില്ല...തുടങ്ങിയ കാര്യങ്ങള്‍ തുടരുന്നതിനോടൊപ്പം ഗുണ്ടകളെ വിട്ടു ആക്രമിക്കാനും ആശുപത്രിയിലെ പെണ്‍കുട്ടികളുടെ ഹോസ്റ്റല്‍ കുത്തിപോളിച്ചു താമസയോഗ്യം അല്ലാതെ ആക്കുന്ന തരത്തിലുള്ള നെറികെട്ട കാര്യങ്ങള്‍ വരെ ഉണ്ടായി..

പൂ മാല ഇട്ടു അലങ്കരിച്ച ക്രിസ്തു ചിത്രം കണ്ടോ....!!!




സമരം 90 ദിവസം പിന്നിട്ടപോള്‍ ഇറങ്ങിയ ഒരു പത്രം, ചിത്രത്തില്‍ ഗുണ്ട ആക്രമണത്തില്‍ കൈ ഓടിഞ കുട്ടിയെയും കാണാം.  

ഇതും ഇതിലിരട്ടിയും സഹിച്ചും ക്ഷെമിച്ചുമാണ് കഴിഞ്ഞ ദിവസങ്ങളില്‍ സമരം മുന്നോട്ടു പോയത്...ക്ഷെമയുടെ നെല്ലിപലക കണ്ടപ്പോഴാണ് ആ കുട്ടികള്‍ ഇത്തരം ഒരു സാഹസത്തിനു മുതിര്‍ന്നത്. ഈ വിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം...സഭയുടെ കുഞ്ഞാടായ ഷെവലിയര്‍ ടി. യു കുരുവിള എന്നാ കോതമംഗലം M.L.A  ജനാതിപത്യപരമായി ജനങ്ങള്‍ക്കൊപ്പം നില്‍ക്കണം , കേവലം വോട്ടു ബാങ്ക് നോക്കി നിങ്ങള്‍ ന്യായാ അന്യായങ്ങള്‍ നിശ്ചയിച്ചാല്‍ ജനം വേണ്ടും കഴുതകളായി മാറും, അതിന്  ഇടവരരുത്.  
   
 മാമോദീസക്കും കല്യാണത്തിനും മരണത്തിനും തുടങ്ങി ജീവിതത്തിലെ ഒട്ടു മിക്ക ആവശ്യങ്ങള്‍ക്കും  പള്ളിയെ സമീപികേണ്ടി വരുന്ന കേവല വിശ്വാസിയെ പള്ളിയെ അനുസരിച്ചാല്‍ കിട്ടുന്ന സ്വര്‍ഗ്ഗവും നിഷേധിച്ചാല്‍ ലഭിക്കുന്ന നരകവും കാട്ടി നിങ്ങള്‍ കൂടെ നിര്‍ത്തി...ഏതെങ്കിലും കാരണവശാല്‍  പള്ളി എതിരാകുന്നവര്‍ക്ക് നിങ്ങള്‍ അവസാന ആറടി മണ്ണിനു തെമ്മാടി കുഴി ചൂണ്ടി കാട്ടി...സഭ തര്‍ക്കങ്ങളിലും പള്ളിയും വ്യാപാര സ്ഥാപനങ്ങളും  നഷ്ടമാകുന്നതോര്‍ത്തു ഉപവാസയന്ജങ്ങളും പ്രാര്‍ത്ഥന കൂടയ്മകളും  സംഘടിപ്പിക്കാന്‍ ചിലവഴിച്ച സമയത്തിന്‍റെ നൂറിലൊന്നു സ്വന്തം സ്ഥാപനത്തില്‍ എല്ലുമുറിയെ പണിയെടുക്കുന്ന സാദാരണകാരന്‍റെ മക്കളുടെ കണ്ണീരൊപ്പാന്‍  ചിലവഴിച്ചിരുന്നു എങ്കില്‍ എന്ന് ഒരു യകൊബായ വിശ്വാസ കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന ഒരാളെന്ന നിലയില്‍ ഞാന്‍ വെറുതെ ആശിച്ചു പോകുന്നു...
   സമരഭടന്മാര്‍ക്ക് അഭിവാദ്യങ്ങള്‍ .....നഷ്ടപ്പെടുവാന്‍ ഇല്ലെന്നോന്നും ഈ കൈ വിലങ്ങുകള്‍ അല്ലാതെ....